Faith And Reason - 2024

പ്രതിസന്ധിയിലും പതിവ് തെറ്റിക്കാതെ നിക്കരാഗ്വേ ജനത: കടലിലൂടെ മരിയന്‍ പ്രദക്ഷിണം നടത്തി

പ്രവാചക ശബ്ദം 25-07-2020 - Saturday

കൊറോണ പകര്‍ച്ചവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കടലിലൂടെ നടത്താറുള്ള പ്രദക്ഷിണം മുടക്കാതെ നിക്കരാഗ്വേയിലെ തീരദേശ ജനത. നിക്കരാഗ്വേയിലെ സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവകയിലെ വിശ്വാസികളാണ് പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് കടലിലൂടെ നടത്താറുള്ള വാര്‍ഷിക പ്രദക്ഷിണമായ ‘വിര്‍ജെന്‍ ഡെല്‍ കാര്‍മെന്‍’ ഇത്തവണയും ഭക്തിപൂര്‍വ്വം നടത്തിയത്. വൈദികന്റെയും സംഗീതത്തിന്റേയും അകമ്പടിയോടെ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ജൂലൈ 15 രാവിലെ ആരംഭിച്ച പ്രദക്ഷിണം സാന്‍ ജുവാന്‍ ഡെല്‍ സുര്‍ പട്ടണതീരത്തിലൂടെ ‘ലാ ചലാന’, ‘ഗോള്‍ഡന്‍ ഏഞ്ചല്‍’ എന്നീ ബോട്ടുകളിലൂടെ സമുദ്രത്തിലേക്ക് കടന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം സമുദ്രത്തിലൂടെയുള്ള പ്രദക്ഷിണം ഉണ്ടായിരിക്കില്ലെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാര്‍മ്മല്‍ മാതാവിന്റെ തിരുനാളിന്റെ പശ്ചാത്തലത്തില്‍ സമുദ്രത്തിലൂടെ പ്രദക്ഷിണം നടത്തുവാന്‍ ഇടവക ജനത തീരുമാനിക്കുകയായിരുന്നു. ഇതിന് പൂര്‍ണ്ണ പിന്തുണയോടെ മത്സ്യ തൊഴിലാളികളും രംഗത്തു വന്നു. പകര്‍ച്ചവ്യാധിക്കിടയിലുമുള്ള ഇടവക ജനതയുടെ വിശ്വാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും, കഴിഞ്ഞ വര്‍ഷങ്ങളിലേപ്പോലെ ഇക്കൊല്ലം മുഴുവന്‍ വിശ്വാസികള്‍ക്കും പ്രദക്ഷിണത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിലുള്ള ദുഃഖം മാത്രമേയുള്ളുവെന്നും ഇടവക വികാരിയായ ഫാ. മാരിയോ വെഗാ പറഞ്ഞു.

പ്രദക്ഷിണത്തിനിടയില്‍ തനിക്ക് മാതാവിന്റെ മാതൃത്വ സ്നേഹം അനുഭവപ്പെട്ടുവെന്നും ദൈവമാതാവ് തന്റെ പ്രിയമക്കളായ തങ്ങളോടൊപ്പമുള്ളപോലെയാണ് എല്ലാവര്‍ക്കും തോന്നിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രദക്ഷിണത്തിന്റെ തല്‍സമയ സംപ്രേഷണം സമൂഹമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തിരുന്നതിനാല്‍ അനേകം വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഓണ്‍ലൈനില്‍ പങ്കുചേര്‍ന്നു. അതേസമയം പ്രദക്ഷിണത്തിന്റെ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »