News - 2024

കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ വത്തിക്കാന്‍ ആരാധന തിരുസംഘത്തിലെ പദവിയൊഴിഞ്ഞു

പ്രവാചക ശബ്ദം 20-02-2021 - Saturday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ സ്ഥാനമൊഴിഞ്ഞു. എഴുപത്തിയഞ്ചു വയസ്സ് പൂർത്തിയായതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ എന്ന സ്ഥാനം ഒഴിയാൻ തയാറെന്ന് പാപ്പയെ അറിയിച്ചതിനെ തുടർന്നാണ് ഫ്രാൻസിസ് പാപ്പ കർദ്ദിനാള്‍ സാറയുടെ രാജി സ്വീകരിച്ചത്. ഫ്രഞ്ച് ഗിനിയയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ 2014 മുതല്‍ ആരാധന തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്തുവരികയായിരിന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന അഭയാര്‍ത്ഥി രൂപത്തിലുള്ള ഇസ്ളാമിക അധിനിവേശത്തിനെതിരെയും ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തിരിന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയ്ക്കു ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫ്രാൻസിലെ നീസ് നഗരത്തിലെ ബസിലിക്ക ദേവാലയത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തെ രൂക്ഷമായി അപലപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ആഗോള തലത്തില്‍ ചര്‍ച്ചയായിരിന്നു. ഇസ്‌ളാമിസത്തിലെ പൈശാചികമായ മതഭ്രാന്തിനെതിരെ ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പോരാടേണ്ടതുണ്ടെന്നും ആഫ്രിക്കക്കാരായ തങ്ങള്‍ക്ക് നന്നായി അറിയാമെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ഇത് മനസിലാക്കണമെന്നുമായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വത്തിക്കാനിലെ വിവിധങ്ങളായ വിഷയങ്ങളില്‍ വിഭാഗീയ പ്രചരണമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരിന്ന നേതാവ് കൂടിയായിരിന്നു കര്‍ദ്ദിനാള്‍ സാറ.

1945- ജൂണ്‍ 15നു ആഫ്രിക്കന്‍ രാജ്യമായ ഫ്രഞ്ച് ഗിനിയയിലെ ഗോനാക്രിയിലായിരിന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ ജനനം. 1969-ല്‍ ഗോനാക്രി രൂപതയില്‍വെച്ച് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1979-ല്‍ അവിടത്തെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. 2001-ല്‍ കര്‍ദ്ദിനാള്‍ റോമന്‍ കൂരിയായില്‍ സേവനം ആരംഭിച്ചു. 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2014 നവംബര്‍ 23നു ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയെ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവനായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നു കര്‍ദ്ദിനാളിന് 75 വയസായതിനെ തുടര്‍ന്നു കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് രാജി കത്ത് മാര്‍പാപ്പയ്ക്കു നല്‍കിയിരിന്നെങ്കിലും അത് സ്വീകരിച്ചില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »