News - 2024
ആധുനിക ലോകത്തെ പ്രീണിപ്പിക്കാൻ സഭയില്‍ ചിലരുടെ ശ്രമം: മുന്നറിയിപ്പുമായി കർദ്ദിനാൾ സാറ
പ്രവാചകശബ്ദം 18-04-2024 - Thursday
യോണ്ടേ: ഇപ്പോഴത്തെ സംസ്കാരത്തോട് ഇഴകി ചേരാൻ എന്ന പേരിൽ ആധുനിക ലോകത്തെ പ്രീണിപ്പിക്കാൻ ചില സഭാ നേതാക്കൾ ശ്രമം നടത്തുകയാണെന്ന് ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. ഏപ്രിൽ ഒന്‍പതാം തീയതി ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ മെത്രാൻ സമിതിയുടെ പ്ലീനറി യോഗത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ ക്രൈസ്തവ വിശ്വാസികളാണെന്ന് നടിക്കുകയും വിശ്വാസപരമായ ആഘോഷങ്ങൾ കൊണ്ടാടുകയും ചെയ്യുന്നുണ്ടെങ്കിലും വിജാതീയരെ പോലെയും വിശ്വാസമില്ലാത്തവരെ പോലെയുമാണ് ജീവിക്കുന്നതെന്നും കർദ്ദിനാൾ സാറ ചൂണ്ടിക്കാട്ടി.
പാശ്ചാത്യ ലോകത്തെ മെത്രാന്മാർക്ക് ലോകത്തെ എതിർക്കുക എന്ന ചിന്ത ഭയപ്പെടുത്തുന്ന ഒന്നാണ്. ലോകത്താൽ സ്നേഹിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നു. ഇതിന് വിരുദ്ധമായ ഒരു സാക്ഷ്യം നൽകാനുള്ള ആഗ്രഹം അവർക്ക് ഇപ്പോൾ ഇല്ല. നമ്മുടെ കാലഘട്ടത്തിലെ സഭ നിരീശ്വരവാദത്തിന്റെ പ്രലോഭനം അനുഭവിക്കുന്നുണ്ടെന്ന് കരുതുകയാണ്. ബൗദ്ധികമായ നിരീശ്വരവാദം അല്ല അത്.
നിഗൂഢവും ഭീതിപ്പെടുത്തുന്നതുമായ ഒരു പ്രത്യേക രൂപഭാവവും ഇല്ലാത്ത പ്രവർത്തിപഥത്തിലെ നിരീശ്വരവാദമാണ്. തുടക്കത്തിൽ ഈ നിരീശ്വരവാദം പ്രശ്നമല്ലാത്തതായി തോന്നാമെങ്കിലും ഇത് അപകടകരമായ ഒരു രോഗമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ആധുനിക സംസ്കാരത്തിൻറെ സിരകളിലൂടെ ഈ നിരീശ്വരവാദം ഓടുന്നുണ്ട്. ഇതിനെപ്പറ്റി നാം ബോധ്യമുള്ളവരായിരിക്കണം. നിരീശ്വരവാദം സത്യവും, അസത്യവും തമ്മിൽ ഒത്തുതീർപ്പിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ഇത് നമ്മുടെ കാലഘട്ടത്തിലെ വലിയൊരു പ്രലോഭനമാണെന്നും സാറ മുന്നറിയിപ്പ് നൽകി.