Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട്

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 26-02-2021 - Friday

"സ്വന്തം കുരിശെടുക്കുക എന്നാൽ അനുതാപത്തിന്റെയും ആത്മപരിത്യാഗത്തിന്റെയും വഴികളിലൂടെ പോവുക എന്നതാണ്"

- കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട് (വി.എഡിത്ത് സ്റ്റയിൻ) (1891-1942).

തികഞ്ഞ തത്വശാസ്ത്രയായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് യഹൂദമതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് മതപരിവർത്തനം നടത്തുകയും കർമ്മലീത്താ സഭയിൽ ചേരുകയും ചെയ്ത വ്യക്തിയാണ് കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട് (വി.എഡിത്ത് സ്റ്റയിൻ).

1891 ഒക്ടോബർ 12 ന് യഹൂദരുടെ പാപപരിഹാര തിരുനാളായ യോം കിപ്പൂർ (Yom Kippur) ദിനത്തിലാണ് എഡിത്തസ്റ്റയിൻ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ട അവൾ യൗവനകാലമെത്തിയെപ്പോഴെക്കും യഹൂദമത ജീവിതത്തിൽ നിന്നകന്നു. വളരെയധികം വൈജ്ഞാനിക കഴിവുണ്ടായിരുന്ന എഡിത്ത് ഫിലോസഫി പഠനത്തിൽ ആകൃഷ്ടനാവുകയും 1913 ൽ പ്രശസ്ത ജർമ്മൻ തത്വചിന്തകൻ എഡ്മണ്ട് ഫുസ്സേലിന്റെ( Edmund Husserl) ശിഷ്യയാവുകയും ചെയ്തു.തത്വശാസ്ത്ര പഠന കാലത്ത് മതകാര്യങ്ങളിൽ താൽപര്യം ഇല്ലായിരുന്നുവെങ്കിലും അവൾ കണ്ടുമുട്ടിയ ക്രൈസ്തവ ചിന്തകന്മാരുടെ ആത്മീയ ജീവിതവും ദർശനങ്ങളും അവളിൽ ക്രിസ്തുവിനെക്കുറിച്ചും സഭയെക്കുറിച്ചും ഒരു നല്ല മതിപ്പുണ്ടാക്കി.

1915ൽ പ്രശസ്തമായ Gottingen University യിൽ നിന്നു ഉന്നതവിജയം കരസ്ഥമാക്കിയ എഡിത്ത്, ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു വർഷം ആസ്ട്രിയിൽ നേഴ്സായി ജോലി ചെയ്തു.1916 ൽ പാഠ്യരംഗത്തേക്ക് തിരിച്ചു വന്ന അവൾ phenomenon of empathy എന്ന വിഷയത്തിൽ ഡോക്റേറ്റ് കരസ്ഥമാക്കി.ഈ കാലയളവിൽ സന്യാസ സമർപ്പണ ചിന്ത അവളിൽ ആഴപ്പെടാൻ തുടങ്ങി.1921ൽ തന്റെ കൂട്ടുകാരെ സന്ദർശിക്കുന്നിതിനിടയിൽ ഒരു രാത്രി പതിനാറാം നൂറ്റാണ്ടിലെ കർമ്മലീത്താ സന്യാസിനി അമ്മ ത്രേസ്യായുടെ ആത്മകഥ വായിക്കുകയും, അതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണന്നു തിരിച്ചറിയുകയും ചെയ്തു.1922 ജനുവരി ഒന്നിന് എഡിത്ത് സ്റ്റയിൻ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ സഭയിൽ അംഗമായി. തന്റെ മതപരിവർത്തനത്തിനു ശേഷം ഉടൻ തന്നെ കർമമലീത്താ സഭയിൽ അംഗമാകാൻ ആഗ്രഹിച്ചെങ്കിലും, പതിനൊന്നു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു അത്യന്തിക തീരുമാനത്തിൽ എത്തിച്ചേരാൻ.

ഈക്കാലയളവിൽ എഡിത്ത് ഒരു ഡോമിനിക്കൻ സ്കൂളിൽ പഠിപ്പിക്കുകയും, സ്ത്രികളുടെ പ്രശ്നങ്ങളെക്കുറിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 1931ൽ തോമസ് അക്വീനാസിന്റെ പഠനങ്ങളെക്കുറിച്ച് പഠിക്കാൻ മാറ്റിവച്ചു. 1932ൽ യൂണിവേഴ്സിറ്റിയിൽ അധ്യാപനം തുടങ്ങി.1933 ലെ നാസി ഭരണകൂടത്തിന്റെ ഉദയവും, എഡിത്തിന്റെ യഹൂദ വംശീയതയും യൂണിവേഴ്സിറ്റിയിലെ അധ്യാപന രംഗത്തിനു അവസാനം കുറിച്ചു. കത്തോലിക്കാ സഭയിലേക്കുള്ള മതപരിവർത്തനം എഡിത്തിന്റെ അമ്മക്ക് ഉൾക്കൊള്ളാനാവുന്നതല്ലായിരുന്നു.

1934 ൽ കർമ്മലീത്താസഭയിൽ അംഗമാവുകയും കുരിശിന്റെ തേരേസാ ബനഡിക്ട് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ദൈവത്തിന്റെ മുമ്പിൽ മധ്യസ്ഥം വഹിക്കുകയാണ് തന്റെ നിയോഗം എന്നവൾ തിരിച്ചറിഞ്ഞു. ജർമനിയിലുള്ള യഹൂദരുടെ ദാരുണ വിധി അറിയാമായിരുന്നതുകൊണ്ട് 'അവർക്ക് വേണ്ടി എഡിത്ത് സ്റ്റയിൻ പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.1939 സി. കുരിശിന്റെ തെരേസാ ബെനഡിക്ട് ഇപ്രകാരം എഴുതി "എന്റെ ജീവിതവും മരണവും സ്വീകരിക്കണമേ എന്നു ഞാൻ എന്റെ കർത്താവിനോട് അപേക്ഷിക്കുന്നു. അതു വഴി എന്റെ നാഥൻ എല്ലാ ജനങ്ങളാലും അംഗീകരിക്കപ്പെടുകയും അവിടുത്തെ രാജ്യത്തിന് മഹത്വമമുണ്ടാവുകയും ചെയ്യട്ടെ, അങ്ങനെ ജർമ്മനിയുടെ രക്ഷയും ലോകസമാധാനവും ഫലമണിയട്ടെ ".

കുരിശിന്റെ വിശുദ്ധ യോഹന്നാനെക്കുറിച്ചുള്ള തന്റെ അവസാന പുസ്തകം "The Science of the Cross", പൂർത്തിയാക്കിയശേഷം തെരേസാ ബെനഡിക്ട് തന്റെ സ്വന്തം സഹോദരി സി.റോസിനോടും മറ്റു സഹോദരിമാരോടും ഒപ്പം 1942 ആഗസ്റ്റ് 7ന് അറസ്റ്റു ചെയ്യപ്പെട്ടു. നാസികളുടെ യഹൂദരോടുള്ള പെരുമാറ്റം വിമർശിച്ചുകൊണ്ട് ഡച്ച് മെത്രാൻമാർ ഇടയലേഖനം എഴുതിയതിന്റെ പ്രതികാര നടപടിയായിട്ടാണ് അറസ്റ്റു നടന്നത്. 1942 ആഗസ്റ്റ് 9 ന് കുരിശിന്റെ തെരേസാ ബനഡിക്ട് രക്തസാക്ഷിത്വം വരിച്ചു.1998 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ എഡിത്ത് സ്റ്റയിനെ വിശുദ്ധയും യുറോപ്പിന്റെ സഹ മധ്യസ്ഥയുമായി പ്രഖ്യാപിക്കുകയും ചെയ്തു.

കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിനൊപ്പം പ്രാർത്ഥിക്കാം

കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടേ, നിൻ്റെ ജീവിതവും മരണവും ക്രിസ്തുവിൻ്റെ കുരിശിനെ പിൻതുടരാൻ എനിക്കു ശക്തി നൽകുന്നു. ആത്മപരിത്യാഗത്തിൻ്റെയും അനുതാപത്തിൻ്റെയും വഴികളിലൂടെ ക്രിസ്തുവിൻ്റെ കുരിശിലേക്കു വളരാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 23