India - 2025

അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

പ്രവാചക ശബ്ദം 17-04-2021 - Saturday

കൊച്ചി: കേരള കത്തോലിക്ക സഭയിലെ പ്രമുഖ അല്‍മായ നേതാവായ അഡ്വ ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. സീറോ മലബാര്‍ സഭയുടെ വിവിധ അല്മായ നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജോസ് വിതയത്തിലിന്റെ വിയോഗം കത്തോലിക്കാ സമൂഹത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ സഭയ്ക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ഥ സേവകനും പൊതുസമൂഹത്തിന് മാതൃകയുമായ അല്‍മായ നേതാവിനെയാണെന്ന് സീറോ മലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

സമൂഹത്തിന്റെ മുഖ്യധാരയില്‍ വിവിധ തലങ്ങളിലായി വിശിഷ്ടമായ സേവനങ്ങള്‍ ചെയ്ത മഹനീയ വ്യക്തിത്വമാണ് ജോസ് വിതയത്തില്‍. അദ്ദേഹത്തിന്റെ നിസ്വാര്‍ഥവും വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചതും തുറവിയുള്ളതുമായ സമീപനം അതിശയിപ്പിക്കുന്നതായിരുന്നുവെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ജോസ് വിതയത്തിലിന്റെ വേര്‍പാട് സഭയ്ക്കും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അനുസ്മരിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നതുള്‍പ്പെടെ സമുദായ സേവനരംഗത്ത് അദ്ദേഹം നല്‍കിയ നേതൃപരമായ പങ്ക് അവിസ്മരണീയമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.

വിവിധ ക്രൈസ്തവ സംഘടനാ നേതാക്കളും അഡ്വ ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ലത്തീന്‍ സമുദായ വക്താവ് ഷാജി ജോര്‍ജ്, കെസിബിസി പ്രൊലൈഫ് സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, സീറോ മലബാര്‍ മാതൃവേദി സെക്രട്ടറി ഡോ. കെ.വി. റീത്താമ്മ, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റുമാരായ ഫ്രാന്‍സിസ് മൂലന്‍, അഡ്വ പി.പി. ജോസഫ്, ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍, സംസ്ഥാന സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സൈബി അക്കര, സിബി മുക്കാടന്‍, ചങ്ങനാശേരി പിതൃവേദി അതിരൂപതാ പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ അനുശോചിച്ചു.


Related Articles »