Faith And Reason - 2024
ആഗോള തലത്തില്‍ ബൈബിള്‍ വിതരണത്തില്‍ വന്‍ വര്‍ദ്ധനവ്: വിതരണം ചെയ്തത് 300 മില്യണ്‍ ബൈബിളുകള്‍
പ്രവാചക ശബ്ദം 19-08-2020 - Wednesday
വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ ബൈബിളിന്റേയും വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളുടേയും വിതരണത്തില്‍ വന്‍ വര്‍ദ്ധനവ്. ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം നാലു കോടി സമ്പൂര്‍ണ്ണ ബൈബിളുകളും, 1.5 കോടിയിലധികം പുതിയ നിയമങ്ങളുമാണ് വിതരണം ചെയ്യപ്പെട്ടത്. ആകെ 31.5 കോടിയിലധികം വിശുദ്ധ ലിഖിത ഭാഗങ്ങളാണ് ലോകമെമ്പാടുമായി വിതരണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ 37 ലക്ഷം ബൈബിളുകളാണ് കഴിഞ്ഞ വര്‍ഷം വിതരണം നടത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും (12.7 ലക്ഷം) ആഫ്രിക്കയിലാണ് വിതരണം ചെയ്തതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷം വിതരണം ചെയ്യപ്പെട്ട ബൈബിളുകളുടെ നാലിലൊന്നു ഭാഗവും ഡിജിറ്റല്‍ രൂപത്തിലായിരുന്നു. ഡിജിറ്റല്‍ ബൈബിളുകളുടെ കാര്യത്തില്‍ ഇതുപോലൊരു വര്‍ദ്ധനവ് മുന്‍പൊരിക്കലും രേഖപ്പെടുത്തിയിട്ടില്ല. 2018-ല്‍ ഇത് 18% ശതമാനമായിരുന്നു. ഒരു കോടി ബൈബിള്‍ പ്രതികളാണ് ഇന്റര്‍നെറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡൌണ്‍ലോഡ് ചെയ്യപ്പെട്ടത്. ഭാഷാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് സ്പാനിഷിലും പോര്‍ച്ചുഗീസ് ഭാഷയിലുമാണ്.
ഏഷ്യ, മധ്യ-തെക്കന്‍ അമേരിക്ക, യൂറോപ്പ് മദ്ധ്യപൂര്‍വ്വേഷ്യ എന്നീ മേഖലകളാണ് ഡിജിറ്റല്‍ ഡൌണ്‍ലോഡിംഗിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ബ്രസീലിലാണ് (18 ലക്ഷം) ഏറ്റവും കൂടുതല്‍ ബൈബിളുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. 2019-ല്‍ ബൈബിള്‍ സൊസൈറ്റികള്‍ ഇരുപതോളം രാജ്യങ്ങളിലെ 1,65,000 ജനങ്ങള്‍ക്കിടയില്‍ സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും അവര്‍ക്കിടയില്‍ 45 ലക്ഷം വിശുദ്ധ ലിഖിത ഭാഗങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമായി 148 ബൈബിള്‍ സൊസൈറ്റികളാണുള്ളത്. തങ്ങളുടെ അസോസിയേഷനില്‍ ഉള്‍പ്പെട്ട പ്രസാധകരുടേയും സംഘടനകളുടേയും കണക്കുകള്‍ മാത്രമാണ് ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ കണക്കുകളില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക