Faith And Reason - 2024

രാജ്യത്ത് സമാധാനം പുലരാന്‍ നിനവേ ഉപവാസത്തിനു ആഹ്വാനവുമായി ഇറാഖി കർദ്ദിനാൾ

പ്രവാചക ശബ്ദം 27-01-2021 - Wednesday

ബാഗ്ദാദ്: രാജ്യത്ത് സമാധാനം പുലരാന്‍ നിനവേ ഉപവാസത്തിനു ആഹ്വാനവുമായി ഇറാഖിലെ കൽദായ കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ. കൊറോണ വൈറസിൽ നിന്നുള്ള മോചനത്തിനു വേണ്ടി പ്രാർത്ഥിക്കുക, പാപങ്ങളെ പറ്റി പശ്ചാത്തപിക്കുക, സഹോദരങ്ങളോടും സമൂഹത്തിനോടുമുള്ള കടമ നിർവഹിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഉപവാസ പ്രാർത്ഥനയ്ക്ക് പിന്നിലുണ്ട്. നോമ്പിനോട് അടുത്ത നാളുകളിലാണ് പരമ്പരാഗതമായി ഏതാനും ചില പൗരസ്ത്യ റീത്തുകൾ നിനവേ ഉപവാസം അനുഷ്ഠിക്കുന്നത്.

പഴയനിയമത്തിലെ യോനാ പ്രവാചകൻ തിമിംഗലത്തിന്റെ ഉള്ളിൽ മൂന്നുദിവസം കഴിഞ്ഞതിന്റെയും, നിനവേയിലെ ജനങ്ങളുടെ മാനസാന്തരത്തിന്റെയും സ്മരണയ്ക്കാണ് നിനവേ ഉപവാസം ആരംഭിച്ചത്. ഉച്ചവരെ, സാധിക്കുമെങ്കിൽ വൈകുന്നേരം വരെ ഉപവസിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാൻ കർദ്ദിനാൾ വിശ്വാസി സമൂഹത്തിന് നിർദേശം നൽകി. മാര്‍ച്ചില്‍ നടക്കുന്ന പാപ്പയുടെ ഇറാഖ് സന്ദര്‍ശന വിജയത്തിനായും ആഹ്വാനമുണ്ട്. "നമുക്ക് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന് വേണ്ടി പ്രാർത്ഥിക്കാം. യോനാ പ്രവാചകൻ പറഞ്ഞ വാക്കുകൾ നിനവേയിലേ ജനങ്ങൾ ശ്രവിച്ചത് പോലെ ഒരു നല്ല ജീവിതം ഉണ്ടാവാൻ വേണ്ടി പാപ്പയുടെ വാക്കുകൾ നമുക്ക് കേൾക്കാം" അദ്ദേഹം പറഞ്ഞു.

മാർപാപ്പയുടെ കീഴിലുള്ള 23 പൗരസ്ത്യ സഭകളിലൊന്നാണ് കൽദായ കത്തോലിക്കാ സഭ. സിറിയൻ, അർമീനിയൻ, അറബ്, അസീറിയൻ ക്രൈസ്തവരെ പോലെ ഇറാഖിലെ ഒരു പ്രബല ക്രൈസ്തവ വിഭാഗമാണ് കൽദായ ക്രൈസ്തവർ. മാർച്ച് മാസം അഞ്ചാം തീയതി മുതൽ എട്ടാം തീയതി വരെ ആയിരിക്കും ഫ്രാൻസിസ് മാർപാപ്പയുടെ ഇറാക്ക് സന്ദർശനം നടക്കുക. ബാഗ്ദാദും, ക്രൈസ്തവസമൂഹം തിങ്ങിപ്പാർക്കുന്ന നിനവേ പ്രവിശ്യയും മാർപാപ്പ സന്ദർശിക്കുമെന്ന് കരുതപ്പെടുന്നു. പാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി ഞായറാഴ്ച ദിവസങ്ങളിൽ ദിവ്യബലിമധ്യേ പ്രാർത്ഥിക്കാൻ ലഘു പ്രാർത്ഥന കർദ്ദിനാൾ അടുത്തിടെ വിശ്വാസി സമൂഹത്തിന് നൽകിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 48