News
സ്വവര്‍ഗ്ഗ ബന്ധങ്ങളെ ആശീര്‍വദിക്കുവാന്‍ തീരുമാനമെടുത്ത ജര്‍മ്മന്‍ മെത്രാന്മാര്‍ക്കെതിരെ പ്രമുഖ കര്‍ദ്ദിനാളുമാര്‍
പ്രവാചകശബ്ദം 20-03-2023 - Monday
റോം: സമീപകാലത്ത് ചേര്‍ന്ന ജര്‍മ്മന്‍ സിനഡല്‍ അസംബ്ലിയില്‍ കത്തോലിക്ക സഭാപ്രബോധനങ്ങളുടെയും മാര്‍പാപ്പയുടെയും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി സ്വവര്‍ഗ്ഗാനുരാഗികളുടെയും, വിവാഹമോചിതരുടെയും, പുനര്‍വിവാഹിതരുടെയും ബന്ധങ്ങള്‍ സഭാപരമായി ആശീര്‍വദിക്കണമെന്ന പ്രമേയത്തെ പിന്തുണച്ച ജര്‍മ്മന്‍ മെത്രാന്‍മാര്‍ക്കെതിരെ കടുത്തവിമര്‍ശനവുമായി ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളറും, അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കേയും. ഇക്കഴിഞ്ഞ മാര്‍ച്ച് 16-ന് ഇ.ഡബ്യു.ടി.എന്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലായിരുന്നു വിമര്‍ശനം. പിന്തുണ പ്രഖ്യാപിച്ചവരെ വിചാരണ ചെയ്യണമെന്നും അവര്‍ തിരുത്തുവാനോ, സഭാ പ്രബോധനങ്ങള്‍ അനുസരിക്കുവാനോ തയ്യാറായില്ലെങ്കില്‍ അവരെ ചുമതലകളില്‍ നിന്നും നീക്കണമെന്നും വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു.
സഭാപ്രബോധനത്തിനും, വിശ്വാസത്തിനും, ക്രിസ്തീയ ചിന്താഗതികള്‍ക്കും ബൈബിളിനും, ദൈവവചനങ്ങള്‍ക്കും, അപ്പസ്തോലിക പാരമ്പര്യത്തിനും വിരുദ്ധമായി സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് അനുകൂലമായി സിനഡല്‍ അസംബ്ലിയില്‍ പങ്കെടുത്ത ജര്‍മ്മന്‍ മെത്രാന്മാരില്‍ ഭൂരിഭാഗവും വോട്ട് ചെയ്തത് ഖേദകരമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമേയത്തെ പിന്തുണച്ച മെത്രാന്‍മാരും അത്മായരും ഭൗതീകതയും, വിശ്വാസവിരുദ്ധതയുമാകുന്ന എല്‍.ജി.ബി.ടി ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്നും, ബൈബിളും, സഭാ പ്രബോധനവും അനുസരിച്ച് പാപമാകുന്ന ബന്ധങ്ങളെ ആശീര്‍വദിക്കുന്നത് മതനിന്ദയാകുമെന്നും കര്‍ദ്ദിനാള്‍ മുള്ളര്‍ മുന്നറിയിപ്പ് നല്‍കി.
സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ ആശീര്‍വദിക്കണമെന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത മെത്രാന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന്‍ കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. സഭയില്‍ നിന്നുള്ള വേര്‍പിരിയല്‍ ആയാലും, മതവിരുദ്ധ പ്രബോധനമായാലും, വിശ്വാസ പ്രമാണങ്ങളുടെ നിഷേധമായാലും, ക്രിസ്തുവില്‍ നിന്നുള്ള അകല്‍ച്ചയായാലും, മറ്റ് മതത്തില്‍ ചേര്‍ന്നാലും കുറ്റം കുറ്റംതന്നെയാണെന്നും, അതിന് ഉചിതമായ വിലക്കുകള്‍ കാനോന്‍ നിയമത്തില്‍ ഉണ്ടെന്നും കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. സൈദ്ധാന്തികമായ ഒരു അജണ്ട നടപ്പിലാക്കുവാനായി സഭയെ ഉപയോഗിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കിയ കര്‍ദ്ദിനാള്‍ ബുര്‍ക്കെ ഇതിനെതിരെ നമ്മള്‍ ജാഗരൂകരായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ഇതേക്കുറിച്ചുള്ള ഒരുപാട് സംസാരങ്ങള്‍ നമ്മള്‍ കേട്ടു. എന്നാല്‍ നമ്മുടെ കര്‍ത്താവിന്റെ നാമമോ, കര്‍ത്താവിന്റെ പ്രബോധനമോ ഒരിക്കല്‍പോലും കേട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ഈ പരിഷ്കാരത്തെ എതിര്‍ക്കുന്നവരില്‍ ചിലരും പാപ്പക്ക് എതിരാണല്ലോ?'' എന്ന ചോദ്യത്തിന്, ''ഞങ്ങള്‍ പാപ്പയെ ഇഷ്ടപ്പെടുന്നവരും, അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുന്നവരുമാണ്, എന്നാല്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനം പറയുന്ന കാര്യങ്ങള്‍ അവഗണിക്കുന്നവര്‍ തീര്‍ച്ചയായും പാപ്പയുടെ ശത്രുക്കള്‍ തന്നെയാണ്’' എന്നായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി. സഭാപ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വിഷയം സംബന്ധിച്ച തന്റെ നിലപാട് പാപ്പ പലപ്പോഴും വ്യക്തമായിട്ടുള്ളതാണെന്നും, ചില തല്‍പ്പരകക്ഷികള്‍ പാപ്പ പറഞ്ഞ കാര്യങ്ങള്‍ അവഗണിച്ചുകൊണ്ട് തങ്ങള്‍ക്ക് ഗുണകരമാകുവാന്‍ സാധ്യതയുള്ള പ്രസ്താവനകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും കര്‍ദ്ദിനാള്‍ ആരോപിച്ചു. ജര്‍മ്മന്‍ മെത്രാന്‍മാരുടെ തീരുമാനത്തിനെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.