Seasonal Reflections - 2024

ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന്!

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 28-02-2021 - Sunday

സ്വർഗ്ഗത്തിലേക്കു സ്നേഹത്തിൻ്റെ കുറക്കു വഴി വെട്ടിത്തുറന്ന വിശുദ്ധ ചെറുപുഷ്പം 1894 വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചെഴുതിയ ഒരു കവിതയാണ് ഇന്നത്തെ ചിന്താവിഷയം.

ജോസഫ്, നിൻ്റെ ആരാധ്യമായ ജീവിതം ദാരിദ്ര്യത്തിലേക്ക് വഴിമാറിയെങ്കിലും, ഈശോയുടെയും മറിയത്തിൻ്റെയും സൗന്ദര്യം നിനക്കു കാണാൻ സാധിച്ചുവല്ലോ! ആർദ്രതയുള്ള പിതാവേ, വിശുദ്ധ യൗസേപ്പേ കാർമ്മലിനെ സംരക്ഷിക്കുക! അതുവഴി ഈ ലോകത്തിലെ നിൻ്റെ മക്കൾ എപ്പോഴും സ്വർഗ്ഗത്തിലെ സമാധാനം ആസ്വദിക്കട്ടെ!

ദൈവപുത്രൻ, അവൻ്റെ ബാല്യത്തിൽ നിൻ്റെ കല്പനകൾക്കു വിധേയനായി. അവൻ നിൻ്റ മാറിൽ തല ചായ്ച്ച് സന്തോഷത്തോടെ ഉറങ്ങി. നിന്നെപ്പോലെ, മറിയത്തെയും യേശുവിനെയും ഏകാന്തതയിൽ ഞങ്ങളും ശുശ്രൂഷിക്കുന്നു.

നിന്റെ ആനന്ദം മാത്രമാണ് ഞങ്ങളുടെ ഏക ആഗ്രഹം; കൂടുതൽ കാര്യങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ അമ്മയായ വിശുദ്ധ അമ്മ ത്രേസ്യാ നിന്നെ സ്നേഹത്തോടെ വിളിക്കുമായിരുന്നു. അവളുടെ പ്രാർത്ഥനയ്ക്ക് നീ എല്ലായ്പ്പോഴും ഉത്തരം നൽകിയെന്ന് അവൾ ഉറപ്പുനൽകുന്നു.

അതിനാൽ ഈ ലോക-ജീവിതത്തിൻ്റെ അവസാനം ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയോടൊപ്പം, വിശുദ്ധ യൗസേപ്പേ നിന്നെ കാണാൻ ഞങ്ങൾ വരുമെന്നു ശുഭമായി ഞങ്ങൾ പ്രത്യാശിക്കുന്നു. ആർദ്രനായ പിതാവേ, ഞങ്ങളുടെ കൊച്ചു കാർമ്മലിനെ അനുഗ്രഹിക്കൂ! ഈ ഭൂമിയിലെ ജീവിതത്തിനു ശേഷം, സ്വർഗത്തിൽ ഞങ്ങളെ ഒന്നിപ്പിക്കുക!

വിശുദ്ധരായ മാതാപിതാക്കളുടെ യൗസേപ്പിതാവിനോടുള്ള ഭക്തിയാണ് കൊച്ചുത്രേസ്യായ്ക്കും അവനെ പ്രിയമുള്ളതാക്കി മാറ്റിയത്. "എൻ്റെ സ്നേഹഭാജനമായ പരിശുദ്ധ കന്യകയോട് ഒന്നായിരുന്ന വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കം കുട്ടിക്കാലം മുതലേ ഞാൻ വിലമതിച്ചിരുന്നു." എന്നു കൊച്ചുത്രേസ്യാ മറ്റൊരിക്കൽ പറഞ്ഞിരിക്കുന്നു. ചെറുപുഷ്പത്തിൻ്റെ യൗസേപ്പിതാവിനോടുള്ള ഭക്തി നമുക്കും പ്രചോദനമാകട്ടെ.


Related Articles »