Seasonal Reflections - 2024
ജോസഫ് - ദാരിദ്രത്തിന്റെ സുഹൃത്ത്
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 25-03-2021 - Thursday
വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനിയിലെ മറ്റൊരു അഭിസംബോധനയാണ് ദാരിദ്രത്തിൻ്റെ സുഹൃത്തേ (Amator paupertatis) എന്നത്. ബെത്ലേഹമിലെ കാലിതൊഴുത്തിലെ ഈശോയുടെ ജനനവും തിരുക്കുടുംബത്തിൻ്റെ ഈജിപ്തിലേക്കുള്ള പലായനവും ദൈവഹിതം നിറവേറ്റുന്നതിനായി കഷ്ടതകളും സഹനങ്ങളും സ്വമേധയാ സ്വീകരിച്ചതുമെല്ലാം ആത്മാവിലുള്ള ദാരിദ്രത്തെ യൗസേപ്പിതാവ് സ്നേഹിച്ചതുകൊണ്ടാണ്. ദൈവതിരുമുമ്പിൽ ദരിദ്രനാകുന്നവൻ അന്തസ്സു നഷ്ടപ്പെടുത്തില്ലന്നു യൗസേപ്പിതാവു ഉറപ്പു തരുന്നു.
ഒരു മരപ്പണിക്കാരനെന്ന നിലയിൽ കുടുംബത്തെ പട്ടിണിക്കിടാൻ യൗസേപ്പ് സമ്മതിച്ചില്ല. ആർഭാടങ്ങളിലല്ല സ്വയ സമർപ്പണത്തോടു കൂടിയ പങ്കുവയ്പിലാണ് കുടുംബത്തിലെ യാർത്ഥ സന്തോഷം സ്ഥിതി ചെയ്യുന്നതെന്ന് നസറത്തിലെ ദരിദ്രനായ കുടുംബനാഥൻ നമ്മെ പഠിപ്പിക്കുന്നു. ദൈവ തിരുമുമ്പിലുള്ള ദാരിദ്യം, ലാളിത്യവും വ്യക്തിപരമായ കടുപിടുത്തം ഇല്ലാത്തതുമായ ജീവിതാവസ്ഥയാണ്. ദൈവമാണ് അഭയവും അശ്രയവും എന്ന ബോധ്യത്തിൽ നന്ദിയുള്ള ഹൃദയത്തോടു കൂടിയ ഒരു മനോഭാവമാണിത്. ദൈവത്തെ സമ്പത്തായി കരുതുന്നവൻ ഭൂമിയിലെ ഇല്ലായ്മകൾ സ്വർഗ്ഗത്തിലേക്കുള്ള ഗോവണി പടികളാക്കുന്നു.
ദൈവം മനസ്സിൽ നിറയുന്നവനു പാവപ്പെട്ടവരെ കാണാനും അവരെ സഹായിക്കുവാനും സവിശേഷമായ ഒരു കഴിവുണ്ട്, ആ സിദ്ധിയിലേക്കും ദാരിദ്യത്തിൻ്റെ സുഹൃത്തായ യൗസേപ്പിതാവ് നമ്മെ വഴി നടത്തുന്നു.