Faith And Reason - 2024

പിതൃദിനത്തില്‍ മകന്റെ പാത പിന്തുടര്‍ന്ന് അറുപത്തിരണ്ടുകാരനായ പിതാവും പൗരോഹിത്യം സ്വീകരിച്ചു

പ്രവാചക ശബ്ദം 25-06-2020 - Thursday

വാഷിംഗ്‌ടണ്‍ ഡി.സി: പിതൃദിനത്തില്‍ മകന്റെ പാത പിന്തുടര്‍ന്നു അറുപത്തിരണ്ടുകാരനായ പിതാവും പൗരോഹിത്യം സ്വീകരിച്ച വാര്‍ത്ത അമേരിക്കന്‍ വിശ്വാസികള്‍ക്ക് ഇടയില്‍ ചര്‍ച്ചാവിഷയമാകുന്നു. ജൂണ്‍ 21നാണ് എഡ്മോണ്ട് ഇല്‍ഗ്, എന്ന പിതാവ് നെവാര്‍ക്ക് അതിരൂപതയിലെ പുരോഹിതനായി പൗരോഹിത്യ പട്ടം സ്വീകരിച്ചത്. മകനും പുരോഹിതനുമായ ഫാ. ഫിലിപ്പും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 2016-ലായിരുന്നു ഫിലിപ്പിന്റെ തിരുപ്പട്ട സ്വീകരണം. 2011-ല്‍ കാന്‍സര്‍ മൂലം ഭാര്യ മരണപ്പെട്ടതിനെ തുടര്‍ന്നാണ്‌ എഡ്മോണ്ട് തന്റെ പുതിയ ദൈവവിളിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.

ഭാര്യയുടെ മരണത്തിനു ശേഷം “എഡ്മോണ്ട് ഒരു പുരോഹിതനായേക്കും” എന്നു കുടുംബ സുഹൃത്ത് പറഞ്ഞതാണ് എല്ലാത്തിന്റേയും തുടക്കമെന്നു അദ്ദേഹം പറയുന്നു. ലൂഥറന്‍ സഭയില്‍ ജനിച്ചു വളര്‍ന്ന എഡ്മോണ്ട് ആത്മീയ കാര്യങ്ങളില്‍ അത്ര സജീവമല്ലായിരുന്നു. വെറും ആറു പ്രാവശ്യം മാത്രമാണ് ശുശ്രൂഷകളില്‍ പങ്കുകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നീട് തന്റെ ഭാവി വധുവുമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുവാന്‍ അവസരം ലഭിച്ചതോടെയാണ് എഡ്മോണ്ട് കത്തോലിക്ക സഭയുമായി അടുക്കുന്നത്. ഭാര്യയുടെ മരണത്തിനു ശേഷം ജയിലിലെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഈ വിളി ശക്തമാകുകയായിരിന്നു. തുടര്‍ന്നു സെമിനാരിയില്‍ ചേര്‍ന്നു.

മകനായ ഫിലിപ്പിനൊപ്പം വൈദികനായിരിക്കുക എന്നത് ഒരു മഹത്തായ ദൈവീക ദാനമാണെന്നു ഫാ. എഡ്മോണ്ട് പറയുന്നു. എന്നാല്‍, തന്റെ പിതാവ് എങ്ങനെ ഒരു പുരോഹിതനായെന്ന് തനിക്കു അറിയില്ലെന്നാണ് മകനായ ഫിലിപ്പ് പറയുന്നത്. പൗരോഹിത്യത്തെക്കുറിച്ച് താന്‍ ഒരിക്കലും പിതാവുമായി സംസാരിച്ചിട്ടില്ലെന്നും എല്ലാം ദൈവഹിതമാണെന്നും ഫാ. ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. നെവാര്‍ക്ക് അതിരൂപതയിലെ വൈദിക നിയമനങ്ങള്‍ സാധാരണഗതിയില്‍ ജൂലൈ ഒന്നിനാണ് നടക്കാറുള്ളതെങ്കിലും കൊറോണയെ തുടര്‍ന്നു സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റിയിരിക്കുന്നതിനാല്‍ തന്റെ പൗരോഹിത്യ ജീവിതത്തിലെ ആദ്യ ദൗത്യത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഫാ. എഡ്മോണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »