News

“ദൈവ മക്കള്‍ വില്‍പ്പനക്കുള്ളതല്ല”: ജിം കാവിയേസല്‍ അഭിനയിച്ച പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ ജൂലൈയില്‍ റിലീസിന്

പ്രവാചകശബ്ദം 15-05-2023 - Monday

പ്രൊവോ, യു‌എസ്‌എ: മനുഷ്യക്കടത്തും കുട്ടികള്‍ക്കെതിരെയുള്ള ചൂഷണവും തടയുവാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ ജൂലൈയില്‍ റിലീസിന്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ലോക പ്രശസ്തമായ 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സിനിമ'യില്‍ ഈശോയെ അവതരിപ്പിക്കുകയും ചെയ്ത ജിം കാവിയേസല്‍ അഭിനയിക്കുന്ന സിനിമ “സൗണ്ട് ഓഫ് ഫ്രീഡം” ഈ വരുന്ന ജൂലൈ 4-നാണ് പ്രദര്‍ശനത്തിനെത്തുക. ട്രെയിലറിലെ “ദൈവത്തിന്റെ മക്കള്‍ വില്‍പ്പനക്കുള്ളതല്ല” എന്ന കാവിയേസലിന്റെ ഡയലോഗാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. മനുഷ്യക്കടത്തുകാരുടെ കൈയില്‍ നിന്നും ഒരു ബാലനെ രക്ഷപ്പെടുത്തുകയും മനുഷ്യക്കടത്തിനെതിരെ പോരാടുകയും ചെയ്യുന്ന മുന്‍ അമേരിക്കന്‍ ഏജന്റ് ടിം ബല്ലാര്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ.

ലോകമെമ്പാടുമായി മനുഷ്യക്കടത്തിനിരയായ 20 ലക്ഷം കുട്ടികളെ പ്രതിനിധീകരിച്ച്, സിനിമ റിലീസിംഗിന്റെ ആദ്യ വാരാന്ത്യത്തില്‍ 20 ലക്ഷം ആളുകളെ ഒരുമിച്ച് പങ്കെടുപ്പിക്കുവാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം വ്യാപിപ്പിക്കുന്നതിനായി ‘പേ-ഇറ്റ്‌-ഫോര്‍വേര്‍ഡ്’ എന്നൊരു പരിപാടിക്കും ഏഞ്ചല്‍ സ്റ്റുഡിയോ രൂപം കൊടുത്തിട്ടുണ്ട്. ഈ സിനിമ കാണുവാന്‍ കഴിയാത്തവര്‍ക്കുള്ള ടിക്കറ്റ് സംഭാവന ചെയ്യുന്ന പരിപാടിയാണിത്. ടിക്കറ്റ് ചാര്‍ജ്ജ് കാരണം സിനിമ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ സൗജന്യ ടിക്കറ്റ് ആവശ്യപ്പെടാമെന്ന്‍ കാവിയേസല്‍ ചൂണ്ടിക്കാട്ടി.

കാവിയേസലിന് പുറമേ, ഓസ്കാര്‍ ജേതാവ് മിരാ സോര്‍വിനോ, ബില്‍ കാംപ്, ജോസ് സുനിഗ എന്നീ പ്രമുഖ താരങ്ങളും സിനിമയിലുണ്ട്. എഡ്വാര്‍ഡോ വെരാസ്റ്റെഗുയി നിര്‍മ്മിച്ച സിനിമയുടെ തിരക്കഥയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അലെജാണ്ട്രോ മോണ്ട്വെര്‍ഡെ ആണ്. പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' ന് ശേഷം താന്‍ അഭിനയിച്ച ഏറ്റവും പ്രധാനപ്പെട്ട സിനിമ ഇതാണെന്നു സമീപകാല അഭിമുഖത്തില്‍ കാവിയേസല്‍ പറഞ്ഞിരിന്നു. ലോകവ്യാപകമായി പ്രതിവര്‍ഷം 15,000 കോടി ഡോളറിന്റെ വ്യവസായമാണ് മനുഷ്യക്കടത്തിലൂടെ നടക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു.


Related Articles »