News - 2024

51 സിറിയൻ അഭയാർത്ഥികളെ സ്വീകരിച്ച് ഇറ്റാലിയൻ സഭ

പ്രവാചകശബ്ദം 06-07-2024 - Saturday

വത്തിക്കാന്‍ സിറ്റി: ലെബനോനിൽ നിന്നും മാനുഷിക ഇടനാഴികൾ വഴിയായി എത്തിയ 51 സിറിയൻ പൗരന്മാർക്ക് ഇറ്റാലിയൻ സഭ അഭയം നൽകി. അല്‍മായ കത്തോലിക്ക സംഘടനയായ സാൻ എജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിലാണ് അക്കാർ മേഖലയിലെ അഭയാർത്ഥി ക്യാമ്പുകളിലും, ബെക്കാ താഴ്‌വരയിലും, ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശത്തുള്ള ഇടങ്ങളിലും ദുരിതപൂർണ്ണമായ ജീവിതം നയിച്ചുകൊണ്ടിരുന്നവരെ ഇറ്റലിയിലെത്തിച്ചിരിക്കുന്നത്. ഇറ്റലിയിൽ ഭാഷാപഠനത്തിനു ശേഷം, വിവിധ തൊഴിലിടങ്ങളിൽ ജോലികൾക്കായി പ്രാപ്തരാക്കും. അഭയാര്‍ത്ഥികളില്‍ 17 കുട്ടികളുമുണ്ട്.

ഇസ്രായേലും ഹമാസും തമ്മിലുള്ള സമീപത്തെ സംഘർഷം മൂലം അയൽരാജ്യമായ ലെബനോനിൽ ഏറെ പ്രയാസകരമായ സാഹചര്യം ഉടലെടുക്കുന്ന അവസരത്തിലാണ്, മാനുഷിക ഇടനാഴികൾ വഴിയായി ഇവർക്ക് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് എത്തിച്ചേരുവാൻ സാധിച്ചത്. 2016 ഫെബ്രുവരി മുതൽ ഇതുവരെ സിറിയയിൽ നിന്ന് മാത്രം ഏകദേശം മൂവായിരത്തോളം ആളുകളെയാണ് ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള കരാർ പ്രകാരം ഇറ്റലിയിൽ സുരക്ഷിതമായി എത്തിച്ചത്. ഇതിനോടകം 7,500 അഭയാർത്ഥികളാണ് മാനുഷിക ഇടനാഴിയിലൂടെ യൂറോപ്പിലെത്തിയതെന്നതും ശ്രദ്ധേയമാണ്.


Related Articles »