News - 2024
ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജെസ്യൂട്ട് വൈദികന്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും
പ്രവാചക ശബ്ദം 11-01-2021 - Monday
വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 20ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജെസ്യൂട്ട് വൈദികന്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. ബൈഡന്‍ കുടുംബത്തിന്റെ സുഹൃത്തും, ജോര്‍ജ്ജ്ടൌണ്‍ യൂണിവേഴ്സിറ്റിയിലെ ജെസ്യൂട്ട് വൈദികനുമായ ഫാ. ലിയോ ഒ’ഡൊണോവാനാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക. 2015-ല്‍ ബൈഡന്റെ മകന്‍ ബിയൂ ബൈഡന്‍ മരിച്ചപ്പോള്‍ വില്‍മിംഗ്ടണിലെ സെന്റ് ആന്റണി പാദുവാ ഇടവകയില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ നയിച്ചതും ഫാ. ഡൊണോവാനായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ബൈഡന്‍ തന്നെ വിളിച്ചിരുന്നെന്നും, താന്‍ ക്ഷണം സ്വീകരിച്ചുവെന്നും ജനുവരി 6ന് നാഷ്ണല്‍ കാത്തലിക് റിപ്പോര്‍ട്ടറിനോട് ജെസ്യൂട്ട് റെഫ്യൂജീ സര്‍വ്വീസ് മിഷന്റെ ഡയറക്ടര്‍ കൂടിയായ ഫാ. ഡൊണോവന്‍ പറഞ്ഞു. നിരവധി പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ കത്തോലിക്കാ വൈദികര്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നയിച്ചിട്ടുണ്ട്. പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്സണിന്റേയും, ബില്‍ ക്ലിന്റണിന്റേയും, ജോര്‍ജ്ജ് ഡബ്ള്യു ബുഷിന്റേയും സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിയത് പ്രമുഖ വചനപ്രഘോഷകനായ ബില്ലി ഗ്രഹാമായിരുന്നു.
അമേരിക്കയുടെ ആദ്യ കത്തോലിക്കാ പ്രസിഡന്റായ 1961-ല്‍ ജോണ്‍ എഫ് കെന്നഡി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബോസ്റ്റണ്‍ കര്‍ദ്ദിനാള്‍ റിച്ചാര്‍ഡ് ജെ. കുഷിങ്ങും, നാലുവര്‍ഷങ്ങള്‍ക്ക് ശേഷം 1965-ല്‍ പ്രസിഡന്റ് ലിന്‍ഡണ്‍ ബി. ജോണ്‍സണ്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാന്‍ അന്റോണിയോ മെത്രാപ്പോലീത്ത റോബര്‍ട്ട് ഇ. ലൂസിയും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നയിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 1985-ല്‍ പ്രസിഡന്റ് റൊണാകാള്‍ഡ് റീഗന്‍ അധികാരമേറ്റപ്പോള്‍ ഫാ. ഡൊണോവാന്റെ മുന്‍ഗാമിയായിരുന്ന ജെസ്യൂട്ട് വൈദികന്‍ തിമോത്തി ഹീലിയായിരുന്നു പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്.
1985 മുതല്‍ 2017 വരെ കത്തോലിക്കാ പുരോഹിതരാരും പ്രസിഡന്‍ഷ്യല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രാര്‍ത്ഥനകള്‍ നയിച്ചിട്ടില്ല. 2017-ല്‍ പ്രസിഡന്റ് ട്രംപ് സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി എം ഡോളന്‍ ഉള്‍പ്പെട്ടിരുന്നു. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ നിന്നും ബൈബിള്‍ ഭാഗവും അന്ന്‍ അദ്ദേഹം വായിക്കുകയുണ്ടായി. 6-ന് ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിനിടെ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ട വാഷിംഗ്‌ടണിലെ യു.എസ് കാപ്പിറ്റോളില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കൊറോണ പകര്‍ച്ചവ്യാധി കാരണം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക