Life In Christ
സാത്താൻ സേവകര്‍ ക്രൂരമായി കൊലപ്പെടുത്തിയ സന്യാസിനിയെ മാർപാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 20-06-2020 - Saturday
വത്തിക്കാന്‍ സിറ്റി: സാത്താനിക ആരാധനയ്ക്കായി കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ ക്രൂരമായി കൊലപ്പെടുത്തിയ മരിയ ലൗറ മൈനൈറ്റി എന്ന കത്തോലിക്കാ സന്യാസിനിയെ ഫ്രാൻസിസ് മാർപാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. രണ്ടായിരത്തിലാണ് ഇറ്റലിയിലെ ചിയാവന്നയിലുളള പാർക്കിൽ അറുപത് വയസുള്ള സിസ്റ്റർ മരിയ കൊല ചെയ്യപ്പെടുന്നത്. പിന്നീട് മൂന്ന് പെൺകുട്ടികളും പോലീസ് പിടിയിലാവുകയും, വിചാരണക്ക് ശേഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. മൂവരെയും സൺഡേ സ്കൂളിൽ സിസ്റ്റർ മരിയ ലൗറ പഠിപ്പിച്ചിരുന്നു. ആ പരിചയം മുതലെടുത്താണ് പെൺകുട്ടികൾ സിസ്റ്ററിനെ പാർക്കിലേക്കു ക്ഷണിച്ചത്.
പെൺകുട്ടികളിൽ ഒരാൾ പീഡിപ്പിക്കപ്പെട്ടുവെന്നും, അവൾ ഗർഭിണിയാണെന്നും, ഇതിനെക്കുറിച്ച് സംസാരിക്കണമെന്നും പറഞ്ഞായിരിന്നു സിസ്റ്ററിനെ പ്രതികള്‍ വിളിച്ചു വരുത്തിയത്. പാർക്കിൽവെച്ച് അവർ ബലപ്രയോഗത്തിലൂടെ സിസ്റ്ററുടെ തല സമീപത്തെ ഭിത്തിയിൽ പലപ്രാവശ്യം ശക്തമായി ഇടിപ്പിച്ചും മുട്ടുകുത്തി നിർത്തി കട്ട ഉപയോഗിച്ച് ശക്തമായി അടിച്ചും ആക്രമണം തുടരുകയായിരിന്നു. ഇതിനു ശേഷം മൂന്നു പെൺകുട്ടികളും മാറിമാറി മരിയ ലൗറയെ പലപ്രാവശ്യം കുത്തി. 19 കുത്തുകളാണ് സിസ്റ്റര്‍ക്ക് മരിയയ്ക്ക് ഏറ്റത്. മൂവരും ആറ് പ്രാവശ്യം വീതം കുത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് 666 എന്ന പൈശാചിക സംഖ്യ രൂപപ്പെടുത്താൻ വേണ്ടി ആയിരുന്നു.
മരണ സമയത്തും സിസ്റ്ററുടെ അവസാന വാക്കുകൾ പ്രാര്‍ത്ഥനയായിരിന്നു. തനിക്കെതിരെ ആക്രമണം നടക്കുന്ന സമയത്തെല്ലാം പെൺകുട്ടികൾക്ക് മാപ്പു നൽകണമെന്ന് സിസ്റ്റർ മരിയ ലൗറ പ്രാർത്ഥിക്കുകയായിരുന്നു. പ്രതികള്‍ ആദ്യം ഇടവക വൈദികനെയാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടതെങ്കിലും, അത് ബുദ്ധിമുട്ടായിരിക്കുമെന്ന് മനസ്സിലാക്കി പിന്മാറുകയായിരുന്നു. പീന്നീട് നടന്ന അന്വേഷണത്തിൽ മൂന്ന് പെൺകുട്ടികളുടെയും നോട്ട്ബുക്കുകളിൽ നിന്നും സാത്താനിക കുറിപ്പുകൾ പോലീസ് കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് അവർ രക്തപ്രതിജ്ഞ ചെയ്തിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. ശിക്ഷാകാലയളവ് കഴിഞ്ഞു മൂന്നു പേരും ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ട് ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ കുടുംബ ജീവിതം നയിക്കുകയാണെന്നാണ് 'കോറെറി ഡെല്ലാ സേറാ' റിപ്പോർട്ട് ചെയ്യുന്നത്.
1939 ഓഗസ്റ്റ് മാസം ഇരുപതാം തീയതിയാണ് സിസ്റ്റർ മരിയ ലൗറയുടെ ജനനം. പതിനെട്ടാമത്തെ വയസ്സില്‍ സന്യാസിനി സഭയിൽ പ്രവേശിച്ച അവര്‍ ചിയാവന്നയിലുളള സിസ്റ്റേഴ്സ് ഓഫ് ദി ക്രോസ് സന്യാസിനി മഠത്തിന്റെ സുപ്പീരിയർ പദവി വഹിച്ചു വരികെയാണ് മരണം വരിച്ചത്. ഇറ്റലിയിലെ നിരവധി നഗരങ്ങളിൽ സിസ്റ്റർ ശുശ്രൂഷ ചെയ്തിട്ടുണ്ട്. പാവങ്ങളുടെ ഇടയിൽ സിസ്റ്റർ മരിയ നടത്തിയ പ്രവർത്തനങ്ങൾ അനേകര്‍ക്ക് ഇന്നും മറക്കാനാവാത്ത ഓര്‍മ്മയാണ്. സര്‍വ്വതും ത്യജിച്ച സിസ്റ്റർ മരണ സമയത്ത് പോലും അക്രമികൾക്ക് വേണ്ടി പ്രാർത്ഥിച്ച് തന്റെ ജീവൻ ബലികൊടുത്തുവെന്ന് എമിരിറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ നേരത്തെ അനുസ്മരിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക