Faith And Reason - 2024
കൂട്ടക്കൊല നടന്ന നീസ് ബസിലിക്കയില്‍ വിശുദ്ധ ജലം തളിച്ച് പരിഹാര പ്രാര്‍ത്ഥന നടത്തി
പ്രവാചക ശബ്ദം 05-11-2020 - Thursday
നീസ്: ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് ഇസ്ലാമിക തീവ്രവാദി മൂന്നു നിരപരാധികളെ കത്തിക്കിരയാക്കിയ നീസിലെ നോട്രഡാം ബസിലിക്ക ദേവാലയത്തില്‍ വിശുദ്ധ ജലം തളിച്ച് ശുദ്ധീകരിച്ചു പരിഹാര പ്രാര്‍ത്ഥന നടത്തി. മാഴ്സില്ലേ മെത്രാപ്പോലീത്ത ജീന്‍ മാര്‍ക്ക് അവെലിന്‍, മൊണാക്കോ മെത്രാപ്പോലീത്ത ഡോമിനിക്ക്-മേരി ഡേവിഡ്, നീസ് മെത്രാന്‍ ആന്‍ഡ്രി മാര്‍സ്യൂ എന്നിവര്‍ സംയുക്തമായാണ് തിരുസഭ നിഷ്കര്‍ഷിച്ചിട്ടുള്ള രീതിയിലുള്ള ശുദ്ധീകരണ കര്‍മ്മം നടത്തിയത്. നരഹത്യ പോലെയുള്ള ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ദേവാലയത്തിനകത്ത് നടന്നാല്‍ അനുതാപ പ്രാര്‍ത്ഥന ചൊല്ലി വിശുദ്ധീകരിക്കുക എന്നത് തിരുസഭയുടെ പാരമ്പര്യമാണ്.
പര്‍പ്പിള്‍ നിറത്തിലുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ച മെത്രാന്മാര്‍ ഇരുട്ട് നിറഞ്ഞ ദേവാലയത്തില്‍ പ്രവേശിച്ചു ദേവാലയത്തിനകം മുഴുവന്‍ വിശുദ്ധ ജലം തളിച്ച് ശുദ്ധീകരിക്കുകയായിരിന്നു. ഹന്നാന്‍ വെള്ളം തളിച്ച് ശുദ്ധീകരിച്ച ശേഷമാണ് ദേവാലയത്തിലെ ദീപങ്ങള്‍ തെളിച്ചത്. നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി ഉള്‍പ്പെടെ ചുരുക്കം ചില വിശ്വാസികളും ദേവാലയത്തിനുള്ളില്‍ സന്നിഹിതരായിരുന്നു. ദേവാലയത്തില്‍ പ്രവേശിച്ചവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും വലിയ പുരുഷന്മാരുടെ സംഘം തന്നെ ദേവാലയത്തിന് പുറത്ത് തടിച്ചുകൂടുകയായിരിന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെ പറ്റിയുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച കാരണത്താല്‍ പാരീസില്‍ ഒരു സ്കൂള്‍ അധ്യാപകനെ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് കൈകൊണ്ട നടപടികളോടുള്ള പ്രതികാരമെന്ന നിലയിലാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് ബ്രാഹിം ഔസ്സാവി എന്ന ഇരുപത്തിയൊന്നുകാരന്‍ ഇസ്ലാമിക തീവ്രവാദി മൂന്നു നിരപരാധികളെ കത്തിക്കിരയാക്കിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇറ്റലിയിലേക്ക് പോകുന്ന ഒരു അഭയാര്‍ത്ഥി ബോട്ടില്‍ ഔസ്സാവി ഫ്രാന്‍സില്‍ എത്തിയത്. 14 പ്രാവശ്യം വെടിയേറ്റ ഔസ്സാവി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് 25നും 63നും ഇടയില്‍ പ്രായമുള്ള അഞ്ചു പേരെകൂടി ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് മറ്റൊരു ഫ്രഞ്ച് പട്ടണമായ ല്യോണില്‍ ഫാ. നിക്കോളാസ് കാകാവെലാകിസ് എന്ന ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികനു വെടിയേറ്റിരുന്നു. അദ്ദേഹമിപ്പോള്‍ ആശുപത്രിയിലാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക