Seasonal Reflections - 2024

ജോസഫ് - ആർദ്രതയുള്ള പിതാവ്

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 30-01-2021 - Saturday

ഫ്രാൻസീസ് പാപ്പയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനമായ പാത്രിസ് കോർദേയിലെ ( ഒരു അപ്പൻ്റെ ഹൃദയത്തോടെ Patris corde ) രണ്ടാം നമ്പറിൽ യൗസേപ്പിതാവിൽ ഈശോ ദൈവത്തിൻ്റെ ആർദ്ര സ്നേഹം കണ്ടു രേഖപ്പെടുത്തിയിക്കുന്നു.

ദൈവസ്നേഹത്തിൻ്റെ ആർദ്രത തൻ്റെ ജീവിതത്തിലൂടെ അനുദിനം കാണിച്ചു കൊടുക്കുന്ന പിതാവായിരുന്നു യൗസേപ്പ്. അവനെ നോക്കിയവരെല്ലാം ദൈവസ്നേഹത്തിൻ്റെ അലിവും ആർദ്രതയും അനുഭവിച്ചറിഞ്ഞു.

ലോകത്തിലും സമൂഹങ്ങളിലും കുടുംബങ്ങളിലും സമാധാനത്തിൻ്റെ വാതിൽ തുറക്കുവാൻ ആർദ്രതയുള്ളവർക്കു സാധിക്കും. ആർദ്രത ആത്മീയതയ്ക്കു സൗന്ദര്യവും കുലീനത്വവും സമ്മാനിക്കും. ആർദ്രത എന്ന വികാരത്തിൻ്റെ അഭാവത്തിൽ സമൂഹ ജീവിതം നയിക്കാൻ മനുഷ്യൻ ക്ലേശിക്കും.

നശീകരണത്തിൻ്റെയും നാശത്തിൻ്റെയും വൈരാഗ്യബുദ്ധിയുടെയും വിത്തുകൾ സാത്താൻ വാരിവിതറുമ്പോൾ ഒരല്പം ആർദ്രതയും മനസ്സലിവും നമ്മൾ സ്വന്തമാക്കിയാൽ ശാന്തതയും സമാധാനവും ഈ ലോകത്തിനു സമ്മാനിക്കാൻ നമുക്കു സാധിക്കും.

"പിതാവിനു മക്കളോടെന്നപോലെ തന്റെ ഭക്‌തരോട് ‌അലിവുതോന്നുന്ന (സങ്കീ: 103 : 13 ) ദൈവത്തോടു കർത്താവേ എന്നിലേക്ക്‌ ആര്‍ദ്രതയോടെ തിരിയണമേ! ഈ ദാസന്‌ അങ്ങയുടെ ശക്‌തി നല്‍കണമേ! (സങ്കീ: 86 : 16) എന്നു നമുക്കു പ്രാർത്ഥിക്കാം.

ദൈവസ്നേഹത്തിൽ നനഞ്ഞു കുതിർന്നാണ് യൗസേപ്പ് ആർദ്രതയുള്ള പിതാവായി മാറിയത്. മനസ്സിൽ കാഠിന്യം ഏറിവരുമ്പോൾ, അമർഷവും അത്യാഗ്രഹവും ജീവിതത്തിൻ്റെ താളം കെടുത്തുമ്പോൾ യൗസേപ്പിൻ്റെ മുഖത്തേക്കു നോക്കാൻ സമയം കണ്ടെത്തുക. ആർദ്രതയുള്ള ദൈവസ്നേഹത്തിൻ്റെ മന്ദമാരുതൻ നമ്മളെയും തലോടി കടന്നു പോകും.


Related Articles »