Faith And Reason - 2024

'മാറ്റമില്ലാത്ത അത്ഭുതം' തുടരുന്നു: വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട വീണ്ടും രക്തം

സ്വന്തം ലേഖകന്‍ 04-05-2020 - Monday

റോം: ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷി വിശുദ്ധ ജാനുയേരിയസിന്റെ ഖരരൂപത്തിലുള്ള രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം പതിവ് തെറ്റിക്കാതെ വീണ്ടും ആവര്‍ത്തിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അത്ഭുതം ആവര്‍ത്തിച്ചത്. കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ ദേവാലയത്തില്‍ നടന്ന അത്ഭുതത്തെക്കുറിച്ചുള്ള വാര്‍ത്ത നേപ്പിള്‍സ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ക്രെസെന്‍സിയോ സെപ്പെ തന്നെയാണ് പുറത്തുവിട്ടത്. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്.

അത്ഭുതം സംഭവിച്ച ഉടന്‍ തന്നെ കര്‍ദ്ദിനാള്‍ സെപ്പെ അസംപ്ഷന്‍ ഓഫ് മേരി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും തത്സമയ സംപ്രേഷണം നടത്തുകയും ചെയ്തു. പ്ലേഗ്, കോളറ പോലെയുള്ള മഹാമാരികളില്‍ നിന്നും വിശുദ്ധന്റെ ഇടപെടല്‍ നിരവധി തവണ നഗരവാസികളെ രക്ഷിച്ചിട്ടുണ്ടെന്നും, വിശുദ്ധ ജാനുയേരിയസ് നേപ്പിള്‍സിന്റെ യഥാര്‍ത്ഥ ആത്മാവാണെന്നും പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ദിവ്യബലിക്ക് ശേഷം വിശുദ്ധന്റെ അത്ഭുത തിരുശേഷിപ്പുമായി നഗരത്തെ ആശീര്‍വദിച്ചു. അത്ഭുതം നടക്കുമ്പോള്‍ ചുവപ്പ് നിറത്തില്‍ ഉണങ്ങി ഖരരൂപത്തിലിരിക്കുന്ന വിശുദ്ധന്റെ രക്തപിണ്ഡം അലിഞ്ഞ് ദ്രവരൂപത്തിലായി തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ പടരുകയാണ് ചെയ്യുന്നത്.

മൂന്നാം നൂറ്റാണ്ടിലെ മെത്രാനായ വിശുദ്ധ ജാനുയേരിയസ് നേപ്പിള്‍സ് നഗരത്തിന്റെ മാധ്യസ്ഥ വിശുദ്ധനാണ്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനത്തിനിടയില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്റെ എല്ലുകളും രക്തവും തിരുശേഷിപ്പായി നേപ്പിള്‍സിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.

More Archives >>

Page 1 of 32