News
മധ്യപ്രദേശിൽ ജയ് ശ്രീറാം വിളിയോടെ ക്രൈസ്‌തവ ദേവാലയങ്ങളിലെ കുരിശിന് മുകളില്‍ ഹിന്ദുത്വവാദികള്‍ കാവിക്കൊടി കെട്ടി
പ്രവാചകശബ്ദം 23-01-2024 - Tuesday
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ആവേശത്തില്‍ മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങൾക്കുനേരേ അധിനിവേശവുമായി ഹിന്ദുത്വവാദികള്‍. ജാബുവ ജില്ലയിലെ ക്രൈസ്തവ ആരാധനാലയത്തിന് മുകളിൽ കയറി കുരിശിനു മുന്നിലായി ഒരു സംഘം യുവാക്കൾ കാവിക്കൊടി ഉയർത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മധ്യപ്രദേശിൽ പ്രൊട്ടസ്റ്റൻ്റ ശാലോം ചർച്ചിന്റെ മൂന്ന് പള്ളികളിലും ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിയിലും ഹിന്ദുത്വ തീവ്രവാദി സംഘം കാവിക്കൊടി സ്ഥാപിച്ചത്.
ജയ് ശ്രീറാം വിളികളോടെയായിരിന്നു കൊടി നാട്ടല്‍. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കാവി പതാക സ്ഥാപിക്കുന്നതെന്നു ഹിന്ദുത്വവാദികള്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിന്നു. ഞായറാഴ്ച വൈകുന്നേരം പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടാകില്ലായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തെക്കുറിച്ചു പോലീസിനെ അറിയിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചുവെന്ന് പാസ്റ്റർ നർബു അമലിയാർ വെളിപ്പെടുത്തി. എല്ലാ ഞായറാഴ്ച്‌ചകളിലും പ്രാര്‍ത്ഥന നടത്തുന്ന ആരാധന നടത്തുന്ന പള്ളിയിലാണ് കാവിക്കൊടി കെട്ടിയതെന്ന് പാസ്റ്റർ പറഞ്ഞു.
ഞായറാഴ്‌ച പ്രാർത്ഥന കഴിഞ്ഞ് ഉച്ചകഴിഞ്ഞ് മൂന്നോടെ 25 ഓളം പേർ ജയ് ശ്രീറാം വിളികളുമായി എത്തിയാണ് പള്ളിയുടെ മുകളിൽ കയറി കുരിശിന്റെ മുന്നിൽ കാവിക്കൊടി കെട്ടിയത്. സംഭവം ഒത്തുതീർപ്പിലെത്തിക്കാൻ പോലീസ് നിർബന്ധിക്കുകയാണെന്ന് ശാലോം ക്രൈസ്തവ കൂട്ടായ്മയുടെ അധ്യക്ഷന്‍ പോൾ മുനിയ പറഞ്ഞു. അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് ജാബുവ രൂപത പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോക്കി ഷാ ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ വെറും 0.29 ശതമാനം മാത്രമാണ് ക്രൈസ്‌തവർ. മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024 വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.