News - 2024
സ്വിറ്റ്സര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാനുള്ള നടപടികള്‍ക്കെതിരെ മെത്രാന്‍ സമിതി
പ്രവാചക ശബ്ദം 11-12-2020 - Friday
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുവാനുള്ള നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യത്തെ കത്തോലിക്ക മെത്രാന്മാര്‍. സ്വിസ്സ് സെനറ്റ് പാസ്സാക്കിയ ബില്‍ ഭരണപരവും, നിയമപരവും, ധാര്‍മ്മികപരവുമായി തെറ്റുകള്‍ നിറഞ്ഞതാണെന്ന് ഡിസംബര്‍ 4ന് സ്വിസ്സ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2013ല്‍ ഗ്രീന്‍ ലിബറല്‍ പാര്‍ട്ടി അവതരിപ്പിച്ച “സകലര്‍ക്കും വിവാഹം” എന്ന് പേരിട്ടിരിക്കുന്ന ബില്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ 1നാണ് സെനറ്റ് പാസ്സാക്കിയത്. സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കുന്നതിനും, സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ബീജദാനത്തിനുള്ള അനുമതിക്കും, സ്വവര്‍ഗ്ഗ പങ്കാളികളുടെ പൗരത്വത്തിനും, ദത്തെടുക്കല്‍ അവകാശങ്ങള്‍ക്കും പുതിയ ബില്‍ വഴിയൊരുക്കുമെന്നാണ് സൂചന. ഇതില്‍ രാജ്യത്തെ കത്തോലിക്ക മെത്രാന്‍മാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പൗരാവകാശങ്ങളുടെ കാര്യത്തിലും, സാമൂഹ്യ ക്ഷേമപദ്ധതികളിലും എല്‍.ജി.ബി.ടി സമൂഹത്തിന്റെ തുല്യത മെത്രാന്‍സമിതി അംഗീകരിക്കുന്നുണ്ടെന്നും അതിനാല്‍ സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള എതിര്‍പ്പ് ഒരു വിവേചനമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ‘വിവാഹം എന്ന കൂദാശ കത്തോലിക്കാ സഭയുടെ പ്രാഥമിക ചുമതലകളില്‍ ഒന്നാണ്, ദൈവത്തിന്റെ സന്നിധിയില്‍വെച്ച് പുരുഷനും സ്ത്രീയും തമ്മില്‍ സുസ്ഥിരവും പ്രത്യുല്‍പ്പാദനപരവും സ്നേഹത്തില്‍ അധിഷ്ടിതവുമായ ഐക്യത്തെയാണ് സഭ വിവാഹമെന്ന കൂദാശയില്‍ പ്രഘോഷിക്കുന്നത്. ഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ഐ.വി.എഫ് ചികിത്സയില്‍ ബലികഴിക്കപ്പെടുന്ന ഭ്രൂണങ്ങളുടെ എണ്ണത്തിന് പുറമേ വൈകല്യമുള്ള ഭ്രൂണങ്ങളെ ഒഴിവാക്കുന്നതിനുള്ള സാധ്യതയും കൂടുതലാണെന്ന്‍ മാത്രമല്ല പ്രത്യുല്‍പ്പാദനത്തെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ നിന്നും വേര്‍പെടുത്തുകയാണെന്നും അത് ധാര്‍മ്മികതക്ക് നിരക്കാത്തതാണെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.
എല്‍.ജി.ബി.ടി സമൂഹത്തെ സ്നേഹത്തോടും കരുണയോടും കൂടി പരിഗണിക്കേണ്ടതാണെന്നു കത്തോലിക്ക പ്രബോധനം പഠിപ്പിക്കുന്നതെങ്കിലും സ്വവര്‍ഗ്ഗബന്ധം പ്രകൃതി നിയമങ്ങള്‍ക്ക് വിരുദ്ധമെന്നാണ് സഭ വ്യക്തമാക്കുന്നുണ്ട്.. മുന്‍ പാപ്പയായിരിന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ കര്‍ദ്ദിനാളായിരിക്കെ എഴുതി 2003-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അംഗീകാരം നല്‍കിയ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രമാണത്തിലും സ്വവര്‍ഗ്ഗവിവാഹങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതല്ലെന്ന് വ്യക്തമായി പറയുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക