Social Media

ജപമാലക്കു ശേഷം ചൊല്ലേണ്ട പ്രാര്‍ത്ഥന: ഫ്രാന്‍സിസ് പാപ്പ തയാറാക്കിയ പ്രാര്‍ത്ഥനകളുടെ മലയാള വിവര്‍ത്തനം

സ്വന്തം ലേഖകന്‍ 26-04-2020 - Sunday

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവൻ കൊറോണയുടെ പിടിയിൽ അമർന്നിരിക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തിൽ കുടുംബങ്ങളില്‍ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിൻ്റെ പ്രാധാന്യത്തെപ്പറ്റി ഫ്രാന്‍സിസ് പാപ്പ ഇന്നലെ കത്തിലൂടെ വ്യക്തമാക്കിയിരിന്നു. വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ജപമാലക്കുശേഷം ആഗോള കത്തോലിക്ക സമൂഹം പ്രാർത്ഥിക്കേണ്ട രണ്ട് പ്രാർത്ഥനകളും ഫ്രാന്‍സിസ് പാപ്പ കത്തില്‍ സൂചിപ്പിച്ചിരിന്നു. ആ പ്രാര്‍ത്ഥനകളുടെ മലയാള വിവർത്തനം താഴെ നല്‍കുന്നു.

ഒന്നാമത്തെ പ്രാർത്ഥന ‍

ഓ മറിയമേ, എപ്പോഴും നീ ഞങ്ങളുടെ പാതയിൽ തിളങ്ങുന്നു, നീ രക്ഷയുടെയും പ്രത്യാശയുടെയും അടയാളമാണ്. ഞങ്ങൾ നിന്നിൽ ആശ്രയിക്കുന്നു ഒപ്പം, രോഗികളായവരുടെ ആരോഗ്യവും നിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നു. നിൻ്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിൻ്റെ വേദനകളിൽ അമ്മേ, നീയും പങ്കുപറ്റിയില്ലേ! കഷ്ടതകളിൽ കൂടി കടന്നു പോകുന്ന ഈ ജനതയുടെ രക്ഷയ്ക്കുവേണ്ടി എന്താണ് വേണ്ടതെന്ന് നിനക്കറിയാംഅമ്മേ, നീ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കാരണം, ഗലീലിയിലെ കാനായിൽ എന്നപോലെ ഈ പരീക്ഷണകാലഘട്ടം കഴിഞ്ഞ് സന്തോഷവും ആഘോഷവും മടങ്ങിവരട്ടെ.

പിതാവിന്റെ ഹിതത്തിന് അനുസൃതമായി യേശു ഞങ്ങളോടു പറയുന്നതു ചെയ്യാൻ ദിവ്യസ്നേഹത്തിന്റെ മാതാവേ, ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ സഹനങ്ങൾ സ്വയം ഏറ്റെടുത്ത ക്രിസ്തു പുനരുത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് ഞങ്ങളെ നയിക്കാൻ കുരിശിലൂടെ ഞങ്ങളുടെ വേദനകൾ ഏറ്റെടുത്തു. ദൈവത്തിന്റെ പരിശുദ്ധ അമ്മയായ നിന്റെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു. നിരവധി പരീക്ഷണങ്ങളെ നേരിടുന്ന ഞങ്ങളുടെ അപേക്ഷകളെ ഉപേക്ഷിക്കരുതേ, മഹത്വപൂർണ്ണയും അനുഗൃഹീതയുമായ പരി. കന്യകയേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ. ആമേൻ.

രണ്ടാമത്തെ പ്രാർത്ഥന: ‍

ദൈവത്തിന്റെ പരിശുദ്ധ അമ്മയായ നിന്റെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു. കന്യാമറിയമേ, ഈ കൊറോണ വ്യാധിയുടെ പിടിയിലായിരിക്കുന്ന ഞങ്ങളുടെ മേൽ നിൻ്റെ കരുണയുള്ള കണ്ണുകൾ തിരിക്കുക. പ്രിയപ്പെട്ടവരുടെ മരണവും, മനസ്സിനെ ഭാരപ്പെടുത്തുന്ന തരത്തിൽ ചില സാഹചര്യങ്ങളിൽ ഉണ്ടായ മൃതസംസ്കാരവും ഓർത്ത് വേദനയിലും ദു:ഖത്തിലും കഴിയുന്നവരെ ആശ്വസിപ്പിക്കണമേ. രോഗം മൂലം ദുരിതമനുഭവിക്കുന്നവരെയും അമ്മേ, നീ പിന്തുണയ്ക്കണമേ. പകർച്ചവ്യാധി തടയാനുള്ള പരിശ്രമത്തിൽ പ്രിയപ്പെട്ടവരിൽ നിന്ന് അകറ്റപ്പെട്ടവരെയും ഭാവിയെക്കുറിച്ച് ആകുലതപ്പെടുന്നവരെയും സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം മൂലം ജോലിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഓർത്ത് വിഷമിക്കുന്നവരെയും അമ്മേ, നീ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കണമേ.

ഈ കഠിനമായ പരീക്ഷണങ്ങൾ അവസാനിച്ച് പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഒരു പുതിയ ചക്രവാളം ആരംഭിക്കാൻ ദൈവത്തിൻ്റെയും ഞങ്ങളുടെയും അമ്മയായ പരി. കന്യാമറിയമേ, കരുണയുള്ള പിതാവിന്റെ മുമ്പിൽ നീ ഞങ്ങൾക്കായി യാചിക്കുമോ..? നിൻ്റെ ദിവ്യപുത്രനോടൊപ്പം, കാനായിലെന്നപോലെ ഇടപെടണമേ. രോഗികളുടെയും മരണത്തിന് ഇരയായവരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവരുടെ ഹൃദയം വിശ്വസത്തിലേക്ക് തുറക്കാനും നിൻ്റെ പ്രിയ പുത്രനോട് ആവശ്യപ്പെടണമേ.

പകർച്ചവ്യാധിമൂലം കഷ്ടത അനുഭവിക്കുന്ന ഈ കാലയളവിൽ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരെ അമ്മേ, നീ സംരക്ഷിക്കണമേ. അപരൻ്റ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കി മുൻപന്തിയിൽ നിന്ന് സേവനം ചെയ്യുന്ന അവരുടെ വീരോചിതമായ പരിശ്രമത്തിനൊപ്പം അവർക്ക് ശക്തിയും നന്മയും ആരോഗ്യവും നൽകണമേ.

രാവും പകലും രോഗികളെ സഹായിക്കുന്നവരോടൊപ്പവും, സുവിശേഷത്തോടുള്ള പ്രതിജ്ഞാബദ്ധതയോടെ എല്ലാവരെയും സഹായിക്കാനും പിന്തുണയ്ക്കാനും പരിശ്രമിക്കുന്ന പുരോഹിതരോടൊപ്പവും അമ്മേ, നീ ആയിരിക്കണമെ. പരി. കന്യകാമാതാവേ, ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും മനസ്സിനെ നീ പ്രകാശിപ്പിക്കുന്നതുവഴി ഈ വൈറസിനെ കീഴ്പ്പെടുത്താനുള്ള യഥാർത്ഥ പരിഹാരമാർഗം കണ്ടെത്തുന്നതിന് ഇടവരട്ടെ.

ദാരിദ്ര്യം മൂലം ജീവിക്കാൻ കഷ്ടപ്പെടുന്നവരെ ജ്ഞാനത്താലും ഉദാരമനസ്കതയാലും, ഉത്കണ്ഠയോടെയും സഹായിക്കാനും, സാമൂഹിക - സാമ്പത്തിക പരിഹാരങ്ങൾ ആസൂത്രണം ചെയ്യുകവഴി ദീർഘവീക്ഷണത്തോടെ ഐക്യദാർഢ്യത്തോടെയും പ്രവർത്തിക്കാനും അമ്മേ, എല്ലാ രാഷ്ട്രനേതാക്കളെയും നീ സഹായിക്കണമേ.

പരി. കന്യകാമറിയമേ, രാഷ്ട്രനേതാക്കൻമാരുടെ മനസ്സാക്ഷിയെ നീ സ്പർശിക്കണമേ. ആയുധശക്തി വർദ്ധിപ്പിക്കാനായി ചെലവിടുന്ന പണം ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുവാനുള്ള പഠനങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി അവർ വിനിയോഗിക്കട്ടെ.

പ്രിയപ്പെട്ട അമ്മേ, ലോകം എന്ന വലിയ ഒരു കുടുംബത്തിലെ അംഗമാണെന്ന ചിന്തയിലും, പ്രത്യേകിച്ച് എല്ലാവരെയും ഒന്നിപ്പിക്കുന്ന ബന്ധത്തെക്കുറിച്ചുള്ള സ്വയാവബോധത്തിലും, വളർന്നു വരുവാൻ ഞങ്ങളെ സഹായിക്കണമേ. കാരണം സാഹോദര്യ മനോഭാവത്തോടെയുംഐക്യദാർഢ്യത്തോടെയും നിരവധി ദരിദ്രരെയും, ദുരിതത്തിൽ പെട്ടിരിക്കുന്നവരെയും സഹായിക്കാൻ ഞങ്ങൾക്ക് ഇതുവഴി സാധിക്കും. വിശ്വാസത്തിലുള്ള ഉറച്ച പ്രോത്സാഹനവും, അപരനെ സേവിക്കുന്നതിലുള്ള സ്ഥിരോത്സാഹവും, പ്രാർത്ഥനയിലുള്ള സ്ഥിരതയും ഞങ്ങൾക്ക് നൽകണമേ.

ഓ മറിയമേ. എളിയവരുടെ സങ്കേതമേ, അങ്ങേ കരവലയത്തിൽ നിൻ്റെ എല്ലാ വേദനിക്കുന്ന മക്കളെയും കാത്തുകൊള്ളണമേ. ഈ ഭയാനകമായ പകർച്ചവ്യാധിയിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കാൻ സർവശക്തനായ ദൈവം തൻ്റെ ശക്തമായ കരങ്ങളോടെ കടന്നുവരുവാൻ നീ ഇടയാക്കണമെ.. അങ്ങനെ ശാന്തമായതും സാധാരണ ഗതിയിലുള്ളതുമായ ഒരു ജീവിതം പുനരാരംഭിക്കാൻ ഇടവരുത്തണമെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ പാതയിൽ തിളങ്ങുന്ന നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു, കരുണയും, വാത്സല്യവും, മാധുര്യവും നിറഞ്ഞ കന്യാമറിയമേ ആമേൻ.

പ്രാര്‍ത്ഥനയുടെ വിവര്‍ത്തനം: ‍ സി. സോണിയ തെരേസ് ഡി. എസ്. ജെ


Related Articles »