Social Media - 2024
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ കത്രീന ഡെക്സലർ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 12-03-2021 - Friday
"ദിവ്യകാരുണ്യം ഒരിക്കലും അവസാനിക്കാത്ത ബലിയാണ്. അതു സ്നേഹത്തിൻ്റെ കൂദാശയും, അത്യുന്നത സ്നേഹവും സ്നേഹ പ്രവർത്തിയുമാണ് " - വിശുദ്ധ കത്രീന ഡെക്സലർ (1858-1955).
അമേരിക്കയിൽ ജനിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട രണ്ടാമത്തെ വ്യക്തിയാണ് സി. കത്രീന ഡെക്സലർ 1858 നവംബർ ഇരുപത്താറാം തീയതി ഫിലാഡെൽഫിയായിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചു. കത്രീനയുടെ ജനനത്തിനു ഏതാനും ആഴ്ചകൾക്കുള്ളിൽ അമ്മ മരണമടഞ്ഞു. രണ്ടാനമ്മയും വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം അരമണിക്കൂർ തനിയെ പ്രാർത്ഥിക്കുന്ന പിതാവ് ഫ്രാൻസീസ് ആൻ്റണിയുടെ മാതൃക കണ്ടാണ് കത്രീന വളർന്നത്. എല്ലാ ആഴ്ചയിലും രണ്ടാനമ്മ പാവപ്പെട്ടവർക്കു ഭക്ഷണവും ധനപരമായ സംഭാവനയും നൽകിയിരുന്നു.
1887 ൽ കത്രീനയും സഹോദരിയും പതിമൂന്നാം ലെയോ മാർപാപ്പയെ സന്ദർശിച്ചപ്പോൾ ആഫ്രിക്കൻ അമേരിക്കരുടെ ഇടയിൽ ശുശ്രൂഷ ചെയ്യാൻ മിഷനറിമാരെ അയയ്ക്കാൻ ഒരു നിർദേശം മുന്നോട്ടുവച്ചു. സ്വയം ഒരു മിഷനറിയായി അവരുടെ ഇടയിൽ ശുശ്രൂഷ ചെയ്യാൻ മാർപാപ്പ കത്രീനയോടു ആവശ്യപ്പെട്ടു.രണ്ടു വർഷത്തിനു ശേഷം കത്രീന 1889 കാരുണ്യത്തിൻ്റെ സഹോദരിമാർ എന്ന സന്യാസസഭയിൽ പ്രവേശിച്ചു 1891 പ്രഥമ വ്രതവാഗ്ദാനം നടത്തി. അമേരിക്കയിലെ ആഫ്രിക്കൻ വംശജരുടെ ഇടയിൽ പ്രവർത്തിക്കാനായി കത്രീന Sisters of the Blessed Sacrament for Indians and Colored, എന്ന സന്യാസസഭയ്ക്കു രൂപം നൽകി . മുപ്പത്തിമൂന്നു വയസു മുതൽ 1955 മരിക്കുന്നനതുവരെ ആഫ്രിക്കൻ വംശജരുടെ ഇടയിലാണ് മദർ കത്രീനാ പ്രവർത്തിച്ചിരുന്നത്.
1915 ൽ അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ആഫ്രിക്കൻ അമേരിക്കകകാർക്കു വേണ്ടിയുള്ള ആദ്യ കത്തോലിക്കാ സർവ്വകലാശാലയായ, സേവ്യർ യൂണിവേഴ്സിറ്റി ( Xavier University in New Orleans) സ്ഥാപിച്ചു 1955 മാർച്ചുമാസം മൂന്നാം തീയതി 96-ാംാം വയസ്സിൽ മദർ കത്രീന നിര്യാതയായി. ജോൺ പോൾ രണ്ടാമൻ പാപ്പ കത്രീനയെ 1988 നവംബർ 20 നു വാഴ്ത്തപ്പെട്ടവളായും 2000 ഒക്ടോബർ ഒന്നിനു വിശുദ്ധയായും പ്രഖ്യാപിച്ചു.
വിശുദ്ധ കത്രീനയോടൊപ്പം പ്രാർത്ഥിക്കാം
വിശുദ്ധ കത്രീനായേ, ദിവ്യകാരുണ്യത്തിൻ്റെ വലിയ ഭക്തയായ നിന്നെ അനുകരിച്ച് നോമ്പുകാലത്തു വിശുദ്ധ കുർബാനയിലെ ഈശോയെ കൂടുതൽ സ്നേഹിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ