Youth Zone - 2024
പ്രതിരോധ പ്രവർത്തങ്ങളുമായി പാലാ രൂപത യുവജനങ്ങൾ: മാസ്കുകൾ നിർമിച്ചു വിതരണം ചെയ്തു
സ്വന്തം ലേഖകന്‍ 06-05-2020 - Wednesday
പാലാ: പാലാ രൂപതയുടെ എസ്എംവൈഎം -കെസിവൈഎം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപതയിലെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ നിർമ്മിച്ച മാസ്കുകൾ, രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വത്തിന് കൈമാറി. പാലാ നഗരത്തിലെ പോലീസ് സേന, ശുചീകരണ പ്രവർത്തകർ, വ്യാപാരികൾ, സ്ഥാപനങ്ങളിലെ സ്റ്റാഫുകൾ എന്നിങ്ങനെ എല്ലാ പൊതുജനസേവകർക്കും ഇവ വിതരണം ചെയ്യും.
സോഷ്യൽ മീഡിയായിലൂടെയും ലീഫ് ലെറ്റുകളിലൂടെയുമുള്ള ബോധവൽക്കരണം നടത്തിയ യുവജനങ്ങൾ പിന്നീട് മാസ്ക് നിർമാണവും പൂർത്തിയാക്കുകയായിരിന്നു. കമ്മ്യൂണിറ്റിക്ക് കിച്ചണുകൾക്കും പാവപ്പെട്ടവർക്കും സഹായം നൽകുവാനും, ഹാൻഡ് വാഷ്- സാനിടൈസർ എന്നിവയുടെ നിർമ്മാണത്തിനുമായി ഏഴ് ലക്ഷം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ യുവാക്കൾ തുടക്കംമുതലേ ചെയ്യുന്ന കാര്യങ്ങൾ ഉപകാരപ്രദവും മാതൃകാപരവുമാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരികളുടെയും അകമഴിഞ്ഞ പൊതുജന സേവനങ്ങളെയും കാരുണ്യപ്രവർത്തനങ്ങളെയും പിതാവ് ചടങ്ങിൽ അനുസ്മരിച്ചു.രൂപതയുടെ കീഴിലെ വിവിധ സഹായ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് ഒരുകോടി പത്തു ലക്ഷത്തോളം രൂപയാണ്. കെ വി വി ഇ എസ് പ്രസിഡന്റും മുൻ എം പിയുമായ ശ്രീ. വക്കച്ചൻ മറ്റത്തിൽ, പാലാ രൂപതയുടെയും യുവജനങ്ങളുടെയും നിസ്വാർത്ഥമായ സേവനങ്ങളെ അനുമോദിച്ചു.
പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, എസ്എംവൈഎം - കെസിവൈഎം രൂപത ഡയറക്ടർ ഫാ. സിറിൽ തയ്യിൽ, പ്രസിഡന്റ് ശ്രീ. ബിബിൻ ചാമക്കാലായിൽ, ജനറൽ സെക്രട്ടറി ശ്രീ. മിജോയിൻ വലിയകാപ്പിൽ വൈസ് പ്രസിഡന്റ് കുമാരി അമലു മുണ്ടനാട്ട്, ഡെപ്യൂട്ടി പ്രസിഡന്റ് ഡിന്റോ ചെമ്പുളായിൽ, സെക്രട്ടറി റോബിൻ താന്നിമലയിൽ,യൂത്ത് വിംഗ് ഭാരവാഹികളായ ജിസ്മോൻ കുറ്റിയാങ്കൽ, ജോൺ ദർശന, എബിസൺ ജോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി സി ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളിൽ, പി ആർഓ ബൈജു കൊല്ലംപറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.