Faith And Reason - 2024
തെരഞ്ഞെടുപ്പില്‍ ദൈവഹിതം നിറവേറാന്‍ അമേരിക്കന്‍ ക്രൈസ്തവര്‍ നാളെ ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു
പ്രവാചക ശബ്ദം 24-10-2020 - Saturday
ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ ദൈവഹിതം തെരഞ്ഞെടുപ്പില്‍ നിറവേറാന്‍ നാളെ ഒക്‌ടോബർ 25 ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ അമേരിക്കൻ ജനത. ലോക പ്രശസ്ത വചനപ്രഘോഷകനും ‘ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ’ സിഇഒയുമായ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് അമേരിക്കന്‍ ക്രൈസ്തവ സമൂഹം ഉപവാസ പ്രാര്‍ത്ഥനയ്ക്കായി തയാറെടുക്കുന്നത്. യേശു ക്രിസ്തുവിനെ പിഞ്ചെല്ലുന്ന ക്രൈസ്തവ സമൂഹം രാജ്യത്തിനുവേണ്ടി ഒക്‌ടോബർ 25 ഞായറാഴ്ച പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി മാറ്റിവെക്കണമെന്നും നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ദൈവീക ഇടപെടലുണ്ടാകാനും ദൈവഹിതം നിറവേറാനുമായുള്ള ഈ ഉപവാസപ്രാർത്ഥനയിൽ വ്യക്തികളും കുടുംബങ്ങളും ദൈവാലയങ്ങളും അണിചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫ്രാങ്ക്‌ളിൻ ഗ്രഹാം പ്രസ്താവനയില്‍ കുറിച്ചു.
അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സര്‍വ്വശക്തനേ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലായെന്നും ഓര്‍മ്മിപ്പിച്ച് സെപ്റ്റംബര്‍ 26ന് വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ഫ്രാങ്ക്‌ളിൻ ഗ്രഹാം ‘പ്രാര്‍ത്ഥനാ റാലി 2020’ സംഘടിപ്പിച്ചിരിന്നു. ഇതില്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധവും മഹാമാരിയും മൂലം കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്.
രാജ്യത്തെ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ഭരണാധികാരി തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹമാണ് അമേരിക്കന്‍ ക്രൈസ്തവ സമൂഹം പങ്കുവെയ്ക്കുന്നത്. ജോ ബൈഡന്‍ കമല ഹാരിസ് സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഗര്‍ഭഛിദ്ര നയം ഉദാരവത്ക്കരിക്കുമോയെന്ന ആശങ്ക നിരവധി പ്രോലൈഫ് പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ മൂന്നിനാണ് ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കുക. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവരും നൊവേന ചൊല്ലി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അമേരിക്കന്‍ മെത്രാന്‍ സംഘം അഭ്യര്‍ത്ഥിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക