News

ആദിവാസികള്‍ക്കിടയില്‍ സേവനം ചെയ്യുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു: വ്യാപക പ്രതിഷേധം

പ്രവാചക ശബ്ദം 09-10-2020 - Friday

ന്യൂഡല്‍ഹി: ജാർഖണ്ഡിലെ ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത് വിവാദത്തില്‍. 2018ലെ ഭീമാ–കൊറേഗാവ് കലാപക്കേസുമായി ബന്ധപ്പെട്ടു വൈദികന്റെ റാഞ്ചിയിലെ ഓഫീസില്‍ എത്തിയ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാറന്റ് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഫാ. സ്റ്റാന്‍ സ്വാമിയോട് മോശമായാണു പെരുമാറിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്രഗുഹ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ രംഗത്തു വന്നു. ഗോത്രവിഭാഗങ്ങളുടെ അവകാശത്തിനായി പോരാടുന്ന സ്വാമിയുടെ ശബ്ദമില്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അത് മൈനിംഗ് കമ്പനികളുടെ താൽപര്യ സംരക്ഷണത്തിനാണെന്നും രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തു. സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎപിഎ അറസ്റ്റ്, ബിജെപി സർക്കാറിനൊത്ത് കളിക്കുന്ന എൻഐഎയുടെ അതിരുകളില്ലാത്ത മറ്റൊരു പ്രവർത്തി എന്ന അർത്ഥത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണു ഫാ. സ്റ്റാന്‍ സ്വാമി.

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സമയത്തു സ്വാമിയെയും സുഹൃത്തിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. പിന്നീട് അധികാരത്തിലേറിയ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ കേസ് റദ്ദാക്കി. പുതിയ കേന്ദ്ര നടപടി വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »