Seasonal Reflections - 2024
ജോസഫ് - ക്ഷമയുടെ പാഠപുസ്തകം
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 13-03-2021 - Saturday
വിശുദ്ധ യൗസേപ്പ് ക്ഷമയുടെ മനുഷ്യനായിരുന്നു അതിനു പ്രധാന കാരണം യൗസേപ്പ് ഹൃദയത്തിൽ എളിമയുള്ളവനായിരുന്നു എന്നതാണ്. ആത്മ സ്നേഹത്തിൻ്റെ (self-love) പ്രലോഭനങ്ങൾക്ക് അവൻ വഴങ്ങിയില്ല. നമ്മുടെ അക്ഷമയുടെ അടിസ്ഥാന കാരണം അതിരുകടന്ന ആത്മ സ്നേഹമാണ്. ദൈവകൃപയോടു വിശ്വസ്തനായിരുന്നതിനാൽ ക്ഷമ പരിശീലിക്കാൻ യൗസേപ്പിനു എളുപ്പം സാധിച്ചു. ദൈവം അനുവദിക്കാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുകയില്ലന്ന ബോധ്യം എണ്ണമറ്റ പരീക്ഷണങ്ങൾ ക്ഷമയോടെ സഹിക്കാൻ അവനു കരുത്തു പകർന്നു.
ക്ഷമയുടെ മാധുര്യം നുകരാൻ ആഗ്രഹിക്കുന്നവർക്കുള്ള പുസ്തകമാണ് യൗസേപ്പിതാവിൻ്റെ ജീവിതം. സ്വന്തം ഇഷ്ടാനങ്ങളെ ഉപേക്ഷിക്കുന്ന വിധത്തില്‍ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയ ഈശോയുടെ വളർത്തു പിതാവ് ക്ഷമയുടെ അത്യന്തികമായ പ്രതിഫലം സ്വർഗ്ഗമാണന്നു നമ്മളെ കാട്ടിത്തരുന്നു.
അനുദിന ജീവിതത്തിന് ഏറ്റവും ആവശ്യമായ പുണ്യമാണ് ക്ഷമ. ഇന്നത്തെ പല കുടുംബ- സമൂഹ പ്രശ്നങ്ങളുടെ കാരണം ക്ഷമയുടെ അപര്യാപ്തതയാണ്. നമ്മെ സ്നേഹിക്കുന്നവരോടും സഹവസിക്കുന്നവരോടും മാത്രം പ്രകടിപ്പിക്കേണ്ട പുണ്യമല്ല ക്ഷമ. അതു ഏതു സാഹചര്യത്തിലും ജീവിതത്തിൻ്റെ താളവും നാദവുമായി മാറണം അപ്പോൾ നമ്മുടെ ജീവിതവും യൗസേപ്പിതാവിൻ്റെതുപോൽ അനുഗ്രഹീതമാകും.