News - 2024

ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കെതിരെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍: ആശങ്ക പ്രകടിപ്പിച്ച് ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ്

പ്രവാചക ശബ്ദം 01-12-2020 - Tuesday

ഭോപ്പാല്‍: ആദിവാസി മേഖലകളായ ഉമാരിയ, ബദ്വാനി ജില്ലകളിലെ പരിപാടികളില്‍ പങ്കെടുത്ത ശേഷം ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ് സിങ്ങ് ചൗഹാന്റെ ആരോപണം വന്നതോടെ മിഷ്ണറിമാര്‍ക്കെതിരെ നടപടി ശക്തമാകുമെന്ന ആശങ്ക ബലപ്പെടുന്നു. ലവ് ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 28ന് ആരംഭിക്കുന്ന ത്രിദിന നിയമസഭാ സമ്മേളനത്തിലൂടെ ‘ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ 2020’ പാസാക്കിയെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതിനോട് ചേര്‍ത്തു ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അവഗണിക്കപ്പെട്ടു കഴിയുന്ന ആദിവാസികള്‍ അടക്കമുള്ള നിരാലംബരായ സമൂഹത്തെ കൈപിടിച്ചുയര്‍ത്തുന്ന ക്രൈസ്തവ മിഷ്ണറിമാരെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണവുമായി കൂച്ചുവിലങ്ങിടുവാന്‍ സംസ്ഥാന നേതാക്കള്‍ തിരിഞ്ഞിരിക്കുന്നത് ക്രൈസ്തവര്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ഭോപ്പാല്‍ മെത്രാപ്പോലീത്ത ലിയോ കൊര്‍ണേലിയോ രംഗത്തെത്തി.

തങ്ങള്‍ ആരേയും നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്യുന്നില്ലെന്നും, വിശ്വാസപരിവര്‍ത്തനം മനുഷ്യന്റേതല്ല മറിച്ച് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്നും ഭോപ്പാല്‍ മെത്രാപ്പോലീത്ത ലിയോ കൊര്‍ണേലിയോ പറഞ്ഞു. ചൗഹാന്റെ ആരോപണം ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്ന നിയമങ്ങളാണ് രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരുടെ മേല്‍ നിരവധി വ്യാജ കേസുകള്‍ ചുമത്തപ്പെട്ട കാര്യവും ആര്‍ച്ച് ബിഷപ്പ് ലിയോ കൊര്‍ണേലിയോ ചൂണ്ടിക്കാട്ടി. ഇതാദ്യമായല്ല മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയും സമാനമായ ആരോപണവുമായി രംഗത്തുവന്നിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »