Social Media - 2024

പീറ്ററച്ചൻ: ആഫ്രിക്കയിലെ വിശുദ്ധ വിയാനി ഇനി ഓര്‍മ്മ

ഫാ. റിനോജ് വട്ടക്കാനയിൽ സി‌എം‌ഐ 14-08-2020 - Friday

ഞാൻ ഏറെ അത്ഭുതത്തോടും ആദരവോടും കണ്ടിരുന്ന ഒരു വലിയ മിഷനറി ഇന്നലെ (2020 Aug.13) ഈ ലോകത്തോട് യാത്ര പറഞ്ഞ് പിതാവിൻറെ പക്കലേക്ക് യാത്രയായി. ഇന്ന് (Aug14) വാഴക്കുളം ആശ്രമ ദേവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം അടക്കം ചെയ്യപ്പെടുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് മൗനമായി പറയുന്നുണ്ട് 'എൻ്റെ ക്രിസ്തുവിനായി ഞാൻ അധ്വാനിച്ചു, ഇനി എന്റെ പിതാവിൻറെ പക്കലേക്ക് ഞാൻ യാത്രയാവുകയാണ്'.

ബഹുമാനപ്പെട്ട പീറ്റർ അച്ചൻ 1942 ൽ വാഴക്കുളം ആക്കപ്പടി കുടുംബത്തിൽ ജനിച്ചു. 1974ൽ സിഎംഐ വൈദികനായി പട്ടം സ്വീകരിച്ചു. സഭയുടെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായും സഭയുടെ വിവിധ കർമ്മമണ്ഡലങ്ങളിലെ സേവനങ്ങൾക്കുശേഷം 1997ൽ തന്റെ ദൈവവിളിയിലെ സവിശേഷമായ ഉൾവിളിയെ തിരിച്ചറിഞ്ഞ ഒരു ആഫ്രിക്കൻ മിഷനറിയായി സൗത്ത് ആഫ്രിക്കയിലേക്ക് യാത്രതിരിച്ചു

തന്റെ പ്രിയപ്പെട്ടവരെയും പ്രിയമുള്ള നാടിനെയും വിട്ട് ആഫ്രിക്കൻ മണ്ണിൽ കാലു കുത്തുമ്പോൾ ഇനിയുള്ള തന്റെ ജീവിതം പൂർത്തിയാക്കാൻ ദൈവം ഒരുക്കിയ സ്ഥലമാണതെന്നു അദ്ദേഹം അറിഞ്ഞിരുന്നില്ല. ആർസിലെ വിശുദ്ധനായ വിയാനി എന്ന വൈദികൻ നടന്നുകയറിയത് പോലെയുള്ള യാത്രയായിരുന്നു അത്. ആധ്യാത്മിക കാര്യത്തിൽ യാതൊരു താൽപര്യവും അറിവുമില്ലാത്ത, ധാർമികമായി അധ:പതിച്ച കുടുംബങ്ങളും ഇടവകകളും. സാമ്പത്തികമായ അരക്ഷിതാവസ്ഥ. ശൂന്യമായ ദേവാലയങ്ങൾ. അവിടേക്കാണ് ഈ വൈദികൻ തൻറെ മിഷനറി യാത്ര ആരംഭിക്കുന്നത്. അദ്ദേഹം ജോലി ചെയ്ത Rustenburg രൂപതയുടെ മെത്രാൻ ഒരിക്കൽ പറയുകയുണ്ടായി പീറ്ററച്ചനെ ഏത് ഇടവകയിലേക്ക് വിട്ടാലും അവിടെ പുതിയ ദേവാലയം പണിയേണ്ടി വരും. കാരണം ജനങ്ങൾക്ക് നിൽക്കാൻ ദേവാലയത്തിൽ ഇടം ഉണ്ടാകില്ല.

ആഫ്രിക്കയിൽ ഒരിക്കൽ ശൂന്യമായിരുന്ന ദേവാലയങ്ങൾ ജനങ്ങളെ കൊണ്ട് നിറഞ്ഞത് എങ്ങനെയാണ്? ഒരിക്കലും പ്രാർത്ഥിക്കാത്ത ജനം ദേവാലയത്തിലും സന്ധ്യാസമയത്ത് കുടുംബങ്ങളിലും പ്രാർത്ഥിക്കാൻ തുടങ്ങിയത് എങ്ങനെയാണ്? അദ്ദേഹത്തിൻറെ പ്രാർത്ഥനക്കും ആശീർവാദത്തിനുമായി ജനം പള്ളിമുറ്റത്ത് ക്യൂ നിൽക്കുവാൻ കാരണമെന്താണ്? പീറ്ററച്ചൻ എന്ന വിശുദ്ധനായ മിഷനറി വൈദികനെ നാം തിരിച്ചറിയണം...!

അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ബിജു പുളിന്താനത് അച്ചൻ അദ്ദേഹത്തെകുറിച്ചു പറഞ്ഞത് ഇപ്രകാരമാണ് 'ജോലി ചെയ്ത എല്ലാ ഇടവകകളിലും ആത്മാവും ജീവനും 100% പകർന്നുനൽകിയ ഒരു പുണ്യ പുരോഹിതനാണ് അദ്ദേഹം '. ശൂന്യമായ ദേവാലയത്തിൽ ഏകനായി പ്രാർത്ഥിച്ചതിനുശേഷം ജാതിമതഭേദമെന്യേ എല്ലാവരെയും അന്വേഷിച്ച് അദ്ദേഹം എല്ലാ ഭവനങ്ങളിലും കയറിയിറങ്ങി, പ്രാർത്ഥിച്ചു. ഇങ്ങനെ ഒരു വൈദികനെ ആഫ്രിക്കൻ ജനങ്ങൾക്ക് പരിചയമില്ലായിരുന്നു. ഹൃദയം നിറഞ്ഞ സ്നേഹിക്കുന്ന, പ്രാർത്ഥിക്കുന്ന ഈ വൈദികനെ ആ കറുത്ത ജനവും ഹൃദയത്തിൽ സ്നേഹിച്ചു. ആരെയും നിർബന്ധിച്ചില്ലെങ്കിലും അവരെല്ലാം ദേവാലയത്തിലേക്ക് കൂട്ടമായി വന്നു. ദേവാലയം നിറഞ്ഞു. അസമാധാനവും അധാർമികതയും നിറഞ്ഞ കുടുംബങ്ങൾ ദൈവ സ്നേഹത്തിൻറെ കോവിലുകളായി.

തീക്ഷ്ണതയേറിയ ആ വൈദീകനു ദൈവം കനിഞ്ഞു നൽകിയ ഒരു കൃപയായിരുന്നു രോഗ സൗഖ്യത്തിനുള്ള വരം. അദ്ദേഹം പ്രാർത്ഥിച്ചാൽ സൗഖ്യം കിട്ടുമെന്നറിഞ്ഞ് നൂറുകണക്കിനാളുകൾ എല്ലാ ദിവസവും അദ്ദേഹത്തെ ദേവാലയത്തിൽ വന്നുകണ്ടുകൊണ്ടിരുന്നു. സ്വന്തം ഭക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കാതെ അദ്ദേഹം അവർക്കായി ജീവിച്ചു. അഭയാർത്ഥികളായ പാവങ്ങൾ ഈ പുണ്യവാനായ വൈദികനെതേടി വരുമ്പോൾ ദേവാലയത്തിൽ കാഴ്ചയായി കിട്ടിയിരുന്ന വസ്തുവകകൾ സൂക്ഷിച്ചു വച്ച് അദ്ദേഹം പങ്കുവെച്ചു.

രൂപതയിലെ ഏറ്റവും വലിയ ദേവാലയമായ Tlhabanaയിൽ 12 വർഷം അദ്ദേഹം ജോലി ചെയ്തു. വളരെ കുറച്ചു ജനങ്ങൾ മാത്രം വി. കുർബാനയ്ക്കു വന്നിരുന്ന ദേവാലയത്തിൽ അദ്ദേഹം എത്തി അധികം താമസിയാതെ ജനങ്ങളെ കൊണ്ട് നിറഞ്ഞു. ഈ ദൃശ്യം കാണാനായി മെത്രാൻ വിശുദ്ധ കുർബാന മധ്യേ ദേവാലയത്തിൽ വരുമായിരുന്നു. വ്യാഴാഴ്ചകളിൽ ഒരാളുമായി തുടങ്ങിയ ദിവ്യകാരുണ്യആരാധന ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ദേവാലയം നിറയെ ജനമായി.

ജനം അദ്ദേഹത്തെ ഓർക്കുന്നത് ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച വൈദികൻ എന്നാണ്. ഞങ്ങൾക്ക് സൗഖ്യം നൽകിയ വൈദികൻ എന്നാണ്. ഞങ്ങളുടെ കുടുംബങ്ങളിൽ ദൈവസ്നേഹം നിറച്ച വൈദികൻ എന്നാണ്. ഞങ്ങളുടെ ദൈവവിശ്വാസം ആഴപ്പെടുത്തി ഞങ്ങളുടെ ഇടവകയെ ദൈവവിശ്വാസത്തിൻറെ കേന്ദ്രമാക്കിയ വൈദികൻ എന്നാണ്. കേരള ഭൂവിന് നഷ്ടമായ ഈ ആത്മീയ തേജസ് ആഫ്രിക്കയിലെ പാവപ്പെട്ട മനുഷ്യർക്ക് ആത്മീയ ഗോപുരമായിത്തീർന്നു. കാൽനൂറ്റാണ്ട് നീണ്ട തന്റെ സുവിശേഷവേലയ്ക്കുശേഷം അദ്ദേഹം തന്റെ പ്രിയ പിതാവിൻറെ പക്കലേക്ക് യാത്രയാവുകയാണ്. ജീവിതത്തിൻറെ അവസാന ദിവസങ്ങളിൽ തനിക്ക് കൂട്ടായിരുന്ന വേദനകളും ബുദ്ധിമുട്ടുകളും അദ്ദേഹം പുഞ്ചിരിയോടെ സ്വീകരിച്ചു. അദ്ദേഹത്തിൻറെ രോഗക്കിടക്കയിൽ അനുഗ്രഹത്തിനായി ആളുകൾ മുട്ടുകുത്തി നിന്നു.

പ്രിയപ്പെട്ട പീറ്ററച്ചാ, അങ്ങയുടെ തീക്ഷ്ണമായ ക്രിസ്തു സ്നേഹവും ലളിതജീവിതവും സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്കമായ ജീവിതമാതൃകയും അനേകർക്ക് ക്രിസ്തുവിലേക്കുള്ള വഴിയായിരുന്നു. പുണ്യവാനായ വൈദികാ, സ്വർഗ്ഗത്തിൽ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...!


Related Articles »