Social Media

കുന്നോത്ത് പള്ളിയിലെ ആൾക്കൂട്ട വിചാരണ: സോഷ്യല്‍ മീഡിയയില്‍ കേട്ടതല്ല യാഥാര്‍ത്ഥ്യം

വിജിലന്‍റ് കാത്തലിക് 03-03-2021 - Wednesday

ഏതാനും ദിവസങ്ങൾക്ക് മുമ്പ് തലശേരി അതിരൂപതയിലെ കുന്നോത്ത് ഫൊറോന ദേവാലയത്തിൽ വച്ചുണ്ടായ ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ വിവാദമായി മാറിയിരുന്നു. "മനുഷ്യാവകാശ വിരുദ്ധം", "മനുഷ്യത്വരഹിതം", "കാടത്തം", "അക്രൈസ്തവം" എന്നിങ്ങനെ എണ്ണമറ്റ വിശേഷണങ്ങൾ ചാർത്തി നൽകി ഒട്ടേറെപ്പേർ ശക്തമായി രംഗത്തുവരികയും, വളരെ മോശമായ ഭാഷയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുകയും ചെയ്തു.

ജിൽസ് ഉണ്ണിമാക്കൽ എന്ന വ്യക്തി ഒരു ആൾക്കൂട്ടത്തിന് നടുവിൽ വച്ച് മറ്റൊരു വ്യക്തിയോട് മാപ്പ് പറയാൻ നിർബ്ബന്ധിതനാകുന്ന ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ആൾക്കൂട്ടത്തിന്റെ നിർബ്ബന്ധത്തിന് വഴങ്ങി ജിൽസ് എന്നയാൾ മറ്റേയാളുടെ കാലു പിടിച്ച സംഭവം വളരെ ദൗർഭാഗ്യകരമായിപ്പോയി എന്ന് പറയാതെവയ്യ. അതേസമയം ചെയ്തത് തെറ്റാണെങ്കിൽ അത് ചെയ്ത വ്യക്തി മാപ്പ് പറയുന്നതിൽ അസ്വാഭാവികതയില്ല താനും.

കുന്നോത്ത് ഇടവകയുമായി ബന്ധമൊന്നുമില്ലാത്ത ജിൽസ് എന്ന വ്യക്തി ആ ഇടവകയിലെ മറ്റൊരു വ്യക്തിയെയും, ഇടവകാ വികാരിയെയും, കൈക്കാരൻമാരെയും പരാമർശിച്ചുകൊണ്ട് നിരന്തരം ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇടുകയാണ് ചെയ്തുവന്നിരുന്നത്. തന്റെ പോസ്റ്റുകളിൽ ഇടവകാ വികാരിയെയും മറ്റ് ചിലരെയും പേരെടുത്തുപറഞ്ഞ് അയാൾ അവഹേളിക്കുകയുണ്ടായിരുന്നു. അയാൾ ആ പോസ്റ്റുകളിൽ പറഞ്ഞിരിക്കുന്നത് വാസ്തവമല്ല എന്ന ഇടവകക്കാരുടെ ആരോപണമാണ് മാപ്പ് പറയിക്കലിലേയ്ക്ക് വരെ എത്തിയത്. അതിന് മുമ്പ് തന്നെ സോഷ്യൽമീഡിയയിലെ ദുരാരോപണങ്ങൾക്കും അവഹേളനങ്ങൾക്കുമെതിരെ കുന്നോത്ത് ഇടവകയിലെ കൈക്കാരന്മാർ ജിൽസിനെതിരെ പോലീസിൽ പരാതി നല്കിയിരുന്നു.

ഇവിടെ ഉയർന്നുവരുന്ന പ്രധാന ചോദ്യം, ജിൽസ് സോഷ്യൽമീഡിയയിലെ പോസ്റ്റുകളിൽ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവമാണോ, എന്നതാണ്. ഈ വിവാദത്തിന് അടിസ്ഥാന കാരണമായ അന്ത്യകൂദാശ, മരണാനന്തര കർമ്മങ്ങൾ തുടങ്ങിയവ സംബന്ധമായ ആരോപണങ്ങളിൽ എത്രമാത്രം വാസ്തവമുണ്ട് എന്നതാണ് ഇവിടെ പരിശോധിക്കാൻ ആഗ്രഹിക്കുന്നത്.

കുന്നോത്ത് ഇടവകയിൽ സംഭവിച്ചതെന്ത്? ‍

പതിനാറ് വയസുള്ള ഒരു ബാലൻ ക്യാൻസർ ബാധിതനായി മരണപ്പെട്ട പശ്ചാത്തലത്തിൽ, ഏറെ ദിവസങ്ങൾക്ക് ശേഷം ആ കുട്ടിയുടെ പിതാവായ മാത്യു ചെരുപറമ്പിൽ എന്ന വ്യക്തി ഇടവകാവികാരിയായ ഫാ. അഗസ്റ്റിൻ പാണ്ട്യമാക്കലുമായി സംസാരിക്കുന്ന ഒരു വീഡിയോ ആണ് വളരെ മോശമായ പരാമർശങ്ങളോടെ ജിൽസ് തന്റെ ഫേസ്‌ബുക്കിലൂടെ ആദ്യമായി പുറത്തിച്ചുവിട്ടത്. കഴിഞ്ഞ വിഭൂതി തിരുന്നാൾ ദിവസം മാത്യു മറ്റു ചിലർക്കൊപ്പം പള്ളിയിൽ ചെന്ന് വികാരിയച്ചനോട് സംസാരിച്ചതിനിടയിലുള്ള ഒരു ഭാഗം മാത്രമായിരുന്നു അത്. മാത്യുവിനൊപ്പം അന്നുണ്ടായിരുന്നവരിൽ ഒരാൾ എമ്പറർ ഇമ്മാനുവൽ അംഗമായ അനുജനും, ഇടവകക്കാരനെങ്കിലും ഒരിക്കലും പള്ളിയിൽ വരികയോ ഇടവകയുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം പുലർത്തുകയോ ചെയ്യാത്ത മറ്റൊരാളുമായിരുന്നു. കൂടെയുണ്ടായിരുന്ന വേറെ രണ്ടുപേർ ഈ വിഷയത്തെക്കുറിച്ച് പൂർണ്ണമായും അജ്ഞരും കൂടെ വരാൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം വന്നവരുമായിരുന്നു.

ആ സംഭാഷണമദ്ധ്യേ രഹസ്യമായി റെക്കോർഡ് ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മാത്യു ചില ആരോപണങ്ങൾ ഉന്നയിക്കുന്ന ഭാഗം മാത്രമാണുള്ളത്. മറുപടി നൽകുന്ന ഭാഗം തന്ത്രപൂർവ്വം ഒഴിവാക്കിയിരുന്നു. ആ വീഡിയോയിൽ പറയുന്ന ആരോപണങ്ങളുടെ വെളിച്ചത്തിൽ, മറുപക്ഷത്തിന് പറയാനുള്ളതെന്താണെന്ന് കേൾക്കാൻ തയ്യാറാകാതെയാണ് പ്രസ്തുതവിവാദം ഇതുവരെയും സോഷ്യൽ മീഡിയയിലൂടെ ചിലർ ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്.

കേവലം പതിനഞ്ചോ പതിനാറോ വയസുള്ള ഒരു ബാലൻ ഗുരുതര രോഗിയായി മാറിയതും ഒടുവിൽ മരണപ്പെട്ടതുമെല്ലാം ആ നാടിന്റെ മുഴുവൻ വേദനയായിരുന്നു. ആ സാഹചര്യത്തിൽ വീട്ടുകാർക്ക് എല്ലാവിധത്തിലുമുള്ള പരിഗണന കൊടുക്കുവാൻ എല്ലായ്പ്പോഴും നാട്ടുകാർ മുഴുവൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടെ നാട്ടിൽ പലവിധ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ഇടവകയുമായി ബന്ധപ്പെട്ട് അനാവശ്യമായ നിരവധി പ്രശ്നങ്ങൾക്ക് കാരണക്കാരനാവുകയും ചെയ്തിട്ടുള്ളയാളാണ് മാത്യു ചെരുപറമ്പിൽ എന്ന വ്യക്തി എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോലും നാട്ടുകാരനായ വ്യക്തിയുടെ ഭവനത്തിൽ കയറി ആക്രമിച്ചതിന് അയാൾക്കെതിരെ പോലീസ് കേസുണ്ട്. മനസികാസ്വാസ്ഥ്യത്തിന്റെ ചില ലക്ഷണങ്ങൾ മാത്യു പലപ്പോഴും പ്രകടിപ്പിക്കുന്നതായി വിവരങ്ങളുണ്ട്. ഇത്തരം കാര്യങ്ങളുടെ വാസ്തവങ്ങൾ നേരിട്ടന്വേഷിച്ചാൽ ആർക്കും ബോധ്യപ്പടാവുന്നതേയുള്ളൂ.

ഒരുകാര്യം ശ്രദ്ധേയമാണ്. കുന്നോത്ത് ഇടവകക്കാരോ, ഇടവകാ വികാരിയുമായി ഈ വിഷയം സംസാരിച്ചിട്ടുള്ളവരോ ആരുംതന്നെ അക്കാര്യത്തിൽ ഇടവക വികാരി എന്ന നിലയിൽ ഫാ. അഗസ്റ്റിനോ ഇടവകയിലെ കൈക്കാരൻമാരോ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകൾ വരുത്തി എന്ന് കരുതുന്നില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സോഷ്യൽമീഡിയയിൽ ആരോപണശരങ്ങളും അധിക്ഷേപവാക്കുകളുമായി മുന്നോട്ടുവന്ന ആരും ഈ വിഷയത്തിന്റെ മറുവശം എന്താണെന്ന് അന്വേഷിച്ചിട്ടില്ല. ആരംഭഘട്ടത്തിൽ ഇടപെട്ട രണ്ടോ മൂന്നുപേരുടെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ സംഭവപരമ്പരകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവിധ ആരോപണങ്ങളും അതിന്റെ യാഥാർത്ഥ്യങ്ങളും ഇപ്രകാരമാണ്:

1. മരണാസന്നനായ ബാലന് അന്ത്യകൂദാശ കൊടുക്കാൻ വൈദികൻ തയ്യാറായില്ല എന്ന ആരോപണം ‍

അത്തരമൊരു ആരോപണം ഉന്നയിക്കുന്ന കുട്ടിയുടെ പിതാവായ മാത്യുവിന്റെ വാക്കുകളിൽ തന്നെ വൈരുദ്ധ്യങ്ങളുണ്ടെന്നത് ശ്രദ്ധിക്കുക. ഒരുമാസം മുമ്പ് താൻ ആവശ്യപ്പെട്ടിട്ട് അച്ചൻ വരാൻ തയ്യാറായില്ല എന്ന ആരോപണം ഉന്നയിക്കുന്ന അയാൾ, മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ വൈദികൻ തന്നെ കുട്ടിക്ക് അന്ത്യകൂദാശ കൊടുത്തിരുന്നു എന്നും പറയുന്നുണ്ട്. എന്നാൽ, തന്റെ മകന് ബോധമുണ്ടായിരുന്നപ്പോൾ അച്ചൻ അത് ചെയ്യാൻ തയ്യാറായില്ല എന്നതാണ് അയാൾ പറയുന്ന മറ്റൊരുവാദം. എന്നാൽ, മരണത്തിന് തൊട്ടുമുമ്പ് വരെയും ആ കുട്ടി അബോധാവസ്ഥയിലോ, സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലോ ആയിട്ടില്ല എന്നതാണ് വാസ്തവം. ഡിസംബർ മാസം 27ന് ഇരിട്ടി അമല ആശുപത്രിയിലെത്തി അച്ചൻ കുട്ടിയെ കാണുമ്പോൾ അവന് സംസാരിക്കാൻ ബുദ്ധിമുട്ടോ ഓർമ്മക്കുറവോ ഉണ്ടായിരുന്നില്ല.

മരണത്തിന് ഏറിയാൽ ഒന്നരമാസം മുമ്പ് നവംബറിൽ രോഗിയായ കുട്ടിയേയും കുടുംബാംഗങ്ങളെയും ഈ വൈദികൻ വീട്ടിൽ ചെന്ന് സന്ദർശിച്ചിരുന്നു എന്ന വാസ്തവത്തെ മാത്യുവിന് നിഷേധിക്കാൻ കഴിയില്ല. ഏതാണ്ട് അതേ നാളുകളിലാണ് അച്ചനെ പള്ളിയിൽ പോയിക്കണ്ട് കൂദാശകൾ കൊടുക്കണമെന്ന് താൻ അഭ്യർത്ഥിച്ചതായി മാത്യു പറയുന്നത്. അന്ന് കുട്ടിയെ പള്ളിയിലേക്ക് കൊണ്ടുവന്നാൽ കൂദാശകൾ കൊടുക്കാമെന്ന് അച്ചൻ പറഞ്ഞതായാണ് അയാളുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. മകനെയും കൊണ്ട് ഇടവക ദേവാലയത്തിൽ എത്താൻ കഴിയാത്തതിനാൽ അച്ചന്റെ വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും വീണ്ടും അഞ്ചുതവണയോളം ഇതേ ആവശ്യവുമായി അച്ചന്റെ പക്കൽ താൻ ചെന്നുവെന്നും വിശദീകരണ വീഡിയോയിൽ മാത്യു പറയുന്നു. എന്നാൽ അതേ വീഡിയോയിൽ തന്നെ വികാരിയച്ചൻ വീട്ടിൽ വരാത്ത പശ്ചാത്തലത്തിൽ കുട്ടിയേയും കൊണ്ട് കിലോമീറ്ററുകൾ ദൂരെ പട്ടാരത്ത് പോയി പ്രാർത്ഥിച്ചതായും അയാൾ പറയുന്നുണ്ട്.

മാത്യുവിന്റെ അവകാശവാദങ്ങളുടെ വാസ്തവം മറ്റൊന്നാണ്. കുട്ടിയുടെ രോഗം മൂർച്ഛിച്ചതായി അറിഞ്ഞ ഒക്ടോബർ മാസം തന്നെ, കൂദാശകൾ നൽകാനായി വീട്ടിലെത്താമെന്ന് അച്ചൻ മാത്യുവിനെ അറിയിച്ചിരുന്നു. എന്നാൽ, കുട്ടിയുടെ അവസ്ഥ മോശമാണെന്ന് വീട്ടുകാർക്കും അവനും അറിയാത്തതിനാൽ ഇപ്പോൾ കൂദാശകൾ നൽകാനായി വീട്ടിലെത്തിയാൽ അവർ വിഷമിക്കും എന്നുപറഞ്ഞ് മാത്യു അച്ചനെ തടയുകയാണ് ഉണ്ടായത്. എന്നാൽ, വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകാത്തരീതിയിൽ കുട്ടിയെ പള്ളിയിൽ എത്തിച്ചാൽ കൂദാശകൾ നൽകാമല്ലോ എന്ന് ചിലർ നിർദ്ദേശിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല. പിന്നീടൊരിക്കൽ കൂദാശകൾ നൽകാൻ വീട്ടിലെത്താൻ അച്ചൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ, പച്ചമരുന്ന് കഴിച്ച് അവന്റെ നില ഏറെ മെച്ചപ്പെട്ടിരിക്കുന്നതായി പറഞ്ഞ് അയാൾ വീണ്ടും അച്ചനെ നിരുത്സാഹപ്പെടുത്തി.

പിന്നീട് രോഗം മൂർച്ഛിച്ച് ഇരുട്ടി അമല ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നതായി അച്ചൻ അറിഞ്ഞപ്പോൾ പിതാവിനെ വിളിക്കുകയും താൻ ഉടനെ എത്താമെന്ന് അറിയിക്കുകയുമുണ്ടായി. എന്നാൽ, കുട്ടിയെ മറ്റൊരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയാണ് എന്ന കാരണം പറഞ്ഞ് അച്ചനെ തടയാനാണ് മാത്യു ശ്രമിച്ചത്. എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ അവിടെയെത്തി കുട്ടിക്ക് കൂദാശകൾ കൊടുക്കാൻ അച്ചൻ തയ്യാറാവുകയായിരുന്നു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷമാണ് കുട്ടി മരിക്കുന്നത്. കുട്ടിക്ക് രോഗീലേപനം നൽകാൻ പലപ്പോഴായി സന്നദ്ധത അറിയിച്ചിട്ടും പലവിധത്തിൽ അച്ചനെ തടഞ്ഞ വ്യക്തിയാണ് ഏതാനും ആഴ്ചകൾക്ക് ശേഷം വാസ്തവവിരുദ്ധമായ ആരോപണങ്ങളുമായി അച്ചനെതിരെ പ്രചാരണങ്ങൾ നടത്തിയത് എന്നതാണ് സത്യം.

ഈ വിഷയങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള നിരവധി വ്യക്തികളുണ്ട്. അവരുടെ അറിവിലും ബോധ്യത്തിലും മാത്യു പറയുന്നതിൽ ഏറെയും അസത്യങ്ങളാണ്. എന്താണ് സംഭവിച്ചതെന്ന് മാത്യുവിന്റെ ഇടവകക്കാർക്കും അയല്പക്കക്കാർക്കും വ്യക്തമായി അറിയാം എന്നതിനാലാണ് അപൂർവ്വം ചില തല്പരകക്ഷികളൊഴികെ ആ നാട്ടിലുള്ള ആരും തന്നെ മാത്യുവിനെയോ ജിൽസിനെയോ പിന്തുണയ്ക്കാൻ മുന്നോട്ടുവരാത്തതും വികാരിയച്ചന്റെ ഭാഗത്താണ് ന്യായം എന്ന് കരുതുന്നതും. അതേ കാരണത്താലാണ്, വാസ്തവവിരുദ്ധമായ പ്രചാരണങ്ങളും അധിക്ഷേപവും ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ പ്രതികരിക്കാൻ അവർ തീരുമാനിച്ചതും.

മാത്യുവിന്റെ സഹോദരനും എമ്പറർ ഇമ്മാനുവേൽ ഗ്രൂപ്പ് അംഗവുമായ വ്യക്തി ഇക്കാര്യങ്ങൾ വഷളാക്കാൻ പരിശ്രമിച്ചിരുന്നതായി പലരും കരുതുന്നു. എമ്പറർ ഇമ്മാനുവേൽ ടീമിന്റെ ഗൂഢാലോചന ഈ വിഷയത്തിലുള്ളതായാണ് പൊതുവെ കരുതപ്പെടുന്നത്. കുട്ടിയുടെ മരണത്തിന് ശേഷം നാല്പത്തൊന്നാം ദിനാചരണവും കഴിഞ്ഞ് വിഭൂതി തിരുന്നാൾ ദിനത്തിൽ മാത്യു വൈദികനുമായി കയർത്ത് സംസാരിക്കുന്ന വീഡിയോ രഹസ്യമായി തന്റെ മൊബൈലിൽ റെക്കോർഡ് ചെയ്തത് എമ്പറർ ഇമ്മാനുവേൽ അംഗമായ ആ വ്യക്തിയാണ്. ഏറെനേരത്തെ സംസാരത്തിനിടയിൽ മാത്യു അടിസ്ഥാനരഹിതമായ കുറെയേറെ ആരോപണങ്ങൾ ഉന്നയിക്കുന്ന ഭാഗം മാത്രം അതിന് ലഭിച്ച മറുപടികൾ ഒഴിവാക്കി എഡിറ്റ് ചെയ്താണ് ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിവരങ്ങൾ നേരിട്ട് അറിഞ്ഞിട്ടില്ലാത്ത കാഴ്ചക്കാരിൽ തെറ്റിദ്ധാരണകൾ ഉളവാക്കുക എന്നത് തന്നെയായിരിക്കണം ആ വീഡിയോ പുറത്ത് വിട്ടതിന്റെ പിന്നിലുള്ള ലക്‌ഷ്യവും.

2. മരണശേഷം ഏഴാം ദിനത്തിന്റെ ചടങ്ങുകളിൽ വൈദികൻ അലംഭാവം കാണിച്ചു എന്ന ആരോപണം. ‍

ഏഴാം ദിവസത്തിന്റെ ചടങ്ങുകൾക്കായി വികാരിയച്ചൻ വീട്ടിൽ ചെന്നില്ല എന്നതാണ് മറ്റൊരു പ്രധാന ആരോപണമായി ചർച്ച ചെയ്യപ്പെടുന്നത്. ഈ ആരോപണം ഉന്നയിക്കുന്ന മാത്യു പല വാസ്തവങ്ങളും മറച്ചുവച്ചിരിക്കുകയാണ്. ജനുവരി അഞ്ചിന് മരിച്ച കുട്ടിയുടെ സംസ്കാര ചടങ്ങുകളെല്ലാം പിറ്റേദിവസം നടത്തിയതും തുടർന്നുള്ള ദിവസങ്ങളിൽ ഒപ്പീസ് ചൊല്ലിയതും ഇടവകാ വികാരിയുടെ നേതൃത്വത്തിൽ തന്നെയാണ്.

ഞായറാഴ്ചകൾ പോലും ഒഴിവാക്കാതെ നാല്പത്തൊന്നാം ദിനം വരെയും അച്ചൻ ഒപ്പീസ് ചൊല്ലിയിരുന്നു. ഏഴാം ദിവസവും പതിവുപോലെ വികാരിയച്ചൻ താൻ അർപ്പിച്ച കുർബ്ബാനയ്ക്ക് ശേഷം ഒപ്പീസ് ചൊല്ലുകയുണ്ടായി. എന്നാൽ, ഏഴാം ദിവസത്തെ ചടങ്ങിനോട് അനുബന്ധിച്ച് അന്നേ ദിവസം പ്രത്യേകമായി അർപ്പിക്കപ്പെട്ട വിശുദ്ധ കുർബ്ബാനയ്ക്കായി ആ കുടുംബത്തിന്റെ ബന്ധുവായ മറ്റൊരു വൈദികൻ എത്തിച്ചേർന്നിരുന്നു. അദ്ദേഹമാണ് ബലിയർപ്പിച്ചത്. തുടർന്ന് വീട്ടിലെ കർമ്മങ്ങൾക്കായും ആ വൈദികൻ ഉണ്ടായിരുന്നതിനാൽ വികാരിയച്ചനോ അസിസ്റ്റന്റ് വികാരിയോ വീട്ടിലേയ്ക്ക് പോവുകയുണ്ടായില്ല. ഇത്രമാത്രമാണ് അന്നേദിവസം സംഭവിച്ചത്.

പിന്നീട് സംഭവിച്ചത് . ‍

അകാലത്തിൽ മരണപ്പെട്ട മകന്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ ചില ആക്ഷേപങ്ങളുമായി പെട്ടെന്ന് മാത്യു രംഗപ്രവേശം ചെയ്തു. മുമ്പ് പറഞ്ഞതുപോലെ, വിഭൂതി തിരുന്നാൾ ദിനത്തിൽ ചിലരെ കൂട്ടി പള്ളിയിലെത്തി അച്ചനുമായി സംസാരിച്ചതാണ് പ്രശ്നങ്ങളുടെയെല്ലാം ആരംഭം. അന്ത്യകൂദാശ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം അയാൾക്കുണ്ടായിരുന്ന ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധങ്ങളാണ് എന്നറിയാമായിരുന്നെങ്കിലും മകന്റെ മരണത്തെ തുടർന്നുള്ള സഹതാപ ചിന്തയാലും ചില മാനസിക പ്രശ്നങ്ങൾ അയാൾക്കുണ്ടെന്ന ബോധ്യത്താലും ആരുംതന്നെ കാര്യമായി പ്രതികരിച്ചില്ല. അതിനിടയിൽ വീഡിയോ രഹസ്യമായി റെക്കോർഡ് ചെയ്തിരുന്നത് ആരും അറിഞ്ഞതുമില്ല. ഇതേ ആരോപണങ്ങളുമായി തലശേരി അതിരൂപതാ മെത്രാപ്പോലീത്തയുടെ മുന്നിലും മാത്യു എത്തിയിരുന്നു.

എന്നാൽ, പിതാവിന്റെ അന്വേഷണത്തിലും അയാളുടെ വാദഗതികളിൽ കഴമ്പില്ല എന്ന് വ്യക്തമായി. എങ്കിലും മകന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തിലും, വ്യാജപ്രചാരണങ്ങൾ തുടരുന്നതിനാലും അഭിവന്ദ്യ പിതാവ് കുന്നോത്ത് എസ്റ്റേറ്റിൽ വച്ച് മാത്യുവിന് പറയാനുള്ളത് കേൾക്കുകയും, അയാളെ ശാന്തനാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തനിക്ക് ഇനി പരാതികളൊന്നുമില്ല എന്ന് അവിടെവച്ച് പിതാവിനോട് അയാൾ പറഞ്ഞ് ചില ദിവസങ്ങൾക്കുള്ളിലാണ് പഴയ ആരോപണങ്ങൾ വളരെമോശം ഭാഷയിൽ ആവർത്തിച്ചുകൊണ്ട് അന്യനാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ വഴിയായി വീഡിയോ ഉൾപ്പെടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്തിനാണ് മാത്യു കള്ളം പറയുന്നതും ഇടവകയെയും വികാരിയെയും അപമാനിക്കാൻ ശ്രമിക്കുന്നതുമെന്നും അയാളെ അടുത്തറിയാവുന്നവർക്ക് പോലും വ്യക്തതയില്ല. എന്നാൽ അന്നും ഇന്നും അയാൾ പറയുന്നത് അസത്യമാണ് എന്ന് അവർക്കാർക്കും സംശയവുമില്ല.

അതേസമയം, ഇക്കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞിട്ടും കുന്നോത്ത് ഇടവകയെയും, ഇടവകാ വികാരിയെയും, ചില വ്യക്തികളെയും മനപ്പൂർവ്വം അവഹേളിക്കാനുള്ള ശ്രമമാണ് ചില തല്പര കക്ഷികളുടെ പിന്തുണയോടെ ജിൽസ് ഉണ്ണിമാക്കൽ നടത്തിയത് എന്ന് വ്യക്തമായതിനാലാണ് ഇടവകക്കാർ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഇതുപോലുള്ള അവസരങ്ങൾ മുതലെടുത്ത് വൈദികരെയും കത്തോലിക്കാ സഭയെയും സമൂഹമാധ്യമങ്ങളിൽ താറടിക്കുന്ന ശൈലി ജിൽസ് എന്ന വ്യക്തിക്ക് പണ്ടേയുള്ളതാണ്. മുമ്പൊരിക്കൽ മറ്റൊരു ഇടവകയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാനമായ ഇടപെടലുകൾ നടത്തിയതിന്റെ പേരിൽ ഈ വ്യക്തി ആ ഇടവകക്കാരുടെ രോഷ പ്രകടനങ്ങൾ ഏറ്റുവാങ്ങുകയുണ്ടായിരുന്നു.

കാളപെറ്റു എന്നുകേട്ടപ്പോൾ കയറെടുത്തവർ ‍

വലിയ മനുഷ്യാവകാശ ലംഘനം എന്ന രീതിയിലാണ് ജിൽസ് ഉണ്ണിമാക്കൽ എന്ന വ്യക്തിക്കുണ്ടായ അനുഭവത്തെയും മാത്യുവിന്റെ വാക്കുകളെയും കുറേപ്പേർ വിലയിരുത്തിയത്. എന്നാൽ, ഇല്ലാത്തകാര്യം പ്രചരിപ്പിച്ച് അധിക്ഷേപം ചൊരിയപ്പെടുമ്പോൾ ഒരു വ്യക്തിക്കും അദ്ദേഹത്തിന്റെ സ്നേഹിതർക്കും ഉണ്ടാകുന്ന വേദന മനസിലാക്കാൻ അവരാരും ശ്രമിച്ചുകണ്ടില്ല. പകരം, വാസ്തവ വിരുദ്ധ പ്രചാരണങ്ങൾ നടത്തിയ വ്യക്തിയെ ഏതുവിധേനയും പിന്തുണയറിയിക്കാനുള്ള തത്രപ്പാടിലായിരുന്നു അവരെല്ലാം.

ചില സ്ഥാപിത താൽപര്യങ്ങളാണ് അത്തരം പ്രതികരണങ്ങളിലെല്ലാം മുഴച്ചുനിന്നിരുന്നത്. അക്കൂട്ടത്തിൽ ഒരാൾ പോലും വാസ്തവമെന്താണെന്ന് മനസിലാക്കി പ്രതികരിക്കാൻ തയ്യാറാകാതിരുന്നത് വേദനാജനകമാണ്. കത്തോലിക്കാ സഭയെയും വൈദികരെയും ആക്രമിക്കാൻ ലഭിക്കുന്ന ഒരവസരംപോലും പാഴാക്കാത്ത ചിലരാണ് കഴിഞ്ഞ ദിവസങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ എന്ന് വ്യക്തം. അത്തരക്കാരുടെ കപടത തിരിച്ചറിഞ്ഞ് സത്യത്തിനൊപ്പം നിലകൊള്ളാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 23