Seasonal Reflections - 2024

ജോസഫ് - ദൈവത്തിന്റെ സ്വപ്നത്തോടൊപ്പം യാത്ര ചെയ്തവൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 31-01-2021 - Sunday

ഉണർത്തുകയും ഉറങ്ങാന്‍ അനുവദിക്കാത്തതരത്തില്‍ നമ്മെ വേട്ടയാടുകയും ചെയ്യുന്ന പ്രതിഭാസമാണ് യഥാര്‍ത്ഥ സ്വപ്നമെന്നു സ്വപ്നത്തിനു പുതിയ നിർവചനം നൽകിയത് ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷ മനുസരിച്ച് യൗസേപ്പിതാവിനു നാല് സ്വപ്നങ്ങൾ ഉണ്ടായി. ഇവ നാലും ദൈവീക പദ്ധതികളുടെ വെളിപ്പെടുത്തലുകൾ ആയിരുന്നു. ഉണർവു നൽകുന്നവയായിരുന്നു ഈ സ്വപ്നങ്ങൾ. നാലു തവണയും ജോസഫ് നിദ്രയിൽ നിന്നുണർന്ന് ദൈവത്തിൻ്റെ പദ്ധതികളോടൊത്തു സഹകരിക്കുന്നു. അതു വഴി യൗസേപ്പിതാവ് രക്ഷാകര ചരിത്രത്തിൻ്റെ ഭാഗമായിത്തീരുന്നു. സുവിശേഷത്തിലെ യൗസേപ്പ് സംസാരിക്കുന്നവനായിരുന്നില്ല, അനുസരിക്കുന്നവനായിരുന്നു. ദൈവീക സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഉറക്കമൊളിച്ചു അധ്വാനിച്ച ധൈര്യശാലിയായ മനുഷ്യൻ.

ജനുവരി 31 യുവജനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഡോൺ ബോസ്കയുടെ തിരുനാൾ ദിനമാണ്. 2017 ലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പയുടെ വചന സന്ദേശത്തിൽ, "ഇന്നത്തെ യുവജനങ്ങൾ ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിനെപ്പോലെ ദൈവം അവരെ ഭരമേല്പിപ്പിച്ചിരിക്കുന്ന ദൗത്യം സ്വീകരിക്കാൻ കഴിവുള്ള സ്വപ്നക്കാരണ്" എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവത്തിൻ്റെ പദ്ധതികൾക്കനുസരിച്ചുള്ള സ്വപ്നം കാണൽ യുവജനതയെ ഉണർവുള്ളവരായിരിക്കും. ഉണർവുള്ളവർക്കേ ഉയിരേകാൻ കഴിയു. ദൈവത്തിൻ്റെ സ്വപ്നത്തോടൊപ്പം ഉണർവ്വോടെ സഞ്ചരിച്ച യൗസേപ്പ് നമ്മുടെ ജീവിത സ്വപ്നങ്ങൾക്കും ഉണർവു നൽകട്ടെ.


Related Articles »