Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ലിയോപോൾഡ് മാൻഡിച്ച്

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 08-03-2021 - Monday

“വിശ്വാസം, നിങ്ങൾക്കു വിശ്വാസം ഉണ്ടാകട്ടെ, ദൈവം വൈദ്യനും ഔഷധവുമാണ്!”

വിശുദ്ധ ലിയോപോൾഡ് മാൻഡിച്ച് (1866–1942)

ക്രോയേഷ്യയിൽ ജനിച്ച ലിയോപോൾഡ് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയിലെ ഒരു വൈദീകനായിരുന്നു. ഉച്ചത്തിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ പരസ്യമായ വചന പ്രഭാഷണങ്ങൾ നടത്താൻ ലിയോപോൾഡച്ചൻ ക്ലേശിച്ചിരുന്നു. വർഷങ്ങളോളം സന്ധിവാതം, കാഴ്ചക്കുറവ്, ഉദരരോഗം എന്നിവയ്ക്കു അദ്ദേഹത്തെ അലട്ടിയിരുന്നു.

നിരവധി വർഷങ്ങൾ തൻ്റെ പ്രോവിൻസിലെ അച്ചന്മാര സഭാപിതാക്കന്മാരെ കുറിച്ചു പഠിപ്പിച്ചിരുന്ന ലിയോപോൾഡ് അച്ചൻ നല്ല ഒരു കുമ്പസാരക്കാരനെന്ന നിലയിലാണ് കൂടുതൽ അറിയപ്പെട്ടിരുന്നത്. ചില ദിവസങ്ങളിൽ പതിമൂന്നു മുതൽ പതിനഞ്ചു മണിക്കൂറുകൾ ലിയോപോൾഡച്ചൻ കുമ്പസാരക്കൂട്ടിൽ ചിലവഴിച്ചിരുന്നു. ജോൺ പോൾ ഒന്നാമൻ മാർപാപ്പ സെമിനാരിക്കാരനായിരുന്നപ്പോൾ ലിയോ അച്ചൻ്റെ അടുക്കൽ കുമ്പസാരിച്ചിരുന്നു.

ഓർത്തഡോക്സുസഭയെ കത്തോലിക്കാ സഭാ കൂട്ടായ്മയിലേക്കു കൊണ്ടുവരാൻ അത്യധികം ആഗ്രഹമുണ്ടായിരുന്നതിനാൽ അവരുടെ ഇടയിൽ പ്രവർത്തിക്കാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും അനോരാഗ്യം മൂലം അതു സാധിച്ചില്ല. സഭകളുടെ ഐക്യം എന്നും ലിയോപോൾഡച്ചൻ്റെ പ്രാർത്ഥനയുടെ ഒരു മുഖ്യവിഷയമായിരുന്നു .

1906 ൽ ഇറ്റലിയിലെ പാദുവായിലെത്തിയ ലിയോപോൾഡച്ചൻ തൻ്റെ മരണം വരെ (1942 ജൂലൈ 30) കപ്പൂച്ചിൻ ആശ്രമത്തിൽ കഴിഞ്ഞു. ക്രോയേഷ്യൻ പൗരത്വം ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഒന്നാം ലോകമഹായുദ്ധകാലത്തു ഒരു വർഷം ഇറ്റലിയിൽ ജയിൽ വാസം അനുഷ്ഠിക്കേണ്ടി വന്നു. കുമ്പസാരത്തിൻ്റെയും സഭൈക്യയത്തിൻ്റെയും അപ്പസ്തോലൻ എന്നറിയപ്പെടുന്ന ലിയോപോൾഡച്ചനെ 1983 ഒക്ടോബർ പതിനാറാം തീയതി വിശുദ്ധപദവിയിലേക്ക് ഉയർത്തി.

വിശുദ്ധ ലിയോപോൾഡ് മാൻഡിച്ചിനോപ്പം പ്രാർത്ഥിക്കാം

വിശുദ്ധ ലിയോപോൾഡേ, നിൻ്റെ അചഞ്ചലമായ ദൈവ വിശ്വാസം നിമിത്തം അനേകർക്കു സൗഖ്യവും സ്വാന്തനവും നൽകുവാൻ നിനക്കു സാധിച്ചുവല്ലോ. വിശുദ്ധമായ ഈ നോമ്പുകാലത്ത് അചഞ്ചലമായ ദൈവ വിശ്വാസത്തിൽ ആഴപ്പെടാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.

More Archives >>

Page 1 of 24