Faith And Reason - 2024

2021നു ഇരട്ട സവിശേഷത: യൗസേപ്പിതാവിന്റെ വര്‍ഷത്തിന് പിന്നാലെ കുടുംബ വര്‍ഷവും പ്രഖ്യാപിച്ച് പാപ്പ

പ്രവാചക ശബ്ദം 28-12-2020 - Monday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ അമോരിസ് ലെത്തീസ്യ (സ്നേഹത്തിന്റെ സന്തോഷം) പുറത്തിറങ്ങിയതിന്റെ അഞ്ചാം വാർഷികം പ്രമാണിച്ച് കുടുംബങ്ങൾക്ക് വേണ്ടി പ്രത്യേക വർഷം പാപ്പ പ്രഖ്യാപിച്ചു. ഇന്നലെ ഞായറാഴ്ചത്തെ ത്രികാല പ്രാർത്ഥനയ്ക്കിടയിലാണ് മാർപാപ്പ സുപ്രധാന ആഹ്വാനം നടത്തിയത്. അടുത്തവർഷം മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ആരംഭിക്കുന്ന കുടുംബ വർഷം 2022 ജൂൺമാസം റോമിൽ നടക്കുന്ന കുടുംബങ്ങളുടെ സംഗമത്തോടെയാണ് സമാപിക്കുക.

ഞായറാഴ്ചത്തെ തന്റെ സന്ദേശത്തിൽ തിരുകുടുംബത്തെ എല്ലാ കുടുംബങ്ങൾക്കുമുളള പ്രചോദനം എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. എല്ലാ കുടുംബങ്ങളും സ്നേഹത്തിൽ പണിതുയർത്തപ്പെടണമെന്ന് മാർപാപ്പ പറഞ്ഞു. സ്നേഹത്തിലും, ക്ഷമയിലും ബന്ധങ്ങൾ പുനരുജ്ജീവിക്കപ്പെടുന്ന ' പ്രാർത്ഥനയുടെ ഭവനമായി' കുടുംബങ്ങൾ മാറണം. അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്ട്രി ആണ് കുടുംബ വർഷത്തിന്റെ നടത്തിപ്പുചുമതല ഏറ്റെടുത്തിരിക്കുന്നത്.

അമോരിസ് ലെത്തീസ്യയുടെ പഠനങ്ങൾ ആളുകളിൽ എത്തിക്കുക, വിവാഹമെന്ന കൂദാശ ഒരു സമ്മാനമാണെന്ന് പ്രഘോഷിക്കുക, മിഷനറി പ്രവർത്തനത്തിന് ഉതകുന്ന വിധം കുടുംബങ്ങളിൽ വിശ്വാസ പരിശീലനം നടത്തുക, യുവജനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്കരിക്കുക, കുടുംബജീവിതം നയിക്കുന്ന എല്ലാ വിഭാഗത്തിലുള്ള ആളുകളുടെ ഇടയിലേയ്ക്കും കടന്നു ചെല്ലുക തുടങ്ങിയവയാണ് കുടുംബ വർഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി പറഞ്ഞിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് 2021 വിശുദ്ധ യൌസേപ്പിതാവിന്‍റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയിരിന്നു. ഇതിനു പിന്നാലെയാണ് കുടുംബങ്ങളുടെ വര്‍ഷ പ്രഖ്യാപനവുമെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക     

More Archives >>

Page 1 of 47