News - 2024
പ്രതിഷേധം അതിരുവിടുന്നു: അമേരിക്കയെ മുന്നേറുവാന്‍ സഹായിച്ച വിശുദ്ധ ജൂനിപെറോയുടെ പ്രതിമ തകര്‍ത്തു
പ്രവാചക ശബ്ദം 22-06-2020 - Monday
സാന്‍ ഫ്രാന്‍സിസ്കോ: അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോയുടെ രൂപം അക്രമികള്‍ തകര്‍ത്തതില്‍ അമേരിക്കയില്‍ ജനരോഷം ശക്തമാകുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് പതിനെട്ടാം നൂറ്റാണ്ടിലെ കത്തോലിക്ക മിഷ്ണറിയായിരുന്ന ജൂനിപെറോ സെറായുടെ പ്രതിമ അക്രമികള്‍ തകര്‍ത്തത്. കയറുകള്‍ ഉപയോഗിച്ച് നിലത്ത് മറിച്ചിട്ട രൂപത്തില്‍ ചവിട്ടുകയും, മുഖം ചുവന്ന പെയിന്റടിച്ച് വികൃതമാക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
വിശുദ്ധ ജൂനിപെറോ ‘യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന്റെ പ്രതീക’മായിരുന്നെന്നും, അദ്ദേഹത്തിന്റെ മിഷ്ണറി ദൗത്യങ്ങള്‍ തദ്ദേശീയരെ നിര്‍ബന്ധിത സേവനങ്ങള്‍ക്ക് പ്രേരിപ്പിച്ചിരുന്നുവെന്നും അവകാശപ്പെട്ടുകൊണ്ടാണ് നൂറോളം വരുന്ന പ്രതിഷേധക്കാര്‍ വിശുദ്ധന്റെ രൂപം തകര്‍ത്തതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, വിശുദ്ധ ജൂനിപെറോ മനുഷ്യാവകാശങ്ങളുടെ വക്താവും, തദ്ദേശീയരെ അടിച്ചമര്‍ത്തലില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഇതിന്റെ തെളിവായി വിശുദ്ധന്‍ മരിച്ചപ്പോള്‍ തദ്ദേശീയര്‍ക്കുണ്ടായ ദുഃഖം ചൂണ്ടിക്കാണിക്കപ്പെടുന്നു. തദ്ദേശീയരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുവാനായി ഒന്‍പതോളം മിഷ്ണറി ദൗത്യങ്ങള്‍ സംഘടിപ്പിച്ച വിശുദ്ധന്‍ സാങ്കേതിക വിദ്യകള്‍ പഠിപ്പിച്ച് സമൂഹത്തെ പുരോഗതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാനും ശക്തമായ ഇടപെടല്‍ നടത്തിയിരിന്നു. “മുന്നേറിക്കൊണ്ടിരിക്കൂ” എന്ന തന്റെ മുദ്രാവാക്യമനുസരിച്ച് ജീവിച്ചുകൊണ്ട് ജനങ്ങളുടെ ഹൃദയത്തില്‍ ഇടംപിടിച്ച വിശുദ്ധ ജൂനിപെറോയുടെ രൂപം തകര്‍ത്തതില്‍ അമേരിക്കയിലെങ്ങും ജനരോഷം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
വിഷയത്തില്‍ പ്രതികരണവുമായി സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വദോര്‍ കോര്‍ഡിലിയോണെയും രംഗത്തെത്തിയിട്ടുണ്ട്. “നമ്മുടെ സമൂഹത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? വംശീയ നീതി ഉറപ്പാക്കുന്നതിനും പോലീസ് അനീതിയുടെ തെറ്റുകള്‍ തിരുത്തുന്നതിനും വേണ്ടിയുള്ള വേണ്ടിയുള്ള ദേശീയ പ്രതിഷേധം അക്രമികളുടെ കൈകളില്‍പ്പെട്ടുവോ?” എന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് സാല്‍വദോര്‍ കോര്‍ഡിലിയോണെയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം കനക്കുകയാണ്. അമേരിക്കന്‍ ദേശീയ ഗാന രചയിതാവ് ഫ്രാന്‍സിസ് സ്കോട്ട് കീയുടെ പ്രതിമയും, മുന്‍ പ്രസിഡന്റ് യൂലിസിസ് എസ്. ഗ്രാന്റിന്റെ രൂപവും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക