Seasonal Reflections - 2024
ജോസഫ് : ദൈവത്തിനായി സന്തോഷത്തോടെ തിരഞ്ഞെടുപ്പു നടത്തിയ വ്യക്തി
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 24-02-2021 - Wednesday
വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ മുൻ തലവൻ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ് The Power of Silence: Aganist the Dictatorship of Noise - (നിശബ്ദതയുടെ ശക്തി: ബഹളത്തിൻ്റെ ഏകാധിപത്യത്തിനെതിരെ) എന്നത്. ഈ ഗ്രന്ഥത്തിൽ "മനുഷ്യൻ തീർച്ചയായും ഒരു തിരഞ്ഞെടുക്കല്‍ നടത്തണം ദൈവത്തിനു വേണ്ടിയോ അല്ലെങ്കിൽ ഒന്നുമില്ലായ്മക്കു വേണ്ടിയോ, നിശബ്ദതയ്ക്കു വേണ്ടിയോ അല്ലെങ്കിൽ ബഹളത്തിനു വേണ്ടിയോ" എന്നു ആഫ്രിക്കയിലെ ഫ്രഞ്ച് ഗിനിയയിൽ നിന്നുള്ള കർദ്ദിനാൾ പറയുന്നു. കർദിനാൾ സാറായുടെ യുക്തി അനുസരിച്ച് ദൈവത്തിനായി അത്യധികമായ സന്തോഷത്തോടെ തിരഞ്ഞെടുപ്പു നടത്തിയ വ്യക്തിയാണ് വിശുദ്ധ യൗസേപ്പ്.
യൗസേപ്പിൻ്റെ ജീവിതം മുഴുവൻ ദൈവീക സ്വരത്തെ തിരിച്ചറിഞ്ഞു നടത്തിയ തിരഞ്ഞെടുപ്പാണന്നു നമുക്കു മനസ്സിലാക്കാം. നിശബ്ദനായിരുന്നതുകൊണ്ട് ഈ തിരഞ്ഞെടുപ്പു നടത്താൻ ഈ പിതാവിനു എളുപ്പമായിരുന്നു. ജീവിതത്തിലെ കോലാഹലങ്ങൾ ദൈവത്തിൽ ശ്രദ്ധ തിരിക്കാൻ പലവിധത്തിൽ ശ്രമിച്ചുകൊണ്ടിരിക്കും. നിശബ്ദനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാതൃക ദൈവത്തിനായി ജീവിതം മാറ്റിവയ്ക്കേണ്ടതിൻ്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു.
"ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്‌ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക." (നിയമാവര്‍ത്തനം 30 : 19 ) ഭൂമിയിലെ ജീവിതം അനുഗ്രഹപ്രദമാക്കാൻ ദൈവത്തിനായി തിരഞ്ഞെടുപ്പു നടത്താൻ വിശുദ്ധ യൗസേപ്പിതാവ് സഹായിക്കട്ടെ.