Faith And Reason

കോവിഡിന് നടുവിലും അറേബ്യന്‍ മണ്ണില്‍ വിശ്വാസ സാക്ഷ്യം: പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും നടത്തിയത് നൂറുകണക്കിന് പേര്‍

പ്രവാചക ശബ്ദം 09-09-2020 - Wednesday

അബുദാബി: കൊറോണ പകര്‍ച്ചവ്യാധി തുടരുന്നതിനിടയിലും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണത ശക്തമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും. കഴിഞ്ഞ വെള്ളിയാഴ്ച അബുദാബിയിലെ സെന്റ്‌ ജോസഫ് കത്തീഡ്രലില്‍വെച്ച് എണ്‍പതോളം കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി ആദ്യമായി ഈശോയേ സ്വീകരിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന 341 പേരാണ് ഈ മാസവും അടുത്തമാസവുമായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ നടന്ന നാല് ചടങ്ങുകളിലായി 248 യുവതീയുവാക്കള്‍ വിശ്വാസ സ്ഥിരീകരണവും നടത്തിയിരിന്നു.

സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ സ്ഥൈര്യലേപനം ഓഗസ്റ്റ് മാസത്തിലെ രണ്ട് ആഴ്ചകളിലായാണ് നടത്തിയത്. 248 പേരോളം വരുന്ന സ്ഥൈര്യലേപനാര്‍ത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ചടങ്ങ്. മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കുവാന്‍ അനുവാദമുണ്ടായിരുന്നത്. സതേണ്‍ അറേബ്യന്‍ അപ്പസ്തോലിക വികാര്‍ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍, സെന്റ്‌ ജോസഫ് കത്തീഡ്രലിലെ മലയാളി വൈദികന്‍ ഫാ. ജോണ്‍സണ്‍ കടുക്കന്‍മാക്കല്‍, കാര്‍മ്മലൈറ്റ്‌ ഓഫ് സെന്റ്‌ തെരേസ സഭാംഗമായ സിസ്റ്റര്‍ ഷെല്‍ജാ പൂപ്പടി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

മാസങ്ങള്‍ നീണ്ട അടച്ചുപൂട്ടലിനൊടുവില്‍ യുഎഇ നിയന്ത്രണങ്ങള്‍ ഇളവുകള്‍ അനുവദിക്കുവാന്‍ തുടങ്ങിയതോടെ രാജ്യത്തെ വിവിധ ദേവാലയങ്ങള്‍ ശുശ്രൂഷകളുമായി സജീവമാണ്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി നടക്കുവാനിരിക്കുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങുകളും കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തുക. കൊറോണ പകര്‍ച്ചവ്യാധിക്ക് നടുവില്‍ പ്രവാസികളായി തുടരുമ്പോഴും യുഎഇയിലെ കത്തോലിക്ക വിശ്വാസികളുടെ വിശ്വാസ തീക്ഷ്ണതയില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നാണ് ശുശ്രൂഷകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം നല്‍കുന്ന സൂചന.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »