Life In Christ - 2024
ദേവാലയത്തില്‍ പോകുന്നതില്‍ നിന്നും വിലക്കുന്നത് മതപീഡനം തന്നെ: നടന്‍ ജിം കാവിയേസല്‍
പ്രവാചക ശബ്ദം 14-09-2020 - Monday
കൊറോണ വൈറസിന്റെ പേരില്‍ അമേരിക്കന്‍ ക്രൈസ്തവരെ ദേവാലയത്തില്‍ പോകുവാന്‍ അനുവദിക്കാത്തത് മതപീഡനം തന്നെയാണെന്ന് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രത്തിലെ ക്രിസ്തുവിന്റെ വേഷത്തിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍. ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്നുണ്ട്. അത് ഇറാനിലോ ചൈനയിലോ ആകട്ടെ, അതിനുള്ള ഉദാഹരണം തേടി മറ്റെങ്ങും പോകണ്ട, ദേവാലയത്തില്‍ പോകുവാന്‍ അനുവാദമില്ലാതെ അമേരിക്കയില്‍ തന്നെ ക്രൈസ്തവര്‍ മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്നുവെന്നും കാവിയേസല്‍ പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച തന്റെ പുതിയ സിനിമയായ ‘ഇന്‍ഫിഡെല്‍’നെ ക്കുറിച്ച് ‘ബ്രേറ്റ്ബര്‍ട്ട് ന്യൂസ്’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അവകാശങ്ങളും, സ്വാതന്ത്ര്യവും, ജീവിതവും, സന്തോഷത്തിന്റെ പിന്തുടരലും എല്ലാമുണ്ട്. പക്ഷേ എന്തുകൊണ്ടാണ് എനിക്ക് പള്ളിയില്‍ പോകുവാന്‍ കഴിയാത്തത്? നടന്‍ ചോദ്യമുയര്‍ത്തി. “നിങ്ങള്‍ ഒരു വിമാനത്തിലേക്ക് പോകൂ. അതിനുള്ളില്‍ നിരവധി യാത്രക്കാരുണ്ട്. എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നു. പക്ഷേ എന്തോ കാരണം കൊണ്ട് കൊറോണ അവിടെ പടരുന്നില്ല. എന്നാല്‍ പള്ളിയില്‍ നിങ്ങള്‍ പോകുമ്പോള്‍ കൊറോണ എല്ലായിടത്തും പടരുന്നു. കൊറോണ ബുദ്ധിമാനാണ്” തമാശ രൂപേണ കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ സാംസ്കാരിക മൂല്യച്യുതിയെക്കുറിച്ചും നടന്‍ സംസാരിച്ചു. താന്‍ സിനിമയില്‍ വരുമ്പോള്‍ ആളുകള്‍ പുസ്തകം വായിക്കലും, പരസ്പര സംഭാഷണങ്ങളും എല്ലാം ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാവരും മൊബൈലില്‍ ആണെന്നും താരം ചൂണ്ടിക്കാട്ടി.
അഭിമുഖത്തിന്റെ അവസാനത്തില്‍, ‘ദി പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ രണ്ടാം പതിപ്പും ലോക ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയാകാന്‍ സാധ്യതയുമുള്ള ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്; ദി റിസറക്ഷന്‍’ എന്ന ഭാവി സിനിമയെക്കുറിച്ചും അദ്ദേഹം തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചു. മെല്‍ ഗിബ്സന്റെ ‘ദി പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമയില്‍ യേശുവിന്റെ റോള്‍ കൈകാര്യം ചെയ്തതിലൂടെ ലോകപ്രശസ്തനായ ജിം കാവിയേസല്‍ ഇതിനു മുന്‍പും തന്റെ ക്രൈസ്തവ വിശ്വാസത്തോടുള്ള ആഴമായ ആഭിമുഖ്യം പരസ്യമാക്കിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക