News - 2024

കര്‍ദ്ദിനാള്‍ സാറ ആരാധന തിരുസംഘത്തെ തുടര്‍ന്നും നയിക്കും: രാജി കത്ത് പാപ്പ സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ട്

പ്രവാചക ശബ്ദം 18-06-2020 - Thursday

വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ തിങ്കളാഴ്ച എഴുപത്തിയഞ്ച് വയസ്സു പൂര്‍ത്തിയാക്കിയ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ, വത്തിക്കാന്‍ ആരാധന തിരുസംഘത്തെ തുടര്‍ന്നും നയിക്കുമെന്ന് സൂചന. വിരമിക്കല്‍ പ്രായമെത്തിയതിനെ തുടര്‍ന്നു കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് നല്‍കിയ രാജി കത്ത് മാര്‍പാപ്പ സ്വീകരിച്ചില്ലെന്നാണ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ‌സി‌ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിക്കൊണ്ട് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.



"എന്റെ ജന്മദിനത്തിൽ ലോകമെമ്പാടും നിന്ന് ലഭിച്ച സന്ദേശങ്ങൾക്ക് നന്ദി. നമുക്ക് ക്രിസ്തുവിനോടൊപ്പം പാത തുടരാം. ആരാധനയ്ക്കയുള്ള തിരുസംഘത്തില്‍ സഭയ്ക്കുള്ളിൽ എന്റെ ശുശ്രൂഷ തുടരുന്നതിൽ സന്തോഷമുണ്ട്. മാർപാപ്പയ്ക്കുവേണ്ടി എപ്പോഴും പ്രാർത്ഥിക്കുക"- എന്നാണ് കര്‍ദ്ദിനാളിന്റെ ട്വീറ്റ്.

You may like: ‍ തിരുസഭ വലിയ പ്രതിസന്ധികള്‍ക്ക് നടുവിലോ? ഉത്തരവുമായി കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ

നിലവില്‍ 75 വയസ്സു പിന്നിട്ടിട്ടും വത്തിക്കാന്‍ തിരുസംഘത്തില്‍ ശുശ്രൂഷ തുടരുന്ന ആറ് കര്‍ദ്ദിനാളുമാര്‍ സഭയിലുണ്ട്. അതേസമയം ആരാധന തിരുസംഘത്തില്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ശുശ്രൂഷ തുടരുമെന്ന റിപ്പോര്‍ട്ട് വിശ്വാസികള്‍ ഏറെ ആഹ്ലാദത്തോടെയാണ് നോക്കി കാണുന്നത്. വിശ്വാസപരമായ കാര്യങ്ങളില്‍ ശക്തമായ വീക്ഷ്ണമുള്ള കര്‍ദ്ദിനാള്‍ സാറയുടെ വാക്കുകള്‍ക്കു ആഗോള കത്തോലിക്ക സമൂഹത്തിനു ഇടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. 2014 നവംബര്‍ 23നു ഫ്രാന്‍സിസ് പാപ്പയാണ് ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയെ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവനായി നിയമിച്ചത്.


Related Articles »