India - 2025
ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ പ്രതീകാത്മക മെഴുകുതിരി പ്രദിക്ഷണം
15-07-2020 - Wednesday
തിരുവനന്തപുരം: എല്ലാവര്‍ഷവും ജൂലൈ 14ന് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ നടത്തുന്ന മെഴുകുതിരി നേര്‍ച്ച പ്രദിക്ഷണം കോവിഡ് 19 ന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഇത്തവണ നടന്നത് പ്രതീകാത്മകമായി. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെയും വിശ്വാസികളുടെയും പ്രതിനിധിയായി കത്തിച്ച തിരിയുമേന്തി ഈ വര്‍ഷത്തെ മെഴുകുതിരി പ്രദക്ഷിണം ഒറ്റയ്ക്കു നടത്തി. സഭയിലെ മറ്റ് മെത്രാപ്പോലീത്താമാര്‍ക്കും തിരുവനന്തപുരം നഗരം ലോക്ക്ഡൗണ്‍ ആയതിനാല്‍ എത്തിച്ചേരാന്‍ സാധിച്ചിരിന്നില്ല.
വൈകിട്ട് കാതോലിക്കാ ബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് കത്തീഡ്രലില്‍ നിന്നും കത്തിച്ച തിരിയുമായി പ്രാര്‍ത്ഥനാപൂര്‍വം ബാവ നടന്നുനീങ്ങി. കത്തീഡ്രലിനു ചുറ്റും പ്രദക്ഷിണം പൂര്‍ത്തിയാക്കി കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി. സഭയ്ക്കാകമാനമുള്ള ശ്ലൈഹീക ആശീര്‍വാദം തുടര്‍ന്നു നല്‍കി. ഇന്ന് രാവിലെ വിവിധ ശുശ്രൂഷകളോടു കൂടി ഓര്‍മപ്പെരുന്നാള്‍ സമാപിക്കും.