India - 2024
'കേരള കത്തോലിക്ക സഭയുടെ കര്‍ഷക ഇടപെടലുകള്‍ ആശ്വാസം'
29-08-2020 - Saturday
കോട്ടയം: സംരക്ഷിത മേഖലകളായി കേരളത്തിലെ കാര്‍ഷിക പ്രദേശങ്ങളെ പ്രഖ്യാപിക്കുന്നതും വന്യജീവി ആക്രമണം മൂലവും പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കു കേരള സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ വലിയ ആശ്വാസമാകുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കര്‍ഷകരും വനം വന്യജീവി, ബഫര്‍സോണ്‍, കുടിയിറക്ക് ഭീഷണിയും എന്ന വിഷയത്തില്‍ കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങളുടെ ബഫര്‍സോണ്‍ പ്രഖ്യാപനം വരുന്നതോടെ കേരളത്തിന്റെ അഞ്ച് ലക്ഷത്തില്‍പരം ഏക്കര്‍ കൃഷിഭൂമി കര്‍ഷകര്‍ക്ക് നഷ്ടപ്പെടുമെന്നു വിഷയാവതരണം നടത്തിയ അലക്‌സ് ഒഴുകയില്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന മേഘലകളില്‍ വില്ലേജ് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു കര്‍ഷകരെ സഹായിക്കുന്നതിനും നിയമപരമായ നടപടികള്‍ക്കു നേതൃത്വം നല്‍കുന്നതിനും തീരുമാനിച്ചു.
ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് മാര്‍ അലക്‌സ് വടക്കുംതല, സണ്ണി ജോസഫ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ രൂപതാ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.