Faith And Reason - 2024

കാത്തിരിപ്പിന് വിരാമം: മെയ് പതിനെട്ടു മുതൽ ഇറ്റലിയില്‍ ഉപാധികളോടെ ബലിയര്‍പ്പണത്തിന് അനുമതി

ഫാ. ജിന്‍റോ മുരിയങ്കരി 07-05-2020 - Thursday

റോം: കൊറോണ വൈറസ് ഭീതിയിൽ അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ തുറക്കാൻ ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ് പ്രതിനിധികളും ഇറ്റാലിയൻ സർക്കാർ അധികൃതരും തമ്മിലുളള ചർച്ചയിൽ ഒടുവില്‍ ധാരണയായി. മെയ് പതിനെട്ടു മുതൽ ദേവാലയങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ വിശുദ്ധ കുർബാന അർപ്പിക്കുവാനുളള അനുവാദമാണ് ലഭിച്ചത്. വിശ്വാസികളുടെ സുരക്ഷയെപ്രതി ഏതാനും കർശന നിബന്ധനകൾ പാലിക്കാൻ സഭാധികൃതരും വിശ്വാസികളും തയ്യാറാകണമെന്നും സർക്കാർ പ്രത്യേകം ഓർമ്മിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഇറക്കിയിരിക്കുന്ന നിബന്ധനകൾ ഇപ്രകാരമാണ്.

സാമൂഹിക അകലം പാലിക്കുക: ‍ ദൈവാലയത്തിൽ വിശുദ്ധ കുർബാനക്ക് എത്തുന്ന വിശ്വാസികൾ തങ്ങളുടെ മുൻപിലും വശങ്ങളിലും നിൽക്കുന്നവരിൽ നിന്നും കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.

ദൈവാലയ വാതിലിലെ നിയന്ത്രണങ്ങൾ: ‍ ഓരോ പളളിയുടെയും പ്രവേശനകവാടത്തിൽ, മാസ്കും ഗ്ലൗസും ധരിച്ച സന്നദ്ധപ്രവർത്തകർ ഉണ്ടായിരിക്കണം. ഓരോ പളളിയുടെയും സ്ഥലപരിമിതകൾ മനസ്സിലാക്കി, സാമൂഹികഅകലം ഉറപ്പുവരുത്തുന്ന രീതിയിൽ വിശ്വാസികളുടെ എണ്ണമെടുത്തു പ്രവേശനം അനുവദിക്കുക എന്നതാണ് അവരുടെ ദൗത്യം.

രണ്ടു വാതിലുകൾ: പളളിയിൽ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും രണ്ടു വ്യത്യസ്ത വാതിലുകളിലൂടെയായിരിക്കണം. കൂടാതെ, ഈ സമയത്ത് വിശ്വാസികൾ പരസ്പരം ഒന്നരമീറ്റർ അകലം കർശനമായി പാലിക്കണം.

മാസ്ക് നിർബന്ധം: ‍ പളളിയിൽ പ്രവേശിക്കുന്നവർ മാസ്ക് നിർബന്ധമായി ധരിക്കണം.

പനിയുളളവർക്കുളള നിയന്ത്രണം: പനിയുടെ രോഗലക്ഷണമുളളവരും, 37.5 ൽ കൂടുതൽ ശാരീരിക ഉഷ്മാവുളളവരും, മുൻദിവസങ്ങളിൽ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരും ദൈവാലയത്തിൽ എത്താൻ പാടില്ല എന്ന് വൈദികർ വിശ്വാസികളെ പ്രത്യേകം അറിയിക്കണം.

അംഗപരിമിതർക്കുളള പ്രത്യേക സീറ്റുകൾ: ‍ അംഗപരിമിതരായ വിശ്വാസികളുടെ പങ്കാളിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പളളിയിൽ അവർക്ക് പ്രത്യേക സീറ്റുകൾ ഒരുക്കണം.

സാനിറ്റൈസർ ക്രമീകരിക്കുക: പളളിയിൽ സാനിറ്റൈസർ വിശ്വാസികളുടെ ഉപയോഗത്തിനായി ലഭ്യമാക്കണം. കൂടാതെ പളളിയും ശുദ്ധീകരിക്കണം.

ലിറ്റർജിയിലുളള നിയന്ത്രണങ്ങൾ: ‍ വി. കുർബാന മദ്ധ്യേ സമാധാനം ആശംസ കൈമാറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വി. കുർബാന വിശ്വാസികൾക്ക് നല്കുന്നതിന് മുൻപായി വൈദികൻ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യണം. നേർച്ചപണം ഇരിപ്പിടങ്ങളിൽ നേരിട്ട്ചെന്ന് ശേഖരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്തിക്കൊണ്ട് വിശുദ്ധ കുമ്പസാരം നടത്താവുന്നതാണ്.

വിവാഹം, മാമ്മോദീസാ, മൃതസംസ്കാരം: ‍ ഇവിടെ പ്രതിപാദിച്ച എല്ലാ നിയമങ്ങളും പളളിയിൽ വച്ചു നടത്തപ്പെടുന്ന മാമ്മോദീസാകൾക്കും വിവാഹങ്ങൾക്കും മൃതസംസ്കാരശുശ്രൂഷകൾക്കും ബാധകമാണ്. കൂടാതെ, സാധിക്കുന്നതും തുറന്ന സ്ഥലത്ത് ഈ ശുശ്രൂഷകൾ നടത്തുവാൻ ശ്രദ്ധിക്കണം. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ, ഞായറാഴ്ചകളിലും കടമുളള തിരുനാൾ ദിനങ്ങളിലും തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും പ്രായമുളളവർക്കും ആരോഗ്യപ്രശ്നമുളളവർക്കും ഒഴിവുണ്ടെന്നുളള കാര്യം വിശ്വാസികളെ വൈദികർ അറിയിക്കണം.

ഇറ്റലിയിൽ, മെയ് നാലുമുതൽ ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ അനുവദിച്ചതിനുശേഷം നടത്തിയ ചർച്ചകളിലാണ് പളളികൾ തുറക്കുവാനുളള തീരുമാനത്തിലേക്ക് ഇറ്റാലിയൻ സർക്കാർ എത്തിയത്. ഏകദേശം രണ്ടു മാസങ്ങളായി വി.കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാത്ത അനേകായിരം വിശ്വാസികൾക്ക് ഈ തീരുമാനം സന്തോഷപ്രദമാണ്. കൂടാതെ, കോവിഡിന്റെ കരാളഹസ്തത്തിൽ അകപ്പെട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി, പളളിയിൽ നേരിട്ടുപോയി പ്രാർത്ഥനാശുശ്രൂഷകൾ നടത്തുവാൻ സാധിക്കുമെന്നതും അവർക്കു ആശ്വാസം നല്കുന്നു.

More Archives >>

Page 1 of 33