News

പെറുവില്‍ സ്വവര്‍ഗ്ഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ പ്രതിഷേധവുമായി അരലക്ഷം ക്രൈസ്തവര്‍ തെരുവില്‍

പ്രവാചകശബ്ദം 12-12-2024 - Thursday

ലിമാ: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവിന്റെ തലസ്ഥാന നഗരമായ ലിമായില്‍ സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ ഡിസംബര്‍ 7 ശനിയാഴ്ച നടന്ന പ്രതിഷേധ ധര്‍ണ്ണ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏതാണ്ട് അരലക്ഷത്തോളം പേരാണ് നീലയും, പിങ്കും നിറത്തിലുള്ള കൊടികളും, ബലൂണുകളുമായി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക വിവാഹബന്ധവും വിവാഹത്തിന്റെ പവിത്രതയും കാത്തുസൂക്ഷിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ നേതാക്കളും, രാഷ്ട്രീയക്കാരും, കുടുംബങ്ങളും പ്ലാസാ സാന്‍ മാര്‍ട്ടിനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

ഇക്കഴിഞ്ഞ നവംബര്‍ 21നാണ് പെറുവിലെ ജസ്റ്റിസ് ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ 02803/2022-CR എന്ന വിവാദ ബില്ലിന് അംഗീകാരം നല്‍കിയത്. 5 പേര്‍ പങ്കെടുക്കാതിരുന്ന വോട്ടെടുപ്പില്‍ ഒന്‍പതിനെതിരെ 12 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പ്ലീനറി സെഷന്‍ ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കിയാല്‍ മാത്രമേ ബില്‍ നിയമമാവുകയുള്ളൂ. ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. പുതിയ പദവി പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക വിവാഹബന്ധത്തിന് സമാനമായ അവകാശങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് നല്‍കുവാനാണ് ശ്രമിക്കുന്നതെന്നും ഇത് കുട്ടികളുടെ പൈതൃകാവകാശത്തേപ്പോലും ബാധിക്കുമെന്നും ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹബന്ധത്തെ മാത്രം അംഗീകരിക്കുന്ന ഭരണഘടനയിലെ 4, 5 ആര്‍ട്ടിക്കിളുകള്‍ക്ക് എതിരാണ് ഈ ബില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്തുകൊണ്ട് ലിമ അതിരൂപതാ മെത്രാപ്പോലീത്തയും, സഭാനിയമപണ്ഡിതനുമായ ഫാ. ലൂയീസ് ഗാസ്പറും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയിലെ 4, 5 ആര്‍ട്ടിക്കിളുകള്‍ പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ വിവാഹബന്ധം പാടുള്ളൂ എന്ന് വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ടെന്നു ഫാ. ഗാസ്പര്‍ ചൂണ്ടിക്കാട്ടി.

സ്വവര്‍ഗ്ഗ ബന്ധത്തെ സ്വാഭാവിക വിവാഹത്തിനോടൊപ്പമാക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റെ പിന്നിലെന്നും, അധികം താമസിയാതെ കുട്ടികളുടെ ദത്തെടുക്കല്‍ സംബന്ധിച്ച മറ്റൊരു ബില്ലും കൂടി അവതരിപ്പിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ ആകെ ജനസംഖ്യയുടെ 76%വും കത്തോലിക്ക വിശ്വാസികളാണ്.

-------------------------------------------------------

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »