News - 2024
ഓസ്‌ട്രേലിയയില്‍ വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള കത്തീഡ്രലിന് നാളെ തറക്കല്ലിടും
02-07-2020 - Thursday
മെൽബൺ: ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭ നിർമിക്കുന്ന സെന്റ് അൽഫോൻസ കത്തീഡ്രലിന്റെ ശിലാസ്ഥാപനകർമം ‘ദുക്‌റാന’ തിരുനാൾ ദിനമായ നാളെ ജൂലൈ മൂന്ന് വൈകിട്ട് 4.30ന് മെൽബൺ സെന്റ് തോമസ് രൂപതാ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ നിർവഹിക്കും. എപ്പിങ്ങിൽ ഹ്യൂം ഫ്രീവേക്ക് സമീപം രണ്ടേ മുക്കാൽ ഏക്കർ സ്ഥലത്താണ് ദേവാലയവും പാരീഷ് ഹാളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. വത്തിക്കാനിൽവെച്ച് ഫ്രാൻസിസ് പാപ്പയാണ് കത്തീഡ്രലിന്റെ അടിസ്ഥാന ശില ആശീർവദിച്ച് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും സീറോ മലബാർ സഭയിലെ മറ്റു ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ മാർ ബോസ്‌കോ പുത്തൂരിന് നൽകിയത്.
ശിലാസ്ഥാപന ചടങ്ങില്‍ വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി എലുവത്തിങ്കൽ, മെൽബൺ സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയും രൂപത കൺസൽറ്ററുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, കത്തീഡ്രൽ നിർമാണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരിക്കും. ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം വിക്ടോറിയൻ പാർലമെന്റ് അംഗവും ഗവൺമെന്റ് വിപ്പുമായ ബ്രോൺവിൻ ഹാഫ്പെന്നി എം. പി നിർവഹിക്കും. സ്വന്തം ദേവാലയം എന്ന ആഗ്രഹം ഏറെ താമസിയാതെ പൂർത്തിയാകും എന്ന വിശ്വാസത്തിലാണ് കത്തീഡ്രൽ ഇടവകാംഗങ്ങൾ.