Faith And Reason

പതിനഞ്ചാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ബംഗ്ലാവില്‍ രഹസ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നുവെന്നതിന് തെളിവ്

പ്രവാചക ശബ്ദം 22-08-2020 - Saturday

നോര്‍ഫോക്ക്: ഇംഗ്ലണ്ടിലെ മധ്യകാലഘട്ട പ്രഭു മന്ദിരത്തില്‍ നിന്നും നൂറ്റാണ്ടുകളായി മറഞ്ഞുകിടന്നിരുന്ന നിരവധി ക്രിസ്തീയ പുരാവസ്തുക്കള്‍ കണ്ടെത്തി. നോര്‍ഫോക്കിലെ ഓക്സ്ബര്‍ഗ് ഹാളില്‍ നിന്നുമാണ് അമൂല്യ നിധിശേഖരം കണ്ടെത്തിയത്. 1558-ല്‍ എലിസബത്ത് I കത്തോലിക്ക വിശ്വാസം നിയമവിരുദ്ധമാക്കിയ സമയത്ത് ആത്മീയ ജീവിതം അനുഷ്ടിച്ചിരുന്നവര്‍ രഹസ്യമായി സൂക്ഷിച്ചതാകാം പുരാവസ്തുക്കളെന്നാണ് അനുമാനിക്കപ്പെടുന്നത്. കത്തോലിക്ക വിശ്വാസം നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും മധ്യകാലഘട്ടത്തിലെ ഇംഗ്ലീഷ് വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം രഹസ്യമായി കാത്തു സൂക്ഷിച്ചിരുന്നുവെന്നതിന്റെ തെളിവായാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്.

ലാറ്റിന്‍ വള്‍ഗേറ്റ് ബൈബിളില്‍ നിന്നുള്ള മുപ്പത്തിയൊന്‍പതാമത് സങ്കീര്‍ത്തന ഭാഗം രേഖപ്പെടുത്തിയ പേജ്, തുകല്‍ ചട്ടയോട് കൂടിയ 1568-ലെ ‘കിംഗ്സ് സങ്കീര്‍ത്തനം’ എന്നറിയപ്പെട്ടിരുന്ന ബൈബിള്‍ പ്രതി തുടങ്ങിയവ നിധിശേഖരത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 1476-ല്‍ സര്‍. എഡ്മണ്ട് ബെഡിങ്ഫെല്‍ഡ് പരമ്പരാഗതമായി ലഭിച്ച എസ്റ്റേറ്റില്‍ നിര്‍മ്മിച്ചതാണ് ഈ കൂറ്റന്‍ ബംഗ്ലാവ്. കെട്ടിടത്തില്‍ 60 ലക്ഷം പൗണ്ട് ചിലവ് വരുന്ന പുനരുദ്ധാരണ പണികള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് കണ്ടെത്തല്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു അറ്റകുറ്റപ്പണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമയത്ത് മച്ചില്‍ ഒറ്റക്ക് തിരച്ചില്‍ നടത്തിയ മാറ്റ് ചാംബ്യന്‍ എന്ന പുരാവസ്തുഗവേഷകനാണ് ഈ പുരാവസ്തു ശേഖരം കണ്ടെത്തിയത്.

കടുത്ത കത്തോലിക്കാ വിശ്വാസികളായിരുന്നു ഓക്സ്ബര്‍ഗ് ഹാളിന്റെ ഉടമസ്ഥര്‍. 1559-ലെ യൂണിഫോമിറ്റി നിയമം അനുസരിക്കാത്തതിന്റെ പേരില്‍ അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. കത്തോലിക്കാ വിശ്വാസം നിരോധിക്കപ്പെട്ട സമയത്ത് ഓക്സ്ബര്‍ഗ് ഹാള്‍ കത്തോലിക്കാ വൈദികര്‍ക്ക് അഭയ കേന്ദ്രമാവുകയും, ഇവിടെ വെച്ച് രഹസ്യമായി കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് രേഖകളുണ്ട്. സര്‍ എഡ്മണ്ട് ബെഡിങ്ഫെല്‍ഡിന്റെ അനന്തരാവകാശികള്‍ ഇപ്പോഴും ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് താമസിക്കുന്നുണ്ട്.

എലിസബത്തന്‍ കാലഘട്ടത്തിലെ തുണികള്‍, സംഗീത ശകലങ്ങള്‍, കയ്യെഴുത്ത് പ്രതികള്‍, അച്ചടി പേജുകള്‍ തുടങ്ങിയവയും കണ്ടെടുക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. രഹസ്യ കുര്‍ബാനക്കായി ഉപയോഗിച്ചിരുന്ന ചെറിയ പ്രാര്‍ത്ഥനാ പുസ്തകത്തിന്റെ ഭാഗമായിരിക്കണം സങ്കീര്‍ത്തന ഭാഗം രേഖപ്പെടുത്തിയ പേജെന്നാണ് മധ്യകാലഘട്ട കയ്യെഴുത്ത് രേഖകളില്‍ വിദഗ്ദനായ ജെയിംസ് ഫ്രീമാന്റെ അഭിപ്രായം. ചുണ്ണാമ്പ് പാളികള്‍ കൊണ്ട് മച്ച് പൊതിഞ്ഞിരുന്നതിനാലാണ് ഇവ കേട്കൂടാതെ സംരക്ഷിക്കപ്പെട്ടതെന്നു ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്നാ ഫോറസ്റ്റ് പറഞ്ഞു. ഇനിയും കൂടുതല്‍ രഹസ്യങ്ങള്‍ കെട്ടിടത്തില്‍ നിന്നും പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഓക്സ്ബര്‍ഗ് ഹാളിന്റെ ജെനറല്‍ മാനേജറായ റസ്സല്‍ ക്ലമന്റ്.


Related Articles »