News - 2025
വിശുദ്ധ കുര്‍ബാന നിരോധിക്കുവാന്‍ രാഷ്ട്രീയക്കാര്‍ക്ക് അവകാശമില്ല: വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍
പ്രവാചക ശബ്ദം 12-12-2020 - Saturday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാനയും, പൊതുആരാധനകളും വിലക്കുവാനുള്ള അധികാരം രാഷ്ട്രീയക്കാര്‍ക്കില്ലെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍. ലൈഫ്സൈറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ മുള്ളര്‍ ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ദേവാലയങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണെന്ന്‍ സമ്മതിക്കുന്നുണ്ടെങ്കിലും ചില ഭരണകൂടങ്ങളും രാഷ്ട്രീയക്കാരും കോവിഡ് -19 നിയന്ത്രണങ്ങള്‍ കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുവാനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ആരോപിച്ചു. ബഹുജന സമ്മേളനങ്ങള്‍ക്കും, ജനനിബിഡമായ പൊതുഗതാതവും അനുവദിക്കുമ്പോള്‍ തന്നെ പൊതുകുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതു ഇതു ശരിവെയ്ക്കുകയാണെന്ന് കര്‍ദ്ദിനാള്‍ മുള്ളര്‍ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശങ്ങള്‍ക്കായി പോരാടണമെന്നും ദൈവാരാധനയ്ക്കായി ക്രിസ്തുവിന്റെ ശരീരമായ തിരുസഭയിലെ അംഗങ്ങളെന്ന നിലയില്‍ നമ്മള്‍ മുന്നോട്ട് വരണമെന്നും കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു.
കത്തോലിക്കരോട് വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ ഉപദേശിക്കുന്ന രാഷ്ട്രീയക്കാര്‍ക്കുള്ള മറുപടിയായി, തന്റെ നാമത്തില്‍ ഒരുമിച്ചു കൂടുവാന്‍ ക്രിസ്തു തന്നെയാണ് സഭയെ വിളിച്ചിരിക്കുന്നതെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വചനം മാംസമായിത്തീര്‍ന്നുവെന്നും മാംസവും രക്തവും ആത്മാവുമുള്ളവരായ നമ്മള്‍ ദൈവം തന്നെ സൃഷ്ടിച്ച ഭൗതീക ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ വിശ്വാസികള്‍ ഒത്തുചേരുന്ന ആരാധനകളിലൂടെയുള്ള ഭൗതീകവും ദൃശ്യവുമായ മാധ്യസ്ഥം നമുക്ക് ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വത്തിക്കാനിലെ പ്രധാനപ്പെട്ട തിരുസംഘങ്ങളിലൊന്നായ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ മുള്ളര്‍ നിലവില്‍ റോമിലെ അഗോനില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ആഗ്നസ് ദേവാലയത്തിന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ ഡീക്കനാണ്.