News - 2024

ചൈനയിലെ ജയിലിൽ മകന്‍ ശിക്ഷ അനുഭവിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ: നീതി തേടി പിതാവിന്റെ പോരാട്ടം

പ്രവാചകശബ്ദം 04-04-2024 - Thursday

ബെയ്ജിംഗ്: ചൈനയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മകന് നീതിയുക്തമായ വിചാരണ നൽകണമെന്ന ആവശ്യവുമായി പിതാവിന്റെ പോരാട്ടം. വഞ്ചനാ കുറ്റം ചുമത്തപ്പെട്ട് അഴിക്കുള്ളിൽ കഴിയുന്ന കാവോ ജിൻ എന്ന തന്റെ മകനു ക്രൈസ്തവ വിശ്വാസത്തിൻറെ പേരിലാണ് വിചാരണ നേരിടേണ്ടി വരുന്നതെന്ന് പിതാവ് കാവോ ബിൻറ്റിങ്ങ് വെളിപ്പെടുത്തി. അധികൃതരോട് നീതിയുക്തമായ വിചാരണ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ ചൈനയിലെ സാമൂഹ്യ മാധ്യമമായ ബിബോയിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അൻഹൂ പ്രവിശ്യയിലെ കോർണർസ്റ്റോൺ റീഫോർമിഡ് ക്രൈസ്തവ കൂട്ടായ്മയിലെ അംഗമാണ് കാവോ ബിൻറ്റിങ്ങ്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ മാർച്ച് 28നു ചൈന ഏയ്ഡ് എന്ന സംഘടനയാണ് പുറത്തുവിട്ടത്.

വ്യക്തിപരമായ ജീവിതത്തിലും, ജോലിയിലും ഒരിക്കൽ പോലും അനീതി നടത്തിയിട്ടില്ലാത്ത മകൻറെ മേൽ വഞ്ചന കുറ്റം ചുമത്തപ്പെട്ടുവെന്നത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്ന് കാവോ ബിൻറ്റിങ്ങ് പറഞ്ഞു. ജലവിഭവ മന്ത്രാലയത്തിന്റെ ഒരു വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന മകൻ എപ്പോഴെങ്കിലും ആരുടെയെങ്കിലും പക്കൽ നിന്ന് പണം വാങ്ങിയതിന് യാതൊരു തെളിവും ഇല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറെ വർഷങ്ങളായി ശമ്പളത്തിന്റെ ഒരു ഭാഗം ക്രൈസ്തവ കൂട്ടായ്മയ്ക്കു നൽകുന്നുണ്ടായിരുന്നു. കൂടാതെ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ക്രിസ്തീയ കൂട്ടായ്മയിലെ കുടുംബങ്ങളിലും കാവോ ജിൻ സന്ദർശനം നടത്തി തനിക്ക് സാധിക്കുന്ന സഹായം ചെയ്യുമായിരുന്നു.

കൂട്ടായ്മയിലെ പാസ്റ്ററുമായും, മറ്റ് പ്രവർത്തകരുമായും ബന്ധം പുലർത്തിയതിന്റെ പേരിലും, ക്രൈസ്തവ വിശ്വാസത്തിൻറെ പേരിലുമാണ് മകന്റെ മേൽ കുറ്റം ചുമത്തി തടങ്കലിൽ വെച്ചിരിക്കുന്നതെന്ന് പിതാവ് ആരോപിച്ചു. കഴിഞ്ഞ ഏപ്രിൽ മാസം ചോദ്യം ചെയ്യാൻ വിളിച്ചതിനു ശേഷം ജിന്നിനെ പോലീസ് വിട്ടയച്ചിരുന്നു. പാസ്റ്ററുടെയും മറ്റ് ചിലരുടെയും അറസ്റ്റിന് പിന്നാലെ വീണ്ടും അദ്ദേഹത്തെ പോലീസ് വിളിപ്പിക്കുകയായിരുന്നു. അനധികൃതമായ സാമ്പത്തിക ഇടപാടുകൾ നടത്തി എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവം പുലർത്താത്ത ക്രൈസ്തവ സമൂഹങ്ങളെ സാധാരണയായി ഇത്തരത്തിലുള്ള കുറ്റം ചുമത്തിയാണ് അധികൃതർ ഉപദ്രവിക്കുന്നത്. മകൻറെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയില്‍ ആശ്രയിച്ചുള്ള നിയമപോരാട്ടത്തിലാണ് ഈ ക്രൈസ്തവ കുടുംബം.


Related Articles »