Faith And Reason
പകർച്ചവ്യാധിയില്‍ നിന്ന് വിടുതല്‍ യാചിച്ചുള്ള പാപ്പയുടെ ജപമാല സമര്‍പ്പണത്തില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം
പ്രവാചക ശബ്ദം 31-05-2020 - Sunday
വത്തിക്കാന്‍ സിറ്റി: കോവിഡ് 19 പകർച്ചവ്യാധിയില്‍ നിന്നു വിടുതല്‍ യാചിച്ചുകൊണ്ട് ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഇന്നലെ നടന്ന ആഗോള ജപമാല പ്രാർത്ഥനയില്‍ ലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം. വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകിയ ജപമാല സമര്‍പ്പണത്തില്‍ അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും, ഏഷ്യയിൽ നിന്നുമടക്കം ഏകദേശം അന്‍പതോളം തീർത്ഥാടന കേന്ദ്രങ്ങളും ഭാഗമായി മാറി.
മാസ്ക്കുകൾ ധരിച്ച് ഏതാനും പേർ മാത്രമാണ് പാപ്പയോടൊപ്പം ലൂർദ് മാതാ ഗ്രോട്ടോയുടെ മുന്നിലിരുന്ന് ജപമാല സമര്‍പ്പണത്തില്‍ നേരിട്ടു പങ്കെടുത്തതെങ്കിലും ലക്ഷകണക്കിന് വിശ്വാസികള്‍ വത്തിക്കാന്‍ മീഡിയ അടക്കമുള്ള വിവിധ യൂട്യൂബ് ചാനലുകളിലൂടെയും ഫേസ്ബുക്ക് പേജുകളിലൂടെയും തത്സമയം പങ്കുചേര്‍ന്നു. പ്രവാചകശബ്ദത്തിന്റെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേക്ഷണം ഒരുക്കിയിരിന്നു.
കൊറോണയിൽ നിന്ന് മുക്തി നേടിയവരും പാപ്പയോടൊപ്പം ജപമാലയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ലൂര്‍ദ് ഗ്രോട്ടോയില്‍ എത്തിയിരിന്നു. ഫ്രാൻസിലെ ലൂർദ് തീർത്ഥാടന കേന്ദ്രത്തിൽ നിന്നും കൊണ്ടുവന്ന അതേ ബലിപീഠമാണ് വത്തിക്കാനിലെ ലൂർദ് മാതാ ഗ്രോട്ടോയിലും ഉപയോഗിച്ചത്. കാനായിലെ വിവാഹ വിരുന്നിലേതുപോലെ, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഇരകളാക്കപ്പെട്ടവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പരിശുദ്ധ അമ്മ മാധ്യസ്ഥം വഹിക്കണമേയെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു.
ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, സന്നദ്ധ പ്രവർത്തകരെയും ജപമാല സമര്‍പ്പണത്തില്‍ പ്രത്യേകം സ്മരിച്ചിട്ടുണ്ട്. നവ സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള തിരുസംഘമാണ് ജപമാല പ്രാർത്ഥന സംഘടിപ്പിച്ചത്. "ഡിവോട്ടട്ട് വിത്ത് വൺ അക്കോർഡ് ടു പ്രയർ, ടുഗദർ വിത്ത് മേരി" എന്നതായിരുന്നു ആഗോള ജപമാല പ്രാർത്ഥനയുടെ പ്രമേയം. 2017 മുതൽ കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന നവ സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള തിരുസംഘമാണ് വിശേഷാൽ ജപാല സമര്‍പ്പണത്തിന് ചുക്കാന്‍ പിടിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക