Social Media - 2024
ഹാഗിയ സോഫിയ വിഷയത്തിൽ ക്രൈസ്തവർക്ക് തെറ്റിദ്ധാരണകളില്ല
വിജിലന്‍റ് കാത്തലിക് 04-03-2021 - Thursday
ഹാഗിയ സോഫിയ വിഷയത്തിൽ താൻ തെറ്റിദ്ധരിക്കപ്പടുകയിരുന്നു എന്ന വാദവുമായി സാദിഖ് അലി ശിഹാബ് തങ്ങൾ ഏഴുമാസങ്ങൾക്കിപ്പുറം വീണ്ടും ഒരിക്കൽക്കൂടി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. "അയാസോഫിയയിലെ ജുമുഅ" എന്നപേരിൽ 2020 ജൂലൈ ഇരുപത്തൊന്നിന് ചന്ദ്രികയിൽ ശ്രീ സാദിഖ് അലി എഴുതിയ ലേഖനം ആ നാളുകളിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പതിവില്ലാത്തവിധം ഹാഗിയ സോഫിയ വിഷയം മലയാളികൾക്കിടയിൽ ചർച്ചാവിഷയമായി മാറിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ലേഖനം ചന്ദ്രികയിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം മനോരമ പുറത്തുവിട്ട ഇന്റർവ്യൂവിൽ സാദിഖ് അലി, താൻ അന്ന് എഴുതിയതിനെയും അന്നത്തെ നിലപാടിനെയും പൂർണ്ണമായും ന്യായീകരിക്കുകയും താൻ എഴുതിയത് നല്ല ഉദ്ദേശ്യത്തോടെയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ്. ഈ പശ്ചാത്തലത്തിൽ, അന്ന് സാദിഖ് അലി പറഞ്ഞതെന്താണെന്നും, വാസ്തവങ്ങൾ മനസിലാക്കിയ മതേതരസമൂഹവും ക്രൈസ്തവരും എന്തുകൊണ്ട് അതിനെ എതിർത്തുവെന്നും, ഇപ്പോൾ സാദിഖ് അലി പറയുന്നതിലെ പാളിച്ചകൾ എന്തൊക്കെയാണെന്നും വിശദമാക്കേണ്ടതുണ്ട്.
ആമുഖമായി വ്യക്തമാക്കേണ്ട മറ്റൊന്നുണ്ട്. ഹാഗിയ സോഫിയ വിഷയം കേരളത്തിൽ ചർച്ചയായത് എന്തുകൊണ്ടാണ് എന്ന ചോദ്യം പലപ്പോഴായി ഉയരുകയും പലരീതിയിലുള്ള വിശദീകരണങ്ങൾ ചർച്ചചെയ്യപ്പെടുകയുമുണ്ടായിരുന്നു.
ലോകത്തിലേക്കും വച്ച് ഏറ്റവും പഴക്കംചെന്ന ക്രൈസ്തവ ദേവാലയം എന്ന നിലയ്ക്ക് ആഗോള ക്രൈസ്തവർക്ക് പ്രത്യേകമായ ഒരു വികാരം ഹാഗിയ സോഫിയയോട് ഉണ്ടാവുക സ്വാഭാവികം. എന്നാൽ അതിനപ്പുറം, ഇതുപോലെ ചരിത്രമുറങ്ങിക്കിടക്കുന്ന വലിയൊരു സ്മാരകത്തെ കടന്നുകയറ്റങ്ങളുടെയും യുദ്ധങ്ങളുടെയും പിടിച്ചെടുക്കലുകളുടെയും കാലത്തെ നീതീകരണ വാദഗതികൾ ഉന്നയിച്ചുകൊണ്ട് മതവൽക്കരിക്കാനുള്ള ഗൂഢ ശ്രമത്തെ ആഗോള മതേതര സമൂഹം എതിർത്തതിന്റെ അലയൊലികളാണ് കേരളത്തിലും പ്രധാനമായി പ്രത്യക്ഷമായത്.
ലോകം ഏകാധിപത്യ ഭരണങ്ങളിൽനിന്ന് ജനാധിപത്യ സ്വഭാവത്തിലേക്ക് വഴിമാറിയ ഈ ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല ഇത്തരം അധിനിവേശങ്ങൾ. അത്, ഒരു പ്രത്യേക മതം പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ പിന്തുടർന്ന് പോരുന്ന നിലപാടുകളുടെ തനിയാവർത്തനംകൂടിയാകുമ്പോൾ രാഷ്ട്രീയം മൗലികവാദങ്ങൾക്കും വർഗ്ഗീയ ചിന്തകൾക്കും അതീതമാകണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നതാണ് വാസ്തവം. പലരീതിയിൽ ഇന്നത്തെ ലോകത്തിലും അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകളുടെ ഗൂഢ തന്ത്രങ്ങളുടെ തുടർച്ചയായാണ് ചിന്താശേഷിയുള്ള അനേകർ ഹാഗിയ സോഫിയ വിഷയത്തിലെ തുർക്കിയുടെ നിലപാടിനെ വിലയിരുത്തിയത്.
ആഗോളതലത്തിൽ തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതികളുള്ള ഭരണകൂടങ്ങളും മത - രാഷ്ട്ര നേതൃത്വങ്ങളും പിന്തുടർന്നുപോരുന്ന ഇത്തരം നിലപാടുകളെ ചന്ദ്രികയിലെ ലേഖനത്തിലൂടെ വ്യക്തമായി പിന്തുണച്ചെങ്കിലും, ഇലക്ഷനടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ തന്റെ ക്രൈസ്തവ വിരുദ്ധ, മതേതരത്വ വിരുദ്ധ നിലപാടുകളെ വെള്ളപൂശാൻ ശ്രമിക്കുകയാണ് സാദിഖ് അലി തങ്ങൾ എന്ന് വ്യക്തം. അന്ന് താൻ പറഞ്ഞതിനെതിരെ പ്രതികരണങ്ങൾ ഉയർന്നത് സോഷ്യൽമീഡിയയിൽ മാത്രമാണെന്ന് തങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ, അന്ന് ഏതാണ്ട് എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയം ചർച്ച ചെയ്യുകയും ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ തുടങ്ങിയ മുതിർന്ന ലീഗ് നേതാക്കൾ പോലും പലപ്പോഴായി സാദിഖ് അലിയെയും അദ്ദേഹം പറഞ്ഞതിനെയും തള്ളിപ്പറയുകയും ഉണ്ടായതാണ്.
തനിക്കറിയാവുന്ന ചരിത്രം മാത്രമാണ് ആ ലേഖനത്തിൽ ഉണ്ടായിരുന്നതെന്നും, ക്രൈസ്തവരെ അധിക്ഷേപിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഇന്ന് അദ്ദേഹം പറയുന്നു. എന്നാൽ, വാസ്തവവിരുദ്ധമായ ഏറെ ആശയങ്ങൾ കുത്തിനിറച്ച ആ ലേഖനത്തിൽ പ്രത്യക്ഷത്തിൽ തന്നെ പല തെറ്റുകളും കാണാൻ കഴിയും. പലപ്പോഴായി നിരവധി ലേഖനങ്ങളിലൂടെ ഒട്ടേറെപ്പേർ പിഴവുകൾ ചൂണ്ടിക്കാണിച്ചിട്ടും, കത്തോലിക്കാസഭയും മതേതര സമൂഹവും പ്രതികരിച്ചിട്ടും തന്റെ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായാണ് അന്ന് സാദിഖ് അലി വ്യക്തമാക്കിയത്.
സാദിഖ് അലി തങ്ങൾ പറഞ്ഞതിലെ ഗുരുതരമായ തെറ്റുകൾ
വളരെ "നിഷ്കളങ്കമായ" രീതിയിൽ, മതസൗഹാർദ്ദം മാത്രം ലക്‌ഷ്യം വച്ച് താൻ ഹാഗിയ സോഫിയയെക്കുറിച്ച് പറയുകയാണ് ഉണ്ടായതെന്ന് തങ്ങൾ പറയുന്നു. എന്നാൽ, അന്ന് ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ എഴുതിവച്ച വലിയ തെറ്റുകളെക്കുറിച്ച് ഇന്ന് അദ്ദേഹം ഒന്നും പറയുന്നില്ല. ചന്ദ്രിക ദിനപ്പത്രത്തിൽ 2020 ജൂലൈ 21 ന് പ്രസിദ്ധീകരിച്ച ആ ലേഖനം, ചന്ദ്രികയുടെ ഓൺലൈൻ എഡീഷനിലും ലഭ്യമായിരുന്നു. എന്നാൽ വിവാദമായതോടെ ചില ദിവസങ്ങൾക്ക് ശേഷം ചന്ദ്രിക മാനേജ്‌മെന്റ് അത് നീക്കം ചെയ്യുകയുണ്ടായി. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ വസ്തുതാപരമായിരുന്നെങ്കിൽ അത് നീക്കം ചെയ്യേണ്ടതില്ലായിരുന്നല്ലോ. "അയാസോഫിയയുടെ ഉടമസ്ഥാവകാശം ക്രൈസ്തവർ ഉന്നയിക്കാത്തത് ചരിത്രപരമായി അതിന് സാധുതയില്ല എന്ന തിരിച്ചറിവുകൊണ്ടാണ്", "ഹാഗിയ സോഫിയ സംബന്ധിച്ച തീരുമാനത്തെ എതിർത്ത പല യൂറോപ്യൻ രാജ്യങ്ങളിലും മുസ്ലീങ്ങൾക്ക് നിസ്‌കാര സ്വതന്ത്ര്യമില്ല", "ഹാഗിയ സോഫിയയ്ക്കുവേണ്ടി ശബ്ദമുയർത്തുന്നവരുടെ മതേതര വാദം പൊള്ളയാണ്" തുടങ്ങിയ വാദഗതികൾ ഉയർത്തിയ സാദിഖ് അലി ആഗോള ഇസ്ലാമിസ്റ്റുകളുടെ പ്രവർത്തനങ്ങളെ മൊത്തത്തിൽ വെള്ളപൂശാനുള്ള ശ്രമമാണ് തന്റെ ലേഖനത്തിലൂടെ നടത്തിയത്. ക്രൈസ്തവ വിശ്വാസത്തെയും, ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളെയും മോശമായി ചിത്രീകരിക്കാനുള്ള ത്വര ഓരോ വാചകങ്ങളിലും പ്രകടമായിരുന്നു. അത്തരത്തിൽ അന്ന് താൻ പറഞ്ഞുവച്ച കാര്യങ്ങളിലൊന്നും തെല്ലും പശ്ചാത്താപമില്ലാതെ, "തന്നെ ക്രൈസ്തവർ തെറ്റിദ്ധരിക്കുകയായിരുന്നു" എന്ന ഇപ്പോഴത്തെ പ്രസ്താവനയിൽ തെല്ലും ആത്മാർത്ഥതയില്ല എന്ന് വ്യക്തം.
ആ ലേഖനത്തിലൂടെ സാദിഖ് അലി തങ്ങൾ ചരിത്രവസ്തുതകളെ തമസ്കരിക്കുകയും വളച്ചൊടിക്കുകയുമാണ് എന്ന് വ്യക്തമായതിനാൽത്തന്നെയാണ് വിവിധ ക്രൈസ്തവ നേതൃത്വങ്ങൾ ഉൾപ്പെടെ സാദിഖ് അലിയുടെ വാദഗതികളെ വിമർശിച്ച് രംഗത്തുവന്നത്. പലപ്പോഴും മതേതര കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിരുന്ന ഒരു കാലഘട്ടം പിന്നിട്ട്, വ്യത്യസ്തമായ നിലപാടുകൾ സ്വീകരിച്ചു തുടങ്ങിയ മുസ്ളീം ലീഗിൽ ജമാഅത്തെ ഇസ്ളാമിയുടെ ശക്തമായ സ്വാധീനമുണ്ട് എന്ന എന്ന വിമർശനത്തിന് വ്യക്തമായ ഉദാഹരണമായാണ് സാദിഖ് അലിയുടെ ലേഖനത്തിലെ വരികൾ ചൂണ്ടിക്കാണിക്കപ്പെട്ടത്. സാദിഖ് അലി ഇപ്പോൾ അവകാശപ്പെടുന്നതുപോലെ സോഷ്യൽമീഡിയയിൽ മാത്രം ഒതുങ്ങിനിന്ന വിയോജിപ്പുകളും പ്രതിഷേധങ്ങളുമായിരുന്നില്ല അന്നുണ്ടായത്. മുഖ്യധാരാമാധ്യമങ്ങളുൾപ്പെടെ ആ ലേഖനം ചർച്ചാവിഷയമാക്കുകയും അതിലെ വാസ്തവവിരുദ്ധമായ പരാമർശങ്ങൾ ചൂണ്ടിക്കാണിക്കുകയുമുണ്ടായിരുന്നു. ആ ലേഖനം വലിയ വിവാദമായ സാഹചര്യത്തിലും അദ്ദേഹത്തെ തിരുത്താൻ മുതിരാതിരുന്ന മുസ്ളീം ലീഗ് നേതൃത്വത്തിന്റെ നിലപാടും ചർച്ചാവിഷയമാവുകയുണ്ടായിരുന്നു.
സാദിഖ് അലി തങ്ങൾ എഴുതിയ ലേഖനത്തിലും മാസങ്ങൾക്ക് ശേഷം ഇപ്പോൾ നടത്തിയ പ്രതികരണത്തിലും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ വന്നിരിക്കുന്ന ചരിത്രപരമായ തെറ്റുകൾ അജ്ഞതകൊണ്ടല്ല എന്ന് കരുതേണ്ടിയിരിക്കുന്നു. സത്യാവസ്ഥ മനസിലാക്കാതെ എഴുതിയിരുന്നതെങ്കിൽ ഇപ്പോഴെങ്കിലും അത് തിരുത്താനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാനും ചരിത്രയാഥാർഥ്യങ്ങളെ തമസ്കരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായേ ഇത്തരം വളച്ചൊടിക്കലുകളെ കാണാനാവൂ. ഹാഗിയ സോഫിയ ഓട്ടോമൻ സുൽത്താനെ "ഏൽപ്പിച്ചു", അദ്ദേഹം അത് "ഏറ്റെടുത്തു" എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് സാദിഖ് അലി അന്നും ഇന്നും നടത്തുന്നത്. എന്നാൽ, 900 വർഷക്കാലം ഒരു ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ പിടിച്ചെടുത്തപ്പോൾ നടന്ന മനുഷ്യക്കുരുതി ഒട്ടേറെ തെളിവുകളുള്ള ഒരു ചരിത്രയാഥാർഥ്യമാണ്.
അമ്പത്തിമൂന്ന് ദിവസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ ഒരു സാമ്രാജ്യത്തോടൊപ്പം ആ പുരാതന സംസ്കാരത്തിന്റെ ഹൃദയംകൂടിയായിരുന്ന ദേവാലയം കൂടി പിടിച്ചടക്കി തങ്ങളുടേതാക്കിയ കാട്ടാളത്തെ തിരുത്താൻ തീരുമാനിച്ച അത്തത്തുർക്കിന്റെ 86 വർഷം മുമ്പത്തെ നടപടിയെയാണ് ഈ ആധുനിക കാലഘട്ടത്തിൽ ഒരു രാജ്യത്തിന്റെ പരമോന്നത കോടതി അസാധുവാക്കിയത്. ഈ കാലഘട്ടത്തിൽ കൈക്കൊണ്ട ഇത്തരമൊരു തീരുമാനം ആഗോള മതേതര സമൂഹത്തിന്റെ മനഃസാക്ഷിയെയാണ് ചോദ്യം ചെയ്തത്.
മതരാഷ്ട്ര - മതരാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അതീതമായി ഈ ലോകം മുന്നേറണമെന്ന് ആഗ്രഹിക്കുന്ന സകലർക്കും വലിയ വേദനയാണ് ഈ നടപടി സൃഷ്ടിച്ചത്. തുർക്കിയിലെ മതേതരവാദികളായ മുസ്ലീങ്ങൾ ഉൾപ്പെടെ ഈ വിഷയത്തിൽ തുർക്കി പ്രസിഡൻറ് റജബ് തയ്യിബ് എർദോഗന്റെ നിലപാടിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതേസമയം, സാദിഖ് അലി തങ്ങളാകട്ടെ, എർദോഗന്റെ ചരിത്രപ്രധാനമായ രാഷ്ട്രീയ കുതന്ത്രത്തെ വെള്ളപൂശുകയാണ് ചെയ്തത്.
ഹാഗിയ സോഫിയ മോസ്‌ക് ആക്കി മാറ്റുന്നതിൽ റഷ്യൻ ഓർത്തഡോക്സ് സഭ നിശബ്ദത പാലിച്ചു എന്ന് സാദിഖ് അലി തന്റെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നു. അതും യാഥാർഥ്യത്തിന് നിരക്കുന്നതല്ല എന്ന് ആ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെളിയിക്കുന്നു. റഷ്യൻ ഭരണകൂടവും റഷ്യൻ ഓർത്തഡോക്സ് സഭയും എർദോഗന്റെ നീക്കത്തെ അപലപിച്ചതായുള്ള വാർത്തകൾ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു. "ഹാഗിയ സോഫിയാ ദേവാലയത്തിനു നേരേയുള്ള എല്ലാ ഭീഷണിയും ക്രൈസ്തവ സംസ്കാരത്തിനും നേരേയുള്ള ഭീഷണിയാണ്, അതിലൂടെ ഇത് ഞങ്ങളുടെ ആത്മീയതയ്ക്കും ചരിത്രത്തിനും എതിരായുള്ള ഭീഷണിയായി കണക്കാക്കുന്നു" എന്നാണ്, റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ മോസ്കോയിലെ സിറിൽ പാത്രിയർക്കീസ് പ്രതികരിച്ചത്.
ചരിത്രപ്രാധാന്യംകൊണ്ട് അതുല്യവും, ക്രൈസ്തവ സമൂഹത്തിന് വളരെ വലിയ വൈകാരിക ബന്ധമുള്ളതും ലോക പൈതൃക പ്രദേശമായി യുനെസ്‌കോ പ്രഖ്യാപിച്ച് സംരക്ഷിച്ചു പോന്നതുമായ ഒരു പുരാതന ദേവാലയമാണ് ഹാഗിയ സോഫിയ എന്ന വാസ്തവത്തെ മറച്ചുവച്ചാണ് സാദിഖ് അലി ലേഖനം എഴുതിയത് എന്നതാണ് വാസ്തവം. ഒരു മ്യൂസിയമായി സംരക്ഷിക്കപ്പെട്ടിരുന്ന, മതേതരകാഴ്ചപ്പാടുകളോടെ ലോകം ആദരിച്ചുപോന്നിരുന്ന ഹാഗിയ സോഫിയയെ ഒരു മോസ്കാക്കി മാറ്റിയതിനെ "മതേതരത്വത്തിലേക്കുള്ള തിരിഞ്ഞു നടത്തം" എന്ന വിചിത്രമായ പരാമർശത്തോടെയാണ് സാദിഖ് അലി പുകഴ്ത്തിയത്. ഇപ്പോൾ അതുസംബന്ധിച്ച് പുറത്തുവന്ന "നിഷ്കളങ്കമായ" പ്രതികരണം തെല്ലും ആത്മാർത്ഥതയില്ലാത്തതും, അപകടകരമായ അദ്ദേഹത്തിന്റെ വർഗീയ നിലപാട് തിരുത്താനുള്ള വൈമുഖ്യം വെളിപ്പെടുത്തുന്നതുമാണ്. എന്നാൽ, ബുദ്ധിപൂർവ്വമാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത് എന്ന് പറയാതെവയ്യ. എന്താണ് ഹാഗിയ സോഫിയ സംബന്ധിച്ച യഥാർത്ഥ ചരിത്രം എന്നും, എന്തുകൊണ്ടാണ് ഹാഗിയ സോഫിയ മോസ്‌ക് ആക്കിയ നടപടിക്ക് ഇത്രമാത്രം പ്രതിഷേധം ഉണ്ടായതെന്നും വ്യക്തതയില്ലാത്ത അനേകരെ തെറ്റിദ്ധരിപ്പിക്കാൻ സാദിഖ് അലിയുടെ പുതിയ വിശദീകരണത്തിന് കഴിഞ്ഞേക്കും.
ഇസ്ലാമിക മതമൗലികവാദത്തെ എതിർക്കുന്നവരോ വർഗീയവാദികൾ?
ഈ കാലഘട്ടത്തിൽ തന്ത്രപരമായ ചില നീക്കങ്ങളുടെ ഭാഗമായി ഇസ്ലാമിക അധിനിവേശങ്ങളെയോ, ഇസ്ലാമിസ്റ്റുകളുടെ കുതന്ത്രങ്ങളെയോ ചോദ്യം ചെയ്യുന്നവർ വർഗ്ഗീയവാദികളായി ചിത്രീകരിക്കപ്പെടുന്നത് കാണാം. ബൗദ്ധിക സമൂഹം എന്ന് പൊതുവെ കരുതപ്പെടുന്നവരാണ് ഇത്തരത്തിൽ വർഗ്ഗീയവാദത്തിന് വിചിത്രമായ ഒരു നിർവ്വചനം നൽകാൻ കൂടുതൽ അധ്വാനിച്ചിട്ടുള്ളത്. "മുസ്ളീം ലീഗ്" പേരുകൊണ്ട് മതത്തെ പ്രതിനിധാനം ചെയ്യുന്നുവെങ്കിലും ഒരുകാലത്തെ അവരുടെ നിലപാടുകളിൽ മതേതരത്വമെന്ന നന്മയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. മുസ്ളീം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഏവർക്കും പ്രിയങ്കരനായിരുന്ന ഒരു വ്യക്തിത്വമായിരുന്നു.
അദ്ദേഹത്തിന്റെ നന്മയെ തുറന്ന മനസോടെ കാണുമ്പോൾ തന്നെ, സാദിഖ് അലി തങ്ങളുടെ നിലപാടിലെ രോഗാതുരതയെ തുറന്നുകാണിക്കാതിരിക്കാനും ഈ മതേതര സമൂഹത്തിന് കഴിയില്ല. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നുവെങ്കിൽ സാദിഖ് അലി മാതൃകയാക്കേണ്ടത് ഈ കാലഘട്ടത്തിലെ മുസ്ളീം അധിനിവേശത്തിന് വന്യമായ ഭാഷ്യം നൽകിയ എർദോഗനെയല്ല, തന്റെ സഹോദരനായ മുഹമ്മദലി ശിഹാബ് തങ്ങളെയാണ്. മതേതര നിലപാടുകളും മതാധിഷ്ഠിത നിലപാടുകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ബുദ്ധിമുട്ടില്ലാത്ത കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് ഈ വാസ്തവങ്ങളെ തീരെയും ഉൾക്കൊള്ളാൻ കഴിയാത്തത് ദുരൂഹമാണ്.
കഴിഞ്ഞയിടെ ഹാഗിയ സോഫിയ സംബന്ധിച്ച വിവാദ പ്രസ്താവന നടത്തിയ ചാണ്ടി ഉമ്മനും സമാനമായ പൊതുധാരണയാണ് പരസ്യമായി പ്രസംഗിച്ചത്. "ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ ഇല്ലാത്ത വേദന ഹാഗിയ സോഫിയയുടെ കാര്യത്തിൽ ക്രൈസ്തവർക്ക് എന്തിനാണ്?" എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ചോദ്യം. ക്രൈസ്തവ ദേവാലയങ്ങൾ പുതുതായി പണിയുന്നതോ അടച്ചുപൂട്ടുന്നതോ, മുസ്‌ളീം പള്ളികൾ പുതിയത് പണിയുന്നതോ പുനരുദ്ധരിക്കുന്നതോ ഹാഗിയ സോഫിയ വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണ് എന്നതാണ് കപട മതേതരവാദികൾ മനസിലാക്കേണ്ട ആദ്യത്തെ വസ്തുത. അതിപ്രധാനമായ ചരിത്രസ്മാരകങ്ങൾ പോലും മതത്തിന്റെ ഭാഗമാക്കി മാറ്റാൻ വ്യഗ്രതപ്പെടുന്ന ഒരു മതരാഷ്ട്രീയം ആഗോള തലത്തിൽ ശക്തിപ്രാപിക്കുന്നതിനെതിരെയാണ് ഹാഗിയ സോഫിയ വിഷയത്തിന്റെ പശ്ചാത്തലത്തിൽ മതേതര സമൂഹം പ്രതിഷേധിച്ചത്.
മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ തന്നെ വളരെ ഗുരുതരമായ മതവൽക്കരണത്തെ ന്യായീകരിക്കാൻ മതേതരത്വത്തെ കൂട്ടുപിടിക്കുന്നു എന്നതാണ് നമുക്കിടയിലെ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ നിലപാടുകളിലെ പ്രധാന വൈരുദ്ധ്യം.
എല്ലാത്തരം വർഗീയ പ്രവണതകളും ചെറുക്കപ്പെടേണ്ടത് തന്നെയാണ്. ഈ കാലഘട്ടത്തിൽ അത് വിവിധ മതങ്ങളുടെയും മതനേതാക്കളുടെയും പ്രധാന ഉത്തരവാദിത്തമാണ്. അങ്ങനെയിരിക്കെ, ഒരു പ്രത്യേക മതത്തിന്റെ കടുത്ത വർഗ്ഗീയ നിലപാടുകളെയും വലിയ അതിക്രമങ്ങളെയും ലോകമെമ്പാടുമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതികളെയും പോലും കണ്ടില്ലെന്ന് നടിക്കാനും, കേരളത്തിൽ പോലും അവരുടെ നിലപാടുകളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ വെള്ളപൂശാനും, കടന്നുകയറ്റ ശ്രമങ്ങളെയും കുറ്റകൃത്യങ്ങളുടെ വർദ്ധനയെയും തമസ്കരിക്കാനും, കേരള രാഷ്ട്രീയത്തിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്ന വർഗ്ഗീയതയുടെ അതിപ്രസരത്തെ ന്യായീകരിക്കാനും യാതൊരു കുറ്റബോധവുമില്ലാതെ കുറെപ്പേർക്ക് ഇവിടെ കഴിയുന്നെങ്കിൽ അത് കേരള സമൂഹം അനിവാര്യമായ ഒരു തകർച്ചയിലേയ്ക്ക് പതിക്കുന്നതിന്റെ സൂചനയാണെന്ന് തീർച്ച.
അടുത്തെത്തിയ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ ഉയർന്ന ജനരോഷത്തെ മയപ്പെടുത്താനായി പൊള്ളയായ വാക്കുകൾ പറഞ്ഞ ഒരു കപട രാഷ്ട്രീയക്കാരന് മാധ്യമങ്ങൾ ഇത്രമാത്രം വാർത്താ പ്രാധാന്യം നൽകുന്നതും, ആത്മാർത്ഥതയില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകൾക്ക് "ശരിയായ വിശദീകരണം" എന്ന ഭാഷ്യം നൽകുന്നതും മാധ്യമങ്ങളുടെ കാപട്യത്തെയാണ് വെളിപ്പെടുത്തുന്നത്. താൻ പറഞ്ഞുപോയതിൽ ഖേദിക്കുന്നെങ്കിൽ ഇപ്രകാരമായിരുന്നില്ല സാദിഖ് അലി തങ്ങൾ പ്രതികരിക്കേണ്ടിയിരുന്നത്.
ഇന്നത്തെ കേരള രാഷ്ട്രീയത്തിന്റെ പൊള്ളത്തരവും സ്ഥാപിത താല്പര്യങ്ങളുടെ സ്വാധീനവുമാണ് ഈ സംഭവം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നത്. ഇത്തരം രോഗാതുരവും ആപൽക്കരവുമായ നിലപാടുകൾ തിരുത്തപ്പെടാൻ തയ്യാറാവുക എന്നാണ് കേരളത്തിലെ മതേതര സമൂഹത്തിനും കത്തോലിക്കാ സഭയ്ക്കും രാഷ്ട്രീയ നേതൃത്വങ്ങളോടും സാംസ്‌കാരിക നേതാക്കളോടും ആവശ്യപ്പെടാനുള്ളത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക