News - 2025

ആഫ്രിക്കയില്‍ വ്യാപിച്ച് ഇസ്ളാമിക തീവ്രവാദി സംഘടനകള്‍; ആക്രമണ ഇരകളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവര്‍

പ്രവാചകശബ്ദം 08-08-2025 - Friday

അബൂജ: ആഫ്രിക്കയിലെ തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകൾ നടത്തിയ നരഹത്യയില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോര്‍ട്ട്. ആഫ്രിക്ക സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ACSS) സമീപകാലത്തു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. 2025 ജൂണ്‍ അവസാനം വരെ 22,000-ത്തിലധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ ക്രൈസ്തവരാണ്. 2023 മുതൽ അക്രമത്തിൽ 60 ശതമാനം വർധനവുണ്ടായതായി സംഘടന ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയും മാലി, നൈജീരിയ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

സഹേൽ മേഖലയില്‍ അക്രമത്തിന്റെ വേഗതയും വ്യാപ്തിയും റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലായിരിക്കാമെന്ന് സൈനിക ഭരണകൂടങ്ങൾക്ക് കീഴിലുള്ള മാധ്യമ നിയന്ത്രണങ്ങളെ ഉദ്ധരിച്ച് സംഘടന റിപ്പോർട്ടില്‍ മുന്നറിയിപ്പ് നൽകി. സഹേലിലെ 80 ശതമാനത്തിലധികം മരണങ്ങൾക്കും ജമാഅത്ത് നുസ്രത്ത് ഉൽ-ഇസ്ലാം വ അൽ-മുസ്ലിമിൻ (ജെഎൻഐഎം) ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഉത്തരവാദികള്‍. ഇപ്പോൾ ബുർക്കിന ഫാസോയുടെ പകുതിയും ഇവരാണ് നിയന്ത്രിക്കുന്നത്.

സൊമാലിയയിൽ, അൽ ഷബാബിന്റെ ആക്രമണങ്ങളെ തുടര്‍ന്നു കഴിഞ്ഞ വർഷം ആറായിരത്തിലധികം പേരുടെ ജീവന്‍ നഷ്ട്ടപ്പെടുന്നതിന് കാരണമായി. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഇൻ സൊമാലിയ (ഐഎസ്എസ്) മേഖലയില്‍ വലിയ ഭീഷണിയായി തുടരുന്ന സാഹചര്യവുമുണ്ട്. അക്രമം കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും വ്യാപിക്കുന്നുണ്ട്. സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ്, വിശുദ്ധ കുർബാനയ്ക്കിടെ 43 വിശ്വാസികളെ കൊലപ്പെടുത്തിയിരിന്നു. ആഫ്രിക്കയിലുടനീളമുള്ള ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ വിവിധ ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണിയെ അടിവരയിടുന്നതാണ് പഠനഫലം.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »