Faith And Reason - 2024
ലൊറേറ്റോ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് ഇറ്റാലിയന്‍ പ്രസിഡന്‍റ്
പ്രവാചക ശബ്ദം 11-09-2020 - Friday
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തരേല പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൊറേറ്റോ സന്ദര്‍ശിച്ചു. മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥനായ ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലാഘറുടെ ഒപ്പമായിരിന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ആര്‍ച്ച് ബിഷപ്പ് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം പ്രസിഡന്റ് ബസലിക്കയുടെ അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന ദീപം തെളിയിച്ചു. ലൊറെറ്റോയിലെ തീര്‍ത്ഥാടന കേന്ദ്രത്തെ “ക്രൈസ്തവ വിശ്വാസത്തിന്റെ മരിയന്‍ ഹൃദയം” എന്നാണ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചത്. ലൊറേറ്റോ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ ആര്‍ച്ച് ബിഷപ്പ് ഫാബിയോ ഡാല്‍ സിന്‍ ഇറ്റലിക്കും, ലോകം മുഴുവനും വേണ്ടിയും ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചു.
പരിശുദ്ധ കന്യകാ മാതാവിനെ പൈലറ്റുമാരുടേയും വിമാന യാത്രക്കാരുടേയും മാധ്യസ്ഥയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം. 2020 ഡിസംബര്‍ 10ന് അവസാനിക്കാനിരുന്ന ജൂബിലി ആഘോഷം മഹാമാരിയെ തുടര്‍ന്ന്‍ ഫ്രാന്‍സിസ് പാപ്പ 2021 ഡിസംബര്‍ 10 വരെ നീട്ടിവെക്കുകയായിരുന്നു. മാതാവിന്റെ ജനനതിരുനാള്‍ ലൊറേറ്റോയിലെ സാന്റാ കാസ ബസലിക്കയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. പരിശുദ്ധ അമ്മ ജീവിച്ചിരിന്നുവെന്ന് കരുതപ്പെടുന്ന ഭവനമാണ് ലോറെറ്റോയിലെ ഡെല്ല സാന്‍റ കാസ ബസിലിക്ക.
നസ്രത്തിൽ നിന്ന് ദൈവമാതാവ് ജീവിച്ചിരിന്ന ഭവനം ടെർസാറ്റോ (ക്രൊയേഷ്യയിലെ ട്രസാറ്റ്), തുടർന്ന് റെക്കാനാറ്റി എന്നി സ്ഥലങ്ങളിലേക്ക് മാലാഖമാര്‍ ആകാശ മാര്‍ഗ്ഗം വഹിച്ചുകൊണ്ടുവന്നുവെന്നാണ് പാരമ്പര്യം. ഈ ആകാശ യാത്രയുടെ പേരില്‍ തീര്‍ത്ഥാടന കേന്ദ്രം പ്രസിദ്ധമായതോടെ 1920-ല്‍ ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പ, ലൊറേറ്റോ മാതാവിനെ പൈലറ്റുമാരുടെയും ആകാശയാത്രികരുടെയും മധ്യസ്ഥയായി പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഇറ്റാലിയന്‍ വായു സേന വെഞ്ചരിപ്പും ഉണ്ടായിരുന്നു. ലൊറേറ്റോ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ മുന്‍പ് ഇറ്റാലിയന്‍ പ്രസിഡന്റ് മിലാനിലെ ദേവാലയവും സന്ദര്‍ശിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക