Youth Zone - 2024

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി നടത്തിയ പോരാട്ടത്തിന് ഫലം: ഹിജാബ് ധരിക്കണമെന്ന നിര്‍ദേശം ഇന്തോനേഷ്യ പിന്‍വലിച്ചു

പ്രവാചക ശബ്ദം 10-02-2021 - Wednesday

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി നടത്തിയ പോരാട്ടം വിജയം കണ്ടപ്പോള്‍ ആശ്വാസമായത് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്. എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥിനികളും നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ക്രൈസ്തവ വിശ്വാസിയായ വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും നടത്തിയ പോരാട്ടത്തിനൊടുവിലാണ് ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യ ചട്ടത്തില്‍ അയവുവരുത്തിയത്. മതപരമായ വേഷവിതാനങ്ങള്‍ വ്യക്തികളുടെ തെരഞ്ഞെടുപ്പാണെന്നും സ്കൂളുകളില്‍ ഇത് നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദമാക്കി. ഇത് പാലിക്കാത്ത സ്കൂളുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

പശ്ചിമ സുമാത്രയിലെ പാഡംഗ് നഗരത്തിലെത്തിയ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചത് ഏറെ വിവാദമായിരുന്നു. വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും നടത്തിയ പോരാട്ടത്തിനു ഒടുവില്‍ സ്കൂള്‍ അധികൃതര്‍ പിന്നീട് ക്ഷമാപണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമം പിന്‍വലിക്കുവാന്‍ ഭരണകൂടവും നിര്‍ബന്ധിതരായത്. മുസ്ലിം യാഥാസ്ഥിതിക നിയമങ്ങള്‍ പിന്തുടരുന്ന ഇന്തോനേഷ്യയിലെ മാറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

തീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണെന്ന് ജക്കാര്‍ത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ആന്‍ഡ്രീസ് ഹാര്‍സോണോ പറഞ്ഞു. നേരത്തെ നിരവധി വിദ്യാര്‍ത്ഥിനികളേയും അധ്യാപികമാരേയും സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാത്തവര്‍ക്ക് രൂക്ഷമായ അപമാനവും പരിഹാസവും നേരിടേണ്ടി വന്നിരുന്നു.


Related Articles »